ഓസ്ട്രേലിയയെ പിടിച്ചുകുലുക്കി പാര്‍ലമെന്റിനുള്ളിലെ വേഴ്ചാ ക്ലിപ്പുകള്‍ പുറത്ത് !

ദൃശ്യങ്ങള്‍ പങ്കുവെക്കാന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ ഫെയ്സ്ബുക്ക് ഗ്രൂപ്പുണ്ടാക്കി

ഓസ്‌ട്രേലിയയെ ലോകത്തിന് മുന്നില്‍ നാണംകെടുത്തുന്ന വാര്‍ത്തകളാണ് അവരുടെ പാര്‍ലമെന്റിനെ ചുറ്റിപറ്റി പുറത്ത് വരുന്നത്. ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് ഹൗസിനുള്ളില്‍ നടന്ന ലൈംഗീക കേളികളുടെ ക്ലിപ്പുകളാണ് പുറത്തായത്. മാത്രമല്ല ക്ലിപ്പുകള്‍ പങ്കുവെയ്ക്കുന്നതിന് ഫെയ്സ്ബുക്ക് ഗ്രൂപ്പു വരെ ഉണ്ടായിരുന്നത്രെ. ഇതോടെ സംഭവത്തെ “ഞെട്ടിക്കുന്നതും വെറുപ്പുളവാക്കുന്നതുമാ”ണെന്ന് വിശേഷിപ്പിച്ച് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ തന്നെ രംഗത്തെത്തി.

പാര്‍ലമെന്റ് സ്റ്റാഫിനിടയില്‍ പ്രചരിച്ച ഫെയ്സ്ബുക്ക് ക്ലിപ്പുകളുടെ വിവരം “ചാനല്‍ ടെന്‍” എന്ന മാധ്യമം പുറത്തു വിട്ടപ്പോള്‍ ലജ്ജാകരം എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. പാര്‍ലമെന്റിനുള്ളിലെ പ്രാര്‍ത്ഥനാമുറിയടക്കം  പാര്‍ലമെന്റ് അംഗങ്ങളും പാര്‍ലമെന്റ് ഉദ്യോഗസ്ഥരും വേഴ്ചയ്ക്കായി ഉപയോഗിച്ചിരുന്നു എന്നും ഘടകകക്ഷി അംഗങ്ങളുടെ “സന്തോഷത്തിനായി” ഇവിടെ ലൈംഗികത്തൊഴിലാളികളെ എത്തിച്ചിരുന്നു എന്നും തെളിയിക്കുന്ന ക്ലിപ്പുകള്‍ ഒരു വ്യക്തി പുറത്തു വിട്ടതിനെ തുടര്‍ന്നായിരുന്നു പ്രതികരണം. അതിനുള്ളിലെടുത്ത ചിത്രങ്ങള്‍ പാര്‍ലമെന്റ് സ്റ്റാഫ് നിത്യമായി കൈമാറുന്നു എന്നുമാണ് പേരു വെളിപ്പെടുത്താത്ത വ്യക്തി പുറംലോകത്തെ അറിയിച്ചത്.  .

പ്രതിരോധ വ്യവസായ മന്ത്രിയുടെ ഓഫീസിനുള്ളില്‍ വെച്ച് ഒരു സഹപ്രവര്‍ത്തകന്‍ തന്നെ ബലാല്‍ക്കാരം ചെയ്തു എന്ന് ബ്രിട്ട്‌നി ഹിഗ്ഗിന്‍സ് എന്ന പാര്‍ലമെന്റ് സ്റ്റാഫര്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ഭരണമുന്നണിയായ ലിബറല്‍- നാഷണല്‍ സഖ്യം കഴിഞ്ഞ ആഴ്ചകളില്‍ത്തന്നെ പ്രതിരോധത്തിലാണ്. അറ്റോര്‍ണി ജനറലായ ക്രിസ്റ്റിയന്‍ പോര്‍ട്ടര്‍ തന്നെ ബലാത്കാരം ചെയ്തു എന്ന മറ്റൊരു സ്ത്രീയുടെ പരാതിയും നിലനില്‍ക്കെയാണിത്. തീര്‍ത്തും അരോചകവും സ്ത്രീകളുടെ ആത്മവിശ്വാസം കെടുത്തുന്നതുമായ പ്രസ്തുത സംഭവങ്ങളെ തുടര്‍ന്ന് തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ സംരക്ഷിക്കപ്പെടേണ്ടതിന് പുതിയ തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. വനിതാ ക്ഷേമവകുപ്പ് മന്ത്രി മാരിസ് പൈന്‍ , കാബിനറ്റ് മന്ത്രി കാരന്‍ ആന്‍ഡ്രുസ് തുടങ്ങിയവരും രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.

ഈ സംഭവങ്ങളെ തുടര്‍ന്നാണ് ഗ്രീന്‍ പാര്‍ട്ടി അംഗമായ ലിഡിയ തോര്‍പ്പെ തനിക്ക് ചില സഭാംഗങ്ങളില്‍ നിന്നുണ്ടായ മോശം അനുഭവങ്ങളെ കുറിച്ച് പുറത്തുവിട്ടത്. തനിക്ക് പാര്‍ലമെന്റ് ഭവനത്തിലെ കോറിഡോറുകളില്‍ നടക്കാന്‍ ഭയമാണെന്നാണ് ലിഡിയ പറഞ്ഞത്. ” ഈ പുരുഷന്മാരാണ് നിയമം നിര്‍മ്മിക്കുന്നത്. അവര്‍ തന്നെ അത് ലംഘിക്കുകയും ചെയ്യുന്നു, അതും ശാരീരികമായി. ഇത് ലൈംഗികമായി അടിമത്തം സൃഷ്ടിക്കാനുള്ള ശ്രമമാണ്. വ്യക്തിത്വത്തോടുള്ള കടന്നാക്രമണമാണ്. ഇതെന്നെ ശാരീരികമായിത്തന്നെ തളര്‍ത്തിയിരിക്കുന്നു”. അവര്‍ ട്വിറ്ററില്‍ കുറിച്ചു.

Read more

ഭരണകക്ഷിക്കെതിരെ ആരോപണമുന്നയിക്കാനാകട്ടെ ഇതേ കാരണങ്ങളാല്‍ പ്രതിച്ഛായ നഷ്ടപ്പെട്ട ഓസ്‌ട്രേലിയൻ ലേബർ പാർട്ടി നേതൃത്വം കൊടുക്കുന്ന പ്രതിപക്ഷത്തിനും കഴിയാത്ത അവസ്ഥയാണ് മറ്റൊരു വസ്തുത. പുരുഷ സഹപ്രവര്‍ത്തകരുടെ ചെയ്തികളെ കുറിച്ച് പ്രതിപക്ഷ വനിതാഅംഗങ്ങളുടെ നിരവധി വെളിപ്പെടുത്തലുകളാണ് ഫെയ്സ്ബുക്ക് വഴി പുറത്തു വന്നത്.