ഓങ് സാന്‍ സൂചിക്കായി വിമാനം റാഞ്ചിയ പ്രക്ഷോഭകാരി ഒളിവില്‍

മ്യാന്‍മറില്‍ സൈന്യം വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി നേതാവ്  ഓങ് സാൻ സൂചിയുടെ മോചനം ആവശ്യപ്പെട്ട് 1990 നവംബറിൽ തായ് വിമാനം തട്ടിയെടുത്ത സോ മിന്റ് പട്ടാള നടപടികളെ തുടർന്ന് ഒളിവിൽ. സൂചിയുടെ  അനുകൂലിയും ‘മിസ്സിമ’ (www.mizzima.com) എന്ന മാധ്യമ സ്ഥാപനത്തിന്റെ സ്ഥാപകനും തലവനുമായ സൊ മിന്റിനെക്കുറിച്ച് ഇക്കഴിഞ്ഞ ഫെബ്രുവരി 9-നു ശേഷം വിവരങ്ങളൊന്നുമുണ്ടായിരുന്നില്ല. സൊ മിന്റ് രാജ്യത്തിനുള്ളിൽ തന്നെ ഒളിവിൽ കഴിയുന്നതായാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

1988 -ൽ സൂചിക്കു വേണ്ടി പ്രക്ഷോഭം നടത്തിയിരുന്ന റംഗൂൺ യൂണിവേഴ്സിറ്റിയിലെ  വിദ്യാർത്ഥികളിൽ  പട്ടാളക്കാരുടെ കണ്ണുവെട്ടിച്ച് ബർമീസ്- തായ് അതിർത്തിയിലെ  കാരെനുകൾ എന്ന ഗോത്രവർഗ്ഗക്കാരുടെ സംരക്ഷണയിൽ ഒളിവിൽ കഴിഞ്ഞിരുന്ന രണ്ടുപേരിൽ ഒരാളാണ് സൊ മിന്റ് .  പിന്നീട്  തായ്‌ലൻഡിൽ പ്രവേശിച്ച ഇവർ 1990 നവംബറിൽ 10 -ന് തായ് എയർവെയ്‌സിന്റെ TG305 വിമാനം തട്ടിയെടുത്ത് കൽക്കത്തയിലിറക്കുകയായിരുന്നു.  പശ്ചിമബംഗാൾ പൊലീസിന് കീഴടങ്ങിയ വിദ്യാർത്ഥികൾ തങ്ങളതു ചെയ്തത്  രാജ്യത്തെ പ്രശ്നങ്ങളിലേക്ക്  ആഗോള സമൂഹത്തിന്റെ ശ്രദ്ധ തിരിക്കാൻ വേണ്ടിയാണെന്നു വെളിപ്പെടുത്തി. ലോകമാകെ വിഷയം ചർച്ചയാവുകയും അന്താരാഷ്ട്ര സമൂഹം ഇടപെടുകയും ചെയ്തതോടെ അവരുടെ ഉദ്ദേശ്യം നടന്നു എന്നുതന്നെ പറയാം.

സൈനിക നടപടികളെ തുടർന്ന് രാജ്യം വിടേണ്ടിവന്ന പല വിദ്യാർത്ഥി നേതാക്കളും പാശ്ചാത്യ രാജ്യങ്ങളിലും ഓസ്‌ട്രേലിയയിലുമാണ്  എത്തിച്ചേർന്നതെങ്കിലും സൊ മിന്റ് തന്റെ ഭാര്യ തിൻ തിൻ ഓങ്ങിനൊപ്പം ഇന്ത്യയിലാണ് അഭയം തേടിയത്.  അവരൊരുമിച്ചാണ് മിസ്സിമ എന്ന ന്യൂസ് സർവീസ് തുടങ്ങുന്നത്. ഒരു മൾട്ടിമീഡിയ ന്യൂസ് ഓർഗനൈസേഷനായി വളർന്ന് 2007 ൽ ഇന്റർ നാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ അവാർഡ് വരെ നേടിയ  മിസ്സിമ  ഓങ്‌സാൻ സുചി  അധികാരത്തിലെത്തിയതോടെ 2012- ൽ സ്വന്തം നാട്ടിലേക്ക് മടങ്ങി.  ഇന്ത്യയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ പ്രസാർ ഭാരതിയുമായി കരാറിലേർപ്പെടുന്ന ആദ്യ സ്വകാര്യ വിദേശമീഡിയയാണ് മിസ്സിമ.

ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിന് അട്ടിമറിയിലൂടെ അധികാരം പിടിച്ചടക്കിയ  ആർമി ജനറൽ മിൻ ലൈങ്ങിന്റെ  സൈന്യം ആദ്യം ചെയ്തത് മിസ്സിമ അടക്കമുള്ള അഞ്ച് മാധ്യമങ്ങൾ അടച്ചു പൂട്ടുകയായിരുന്നു. എന്നാൽ പിന്നീടും വാർത്തകൾ പ്രത്യക്ഷപ്പെട്ടതോടെ മാർച്ച് ഒൻപതിന് ഓഫീസ് റെയ്ഡ് ചെയ്ത സൈന്യം കയ്യിൽ കിട്ടിയതെല്ലാം വാരിക്കെട്ടി കൊണ്ടു പോകുകയും ചെയ്തു. എന്നാൽ പട്ടാള അട്ടിമറി നടന്നപ്പോൾ തന്നെ വരാനിരിക്കുന്ന പ്രശ്നം മുൻകൂട്ടികണ്ട് സൊ മിന്റ് എല്ലാം വിവിധയിടങ്ങളിലേക്ക് മാറ്റിയിരുന്നു. രാജ്യത്തെ വിവിധ ഒളിത്താവളങ്ങളിലിരുന്ന് അവർ വാർത്തകൾ പുറത്തു വിട്ടുകൊണ്ടിരിക്കുന്നുണ്ട്.

റോഹിംഗ്യകൾക്ക് എതിരെയുള്ള സൈനിക നീക്കങ്ങളിൽ പ്രതികരിക്കാൻ തയ്യാറാകാത്ത  ഓങ്‌സാൻ സൂചിക്കെതിരെ ലോകമെമ്പാടുനിന്നും പ്രതിഷേധങ്ങളും ആരോപണങ്ങളുമുയരുകയും  1991-ൽ അവർക്കു നൽകിയ സമാധാനത്തിനുള്ള നോബൽ സമ്മാനം അസാധുവാക്കണം എന്നുള്ള  അഭിപ്രായങ്ങളും വരെ ഉയർന്നിരുന്നു. എന്നാൽ ഭരണഘടന പ്രകാരം മ്യാന്മർ പാർലമെന്റായ ഹൗസ് ഓഫ് റെപ്രസേന്റീറ്റീവ്സിൽ  25% പ്രാതിനിധ്യം കയ്യാളുന്ന,  വിമർശനത്തോട് അല്പം പോലും സഹിഷ്ണുത കാട്ടാത്തതുമായ  സൈന്യത്തിന്റെ സാന്നിദ്ധ്യം  എത്ര അപകടം പിടിച്ചതാണെന്നുള്ള വസ്തുത  വ്യക്തമാകുന്നത്  ഓങ്‌സാൻ സൂചി വീണ്ടും തടങ്കലിലാകുമ്പോഴാണ്.

‘ഞാൻ അറസ്റ്റ് ചെയ്യപ്പെടുകയോ വധിക്കപ്പെടുകയോ ചെയ്യും. എന്നാൽ ഈ രാജ്യത്തു നടക്കുന്നത് ലോകത്തെ അറിയിച്ചു കൊണ്ടുതന്നെയിരിക്കും.’ സൊ മിന്റ്  ഇന്ത്യൻ മാധ്യമ പ്രവർത്തകയായ  നന്ദിത ഹസ്കറിനയച്ച സന്ദേശത്തിൽ പറഞ്ഞു.  സൈനിക ഭരണത്തിനെതിരെ വിദ്യാർത്ഥികൾക്കിടയിൽ പ്രക്ഷോഭം പടരുമ്പോൾ 1988-ലെ സമരഭടന്മാരെ സൈന്യം പ്രത്യേകം ലക്ഷ്യമിടുന്നുണ്ട്.