കോവിഡ് മുന്നറിയിപ്പ് ലംഘിച്ച് ചാണകമെറിഞ്ഞ്  ആയിരങ്ങൾ തെരുവിൽ !

ആന്ധ്രാ കർണൂൽ ജില്ലയിലെ കൈരൂപ്പ ഗ്രാമത്തിൽ  “പെഡ്ഡനുഗുലാട്ട” എന്നറിയപ്പെടുന്ന ഉത്സവച്ചടങ്ങാണ് യാതൊരുവിധ സുരക്ഷാസംവിധാനങ്ങളുമില്ലാതെ   ഏപ്രിൽ 14 ബുധനാഴ്ച  കൊണ്ടാടിയത്. വരുന്ന 27 മുതൽ 30 വരെ ഹരിദ്വാറിൽ നടക്കാനിരിക്കുന്ന കുംഭമേളയ്ക്കു ശേഷം രോഗത്തിന്റെ സാംക്രമികത എത്രയാകുമെന്ന്  ആരോഗ്യപ്രവർത്തകർ ആശങ്കപ്പെടുമ്പോൾ ഇത്തരം കൂട്ടം ചേരലുകളും അതുപോലെ തന്നെ അപകടം പിടിച്ചതാണ്. ചാണകം പരസ്പരം എറിയുന്നത് ചടങ്ങിന്റെ ഭാഗമാണ്.

വീഡിയോയിൽ നിരവധി വൃദ്ധജനങ്ങളെയും കാണാം എന്നതാണ് ഏറെ ദയനീയം. മുന്നറിയിപ്പുകൾ അവഗണിച്ചാണ് അധികൃതർ ഉത്സവത്തിന് അനുമതി നൽകിയത്.

പ്രാദേശികമായ ഒരു ഐതിഹ്യമാണ് ഇതിനുപിന്നിൽ.  ലിംഗായത്ത് സമുദായക്കാരനായ  വീരഭദ്രസ്വാമി കലികാദേവി എന്ന  ദളിത് യുവതിയെ പ്രണയിച്ചതിന്റെ ഓർമ്മയാണ് ചടങ്ങ്. ലിംഗായത്തുകളും റെഡ്ഢിമാരും മുസ്ലിങ്ങളും വീരഭദ്രനു വേണ്ടി ഒരു ഭാഗത്തും ദളിതരും കുറുമരും യാദവരും കലികാ ദേവിക്കു വേണ്ടി മറുഭാഗത്തും നിന്നുകൊണ്ട് പരസ്പരമാണ് ചാണകവറളികൾ  എറിയുക. ഒടുവിൽ പുരോഹിതന്മാർ ഇരു മൂർത്തികളുടെയും വിവാഹം നടത്തുകയും ചെയ്യുന്നു.