'വിവാദം ഞാനുണ്ടാക്കിയതല്ല; മിണ്ടാതിരിക്കാന്‍ ഞങ്ങള്‍ കിന്റര്‍ഗാര്‍ട്ടനിലെ കുട്ടികളല്ലല്ലോ'; ആരോടും അമര്‍ഷമില്ലെന്ന് ശശി തരൂര്‍

കോണ്‍ഗ്രസിലെ ഒരു നേതാവിനോടും തനിക്ക് അമര്‍ഷമില്ലെന്നും ആരെ കുറിച്ചും കുറ്റം പറഞ്ഞിട്ടില്ലന്നും ശശി തരൂര്‍ എംപി. അതിനാല്‍ തന്നെ ഏതു നേതാക്കളുമായി സംസാരിക്കാന്‍ ബുദ്ധിമുട്ടില്ല. താനൊരു വിവാദവും ഉണ്ടാക്കിയിട്ടില്ല. നിലവിലെ വിവാദം താന്‍ ഉണ്ടാക്കിയതല്ല. എല്ലാ പരിപാടികളും ഡി.സി.സിയോട് ആലോചിച്ചാണ് നടത്തുന്നത്. വിവാദങ്ങളില്‍ കെ.പി.സി.സി അച്ചടക്ക സമിതി ഇതുവരെ ഇടപെട്ടിട്ടില്ലെന്നും തരൂര്‍ അറിയിച്ചു.

ആരോഗ്യ കാരണങ്ങളാലാണ് കോണ്‍ക്ലേവില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ പങ്കെടുക്കാത്തതെന്നും അദേഹം പറഞ്ഞു. കെ സുധാകരന്‍ കോണ്‍ക്ലേവ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത ശേഷമാണ് തരൂര്‍ സംസാരിച്ചത്. പ്രൊഫഷണലുകളുടെ കൂട്ടായ്മ പ്രതീക്ഷ നല്‍കുന്നതാണ്. പ്രൊഫഷണലുകള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് നല്ലതാണെന്ന് കോണ്‍ഗ്രസ് കരുതുന്നു. വിവിധ വിഷയങ്ങളില്‍ ഇടപെട്ട് ജനത്തെ ബോധവത്കരിക്കാന്‍ പ്രൊഫഷണല്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. കൊവിഡ് സമയത്തുള്‍പ്പെടെ ഇത് വ്യക്തമായതാണ്. ഉയര്‍ന്നുവരുന്ന വെല്ലുവിളികളോട് ഇടപെടാന്‍ പ്രൊഫഷണലുകള്‍ പ്രാപ്തരാണ്. അതിനുള്ള നേതൃപരമായ പങ്ക് വഹിക്കുന്നവരെ കെപിസിസി അഭിനന്ദിക്കുന്നു. നിങ്ങള്‍ക്കൊപ്പം കെപിസിസി ഉണ്ടാകുമെന്നും കെ സുധാകരന്‍ പറഞ്ഞു.

Read more

നേരിട്ടു കാണുമ്പോള്‍ വിഡി സതീശനുമായി സംസാരിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, സംസാരിക്കാതിരിക്കാന്‍ ഞങ്ങള്‍ കിന്റര്‍ ഗാര്‍ട്ടനിലെ കുട്ടികളല്ലല്ലോ എന്നാണ് തരൂര്‍ മറുപടി നല്‍കിയത്. എല്ലാവരേയും കാണാനും സംസാരിക്കാനും എനിക്കൊരു ബുദ്ധിമുട്ടുമില്ല. എന്തെങ്കിലും ബുദ്ധിമുട്ടോ തെറ്റിദ്ധാരണയോ ഉള്ളതായി താരിഖ് അന്‍വര്‍ എന്നോട് പറഞ്ഞിട്ടില്ല. എന്റെ അറിവില്‍ എല്ലാം നന്നായി നടക്കുന്നുണ്ട്. എന്റെ ഭാഗത്തുനിന്നും പാര്‍ട്ടിയെക്കുറിച്ച് എന്തെങ്കിലും മോശം വാക്കുകള്‍ ഉണ്ടായിട്ടില്ല. എന്താണ് പ്രശ്നം എന്ന് എനിക്ക് മനസിലായിട്ടില്ല. വിവാദം നടക്കുന്നു എന്ന് പറയുന്നു. എന്റെ ഭാഗത്തുനിന്ന് വിവാദമോ അമര്‍ഷമോ ആരോപണമോ ഉണ്ടായിട്ടില്ല. തെറ്റ് ഉണ്ടായാലേ നോട്ടീസ് നല്‍കേണ്ടതുള്ളൂ. തനിക്ക് ഇതുവരെ ഒരു നോട്ടീസും ലഭിച്ചിട്ടില്ലെന്നും തരൂര്‍ പറഞ്ഞു.