കോവിഡ് കാലത്തെ മോശം നേതാക്കൾ ഒന്നാമൻ മോദി 

സുമിത് ഗാംഗുലി | ഡൊറോത്തി ചിൻ | എലിസബത്ത് ജെ കിംഗ് |എലീസേ മസാർഡ് ഡി ഫൊൻസെക | സാൽവഡോർ വാക്വെസ് ഡെൽ മെർകാഡോ | സ്‌കോട്ട് എൽ ഗ്രിഡ് 

നിയന്ത്രണവിധേയമാകുന്ന കാര്യത്തിൽ കോവിഡ് -19 കുപ്രസിദ്ധമായിരിക്കുകയാണ്. രാഷ്ട്രീയനേതൃത്വം എന്നത് കൂട്ടായ പരിശ്രമത്തിന്റെ ഭാഗം മാത്രമാണ്. എങ്കിൽ തന്നെയും രോഗവ്യാപനത്തെ ഗൗരവമായി കാണാത്തതു കൊണ്ടോ ശാസ്തജ്ഞരുടെ മുന്നറിയിപ്പുകൾ അവഗണിച്ചതു കൊണ്ടോ അതുപോലെ സാമൂഹിക അകലം പാലിക്കുക, മാസ്കും സാനിറ്റൈസറും വേണ്ടസമയത്ത് ഉപയോഗിക്കുക ഇത്തരം കാര്യങ്ങളിൽ ഉപദേശം നൽകുന്നതിനോ കർശന നടപടികൾ സ്വീകരിക്കുന്നതിനോ വൈമുഖ്യം കാട്ടുകയും അതുവഴി രോഗവ്യാപനത്തെ കുറയ്ക്കാനുള്ള ശ്രമത്തിൽ ആത്മാർത്ഥമായ ശ്രമം നടത്താത്തതിനാൽ ചില ലോകനേതാക്കൾ അതുപോലെ കുപ്രസിദ്ധി നേടിയെടുത്തു. അവരിൽ ചിലർ മേല്‍പറഞ്ഞവയിൽ ചില തെറ്റുകൾ ചെയ്തു. ചിലർ എല്ലാ തെറ്റുകളും
ചെയ്തു. അതിന്റെ പ്രത്യാഘാതങ്ങളാണ് ലോകത്ത് ഇന്നുകാണുന്ന ദൈനംദിന രോഗവ്യാപനവും മരണങ്ങളും.

1. നരേന്ദ്രമോദി (ഇന്ത്യ)

ആഗോള പാൻഡെമിക്കിന്റെ പുതിയ പ്രഭവകേന്ദ്രമാണ് ഇന്ത്യ. മെയ് മാസത്തിൽ പ്രതിദിനം 4,00,000 പുതിയ കേസുകൾ.  സ്ഥിതിവിവരക്കണക്കുകൾക്കൊന്നിനും രാജ്യത്ത് നിലനിൽക്കുന്ന ഭയാനകാവസ്ഥയെ വർണ്ണിക്കാൻ കഴിയില്ല. ഓക്സിജൻ ആവശ്യത്തിന് ലഭിക്കാത്തതിനാലും ജീവരക്ഷാ മരുന്നുകൾ ആവശ്യത്തിനില്ലാത്തതിനാലും രോഗികൾ ആശുപത്രിയിലും പുറത്തും മരിച്ചു വീഴുന്നു. ആശുപത്രികളിലെ ബെഡ്ഡുകൾ തികയാത്തതിനാൽ അടിയന്തര സാഹചര്യത്തിൽ പോലും രോഗികളെ അഡ്മിറ്റ് ചെയ്യാൻ സാധിക്കുന്നില്ല.
ജനുവരിയിലെ ഒരു ഗ്ലോബൽ ഫോറത്തിൽ വെച്ച് ‘മനുഷ്യരാശിയെ ഇന്ത്യ രക്ഷിച്ചു’ എന്നാണ് നരേന്ദ്രമോദി പ്രഖ്യാപിച്ചത്. കൊറോണ തീരുകയാണെന്ന് അദ്ദേഹം ലോകത്തെ അറിയിച്ചു. എന്തടിസ്ഥാനത്തിലായിരുന്നു ഈ പ്രഖ്യാപനമെന്ന് ഇന്നും ആർക്കുമറിയില്ല. യഥാർത്ഥത്തിൽ രാജ്യത്ത് രോഗം വ്യാപിച്ചു കൊണ്ടിരിക്കുകയായിരുന്നു.

മോദിയും അദ്ദേഹത്തിന്റെ പാർട്ടിയും രാജ്യത്ത് വൻരാഷ്ട്രീയ റാലികൾ സംഘടിപ്പിച്ചു. കൊറോണ മാറും എന്ന പേരിൽ അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിച്ചു. ഇതൊന്നും പോരാതെയാണ് ജനുവരി മുതൽ മാർച്ച് വരെ ദശലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന വലിയൊരു മതമേളയും അദ്ദേഹം അനുവദിച്ചു. ‘കുംഭമേള’ എന്നാണതിന്റെ പേർ. പ്രതീകാത്മകം എന്നെല്ലാം പറഞ്ഞെങ്കിലും ഈ ലോകത്ത് മറ്റൊന്നും സംഭവിക്കുന്നില്ല എന്ന രീതിയിലാണ് മാസ്ക് പോലുമണിയാതെ ആളുകൾ അതിൽ പങ്കെടുത്തത്. അതിനുശേഷമാണ് ആ രാജ്യത്ത് ഏറ്റവും മാരകമായ രണ്ടാം ഘട്ടം പടർന്നുപിടിച്ചത്. ലോക ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത് ആ സംഭവമാണ് ഇന്ന് ലോകത്തെ ഭയപ്പെടുത്തി കൊണ്ടിരിക്കുന്നത്  എന്നാണ്. രാജ്യത്തെ നദികളിൽ ജഡങ്ങൾ ഒഴുകിനടക്കുന്നതു വരെയെത്തി ഭയാനകാവസ്ഥ.

ലോകത്തെ രക്ഷിച്ചു എന്ന് കഴിഞ്ഞ കൊല്ലം പറഞ്ഞതു പോലെ ഇപ്പോൾ നരേന്ദ്രമോദി പറയുന്നത്  ‘ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാക്കളായ ഇന്ത്യ 10 ദശലക്ഷത്തിലധികം വാക്സിൻ ഡോസുകൾ അയൽ രാജ്യങ്ങളിലേക്ക് അയച്ചു. ഇന്ത്യയുടെ 1.3 ബില്യൺ ജനങ്ങളിൽ 1.9% പേർക്ക് കോവിഡ് -19 നെതിരെ
മെയ് ആദ്യം തന്നെ കുത്തിവെയ്പ് നൽകിയിരുന്നു’ എന്നുമാണ്.

2. ജെയർ ബോൾസൊനാരോ (ബ്രസീൽ)

ബ്രസീൽ പ്രസിഡണ്ട് ജെയർ ബോൾസോനോറോ കോവിഡിനെ തിരിച്ചറിയുന്നതിൽ പരാജയപ്പെട്ടൊന്നുമില്ല. ‘ ചെറിയ പനി’ എന്നദ്ദേഹം വിശേഷിപ്പിച്ചു. തന്റെ ഭരണഘടനാപരമായ അധികാരങ്ങൾ ആരോഗ്യ മന്ത്രാലയത്തിന്റെ ഭരണപരമായ കാര്യങ്ങളായ ക്ലിനിക്കൽ പോട്ടോകോളുകൾ, ഡാറ്റാ വെളിപ്പെടുത്തൽ, വാക്സിൻ സംഭരണം എന്നിവയിൽ ഇടപെടാൻ ഉപയോഗിച്ചു. മതപരമായ കൂട്ടംചേരലുകളിൽ മാസ്ക് ഉപയോഗിക്കാനുള്ള നിർദ്ദേശത്തിനെതിരെ വീറ്റോ പ്രയോഗിക്കുകയും ആരോഗ്യ പ്രവർത്തകർക്ക് തടസ്സമുണ്ടാക്കുകയും ചെയ്തു. ഉദാഹരണത്തിന് സാമൂഹിക അകലം പാലിക്കുന്നതിനായി  ജിംനേഷ്യം, സ്പാ പോലുള്ള സ്ഥാപനങ്ങൾ അടച്ചിടാൻ നിർദ്ദേശിച്ചപ്പോൾ എതിർപ്പ് പ്രകടിപ്പിച്ചു. മാത്രമല്ല, കോവിഡ് മുക്തിക്കായി തെളിയിക്കപ്പെടാത്ത ചില മരുന്നുകളെ പ്രമോട്ട് ചെയ്തു. അതിലൊന്നാണ് ഹൈഡ്രോ സൈക്ലൊറോക്വിൻ.

കൊറോണ വൈറസ് പ്രതിസന്ധിയെ കുറിച്ചുള്ള ചർച്ചകൾക്ക് രൂപം നൽകുന്നതിന് ബോൾസോനാരോ തന്റെ പൊതു പ്രൊഫൈൽ ഉപയോഗിച്ചു, സാമ്പത്തിക ദുരന്തത്തെയും സാമൂഹിക അകലത്തെയും ബന്ധപ്പെടുത്തി പ്രശ്നങ്ങൾ സൃഷ്ടിച്ചു. കോവിഡ് -19 പ്രതിസന്ധിക്ക് ബ്രസീലിയൻ സംസ്ഥാന സർക്കാരുകളെയും ചൈനയെയും ലോകാരോഗ്യ സംഘടനയെയും കുറ്റപ്പെടുത്തി കൊണ്ടിരുന്ന അദ്ദേഹം സ്വന്തം  ഉത്തരവാദിത്വം നിറവേറ്റുന്നതിലല്ല ശ്രദ്ധിച്ചത്.

പാർശ്വഫലങ്ങൾ കാരണം താൻ വാക്സിൻ എടുക്കില്ലെന്ന് ഡിസംബറിൽ ബോൾസോനാരോ പ്രഖ്യാപിച്ചു. “നിങ്ങൾ ഒരു മുതലയായി മാറുകയാണെങ്കിൽ, അത് നിങ്ങളുടെ പ്രശ്നമാണ്,” അദ്ദേഹം പറഞ്ഞു.

ബോൾസോനാരോയുടെ പാൻഡെമിക് സമീപനം  അദ്ദേഹത്തിന്റെ സർക്കാരിനുള്ളിൽ സംഘർഷം സൃഷ്ടിച്ചു. ഒരു വർഷത്തിനുള്ളിൽ നാല് ആരോഗ്യ മന്ത്രിമാർ മാറിവന്നു. ബ്രസീലിന്റെ അനിയന്ത്രിതമായ സ്ഥിതി  പി 1 വേരിയൻറ് ഉൾപ്പെടെ നിരവധി പുതിയ കൊറോണ വൈറസ് വകഭേദങ്ങൾക്ക് കാരണമായി,  ബ്രസീലിന്റെ കോവിഡ് -19 ട്രാൻസ്മിഷൻ നിരക്ക് ഒടുവിൽ കുറയാൻ തുടങ്ങി, പക്ഷേ സ്ഥിതി ഇപ്പോഴും ആശങ്കാജനകമാണ്.

3. അലക്സാണ്ടർ ലുകാഷെങ്കോ (ബെലാറസ്)

ലോകമെമ്പാടുമുള്ള പല രാജ്യങ്ങളും കോവിഡ് -19 നോട് ഗൗരവമായാണ്  പ്രതികരിച്ചത്. എന്നാൽ ഫലപ്രദമല്ലാത്ത  നിഷേധാത്മക നിലപാടെടുക്കുന്നവർ ധാരാളമുണ്ട്. ഒരു രാജ്യത്തിൻറെ നേതാവ് അപ്രകാരമായാൽ വലിയ ദുരന്തമാണത്.

ബെലാറസിന്റെ ദീർഘകാല സ്വേച്ഛാധിപത്യ നേതാവായ അലക്സാണ്ടർ ലുകാഷെങ്കോ ഒരിക്കലും കോവിഡ് -19 ന്റെ ഭീഷണി അംഗീകരിച്ചിട്ടില്ല. പകർച്ചവ്യാധിയുടെ തുടക്കത്തിൽ, മറ്റ് രാജ്യങ്ങൾ ലോക്ക്ഡൗണുകൾ നടപ്പിലാക്കുമ്പോൾ, കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിന് നിയന്ത്രണപരമായ നടപടികളൊന്നും നടപ്പാക്കരുതെന്ന് ലുകാഷെങ്കോ തീരുമാനിച്ചു. പകരം, വോഡ്ക കുടിച്ചും സ്റ്റീം ബാത്ത് ചെയ്തും വയലുകളിൽ ജോലി ചെയ്തും വൈറസ് തടയാൻ കഴിയുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഈ നിഷേധം പ്രധാനമായും പ്രതിരോധ നടപടികളെയും  ക്രൗഡ് ഫണ്ടിംഗ് കാമ്പെയ്‌നുകളെയും  പാൻഡെമിക് കരുതലുകളെയും ദുർബ്ബലമാക്കി.

2020 ലെ വേനൽക്കാലത്ത് ലുകാഷെങ്കോയെ പരിശോധിച്ചപ്പോൾ രോഗം ഇല്ല എന്നു തെളിഞ്ഞതോടെ  ഈ വൈറസ് ഗുരുതരമായ ഒന്നല്ല എന്നദ്ദേഹം പ്രഖ്യാപിച്ചു. തന്റെ ആരോഗ്യത്തിൽ മതി മറന്നെന്ന പോലെ മാസ്ക് വെക്കാതെ ആശുപത്രികൾ സന്ദർശിച്ചു എന്നും ആരോപിക്കപ്പെടുന്നു. ബെലാറസിൽ വാക്സിനേഷൻ ആരംഭിച്ചിട്ടുണ്ടെങ്കിലും താൻ വാക്സിൻ സ്വീകരിക്കില്ല എന്ന് ലുകാഷെങ്കോ പ്രഖ്യാപിച്ചു. ജനസംഖ്യയിൽ മൂന്ന് ശതമാനം മാത്രമാണ് വാക്സിൻ സ്വീകരിച്ചത്.

4.  ഡൊണാൾ ട്രംപ്  (യുഎസ്)

ട്രംപ് ഇന്ന് അധികാരത്തിലില്ല. പക്ഷെ  പാൻഡെമിക്കിനെ വ്യാഖ്യാനിച്ചതിലും കൈകാര്യം ചെയ്തതിലും അദ്ദേഹം ചെയ്ത തെറ്റ് യു എസിനെ  ഇപ്പോഴും പിന്തുടരുന്നുണ്ട്. പ്രത്യേകിച്ചും ആഫ്രോ – അമേരിക്കൻ വിഭാഗങ്ങളുടെ ആരോഗ്യത്തെ. പകർച്ചവ്യാധിയെ കുറിച്ചുള്ള മുന്നറിയിപ്പുകൾ ആദ്യം ട്രംപ് നിഷേധിച്ചു .മാസ്ക് ധരിക്കുന്നതിനെ കുറിച്ചും ചികിത്സകളെ കുറിച്ചും തെറ്റായ വിവരങ്ങളുടെ പ്രചാരണം, പരസ്പരബന്ധമില്ലാത്ത സംസാരം ഇവയെല്ലാം രാജ്യത്തെ ദോഷകരമായി ബാധിച്ചു.

ആഫ്രോ അമേരിക്കൻസിന്റെയും ലാറ്റിനോകളുടെയും ജനസംഖ്യാനുപാതം 31% മാത്രമാണെങ്കിലും മരണക്കണക്കിൽ  55% ൽ അധികമായിരുന്നു. തദ്ദേശീയരായ അമേരിക്കക്കാരെ 3.5 മടങ്ങ് കൂടുതൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവരുടെ മരണനിരക്ക്  വെള്ളക്കാരുടേതിനേക്കാൾ 2.4 ഇരട്ടി ആയിരിക്കുകയും ചെയ്തു. തൊഴിൽ നഷ്ടപ്പെട്ടവരുടെ കാര്യത്തിലും ഈ വ്യത്യാസം കാണാം. തൊഴിലില്ലായ്മ നിരക്കും അനുപാതമില്ല. യുഎസ് പാൻഡെമിക്കിന്റെ ഏറ്റവും മോശമായ സമയത്ത്, അവർ ലാറ്റിനോ അമേരിക്കക്കാർക്ക് 17.6 ശതമാനമായും ആഫ്രിക്കൻ അമേരിക്കക്കാർക്ക് 16.8 ശതമാനമായും ഏഷ്യൻ അമേരിക്കക്കാർക്ക് 15 ശതമാനമായും ഉയർന്നു. വെളുത്ത അമേരിക്കക്കാർക്ക് ഇത് 12.4 ശതമാനമായിരുന്നു. ന്യൂനപക്ഷ ഗ്രൂപ്പുകൾക്ക് ഇപ്പോഴും തുല്യനീതിയോ അവസരസമത്വമോ ലഭിച്ചിട്ടില്ല എന്നതിന്റെ ഒരു സൂചികയായി ഇതിനെ പരിഗണിക്കാമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

ചൈനയെ ആക്ഷേപിക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ട് ട്രംപ് കോവിഡിനെ  ‘കുങ്-ഫ്ലൂ’ എന്നു വിളിച്ചത് വംശീയാധിക്ഷേപവും ധാർമ്മിക മര്യാദയ്ക്ക് നിരക്കാത്തതുമാണെന്ന് പരിഷ്കൃത സമൂഹം വിലയിരുത്തി. ഏഷ്യൻ അമേരിക്കക്കാർക്കും പസഫിക് ദ്വീപുവാസികൾക്കുമെതിരായ ആക്രമണങ്ങളുടെ ഇരട്ടി വർദ്ധനക്ക് തൊട്ടുമുമ്പായിരുന്നു ഈ നാമകരണം. ഇവ തമ്മിൽ ബന്ധമുണ്ടെന്നത് ധാർമ്മികബോധമുള്ളവരെ അസ്വസ്ഥപ്പെടുത്തുന്നതാണ്.
ഏതായാലും വാക്സിന്റെ പ്രാരംഭ നടപടികളെ ട്രംപ് ഭരണകൂടം പിന്തുണച്ചു, കുറച്ച് ലോക നേതാക്കൾക്ക് അവകാശപ്പെടാൻ കഴിയുന്ന നേട്ടം. എന്നാൽ അദ്ദേഹം സംപ്രേഷണം ചെയ്ത തെറ്റായ വിവരവും ശാസ്ത്ര വിരുദ്ധ വാചാടോപവും പാൻഡെമിക്ക് കാലത്ത് വിവിധതരത്തിൽ രാജ്യത്തെ ബാധിച്ചത്  തുടരുകയാണ്. ഏറ്റവും പുതിയ പോളിംഗ് സൂചിപ്പിക്കുന്നത്  മൊത്തം അമേരിക്കക്കാരിൽ 24% വും അതിൽ  41% റിപ്പബ്ലിക്കൻമാരും വാക്സിനേഷൻ എടുക്കില്ല എന്നാണ്.

5. ആൻഡ്രസ് മാനുവൽ ലോപ്പസ് ഒബ്രഡോർ  (മെക്സിക്കോ)

കോവിഡ്  രോഗികളിൽ 9.2% പേരും ഈ രോഗം മൂലം മരിക്കുന്നു, മെക്സിക്കോയാണ് ലോകത്തിലെ ഏറ്റവും ഉയർന്ന മരണനിരക്ക്. അടുത്തിടെയുള്ള കണക്കുകൾ കാണിക്കുന്നത് 6,17,000 പേർ മരണമടഞ്ഞിരിക്കാമെന്നാണ് . ജനസംഖ്യ കൂടിയ രാജ്യങ്ങളായ ഇന്ത്യയും യുഎസും മാത്രമേ ഇക്കാര്യത്തിൽ മെക്സിക്കോയ്ക്ക് അടുത്ത് നിൽക്കുന്നുള്ളൂ.

മെക്സിക്കോയെ കോവിഡ് -19 പടരുന്ന രാജ്യമാക്കി മാറ്റിയത് ചില ഘടകങ്ങളുടെ സംയോജനമാണ്. അപര്യാപ്തമായ ദേശീയനേതൃത്വമാണ്  അതിലൊന്ന്.

പാൻഡെമിക്കിലുടനീളം, മെക്സിക്കൻ പ്രസിഡന്റ് ആൻഡ്രെസ് മാനുവൽ ലോപ്പസ് ഒബ്രഡോർ മെക്സിക്കോയിലെ സ്ഥിതിഗതികളെ അവഗണിച്ചു. തുടക്കത്തിൽ തന്നെ, രാജ്യവ്യാപകമായി ലോക്ക്ഡ ഡൗൺ നടപ്പാക്കാനുള്ള ആഹ്വാനങ്ങളെ അദ്ദേഹം എതിർത്തു, അതിനുമുമ്പ് രാജ്യവ്യാപകമായി റാലികൾ തുടർന്നു, 2020 മാർച്ച് 23 ന് മെക്സിക്കോ രണ്ട് മാസത്തേക്ക് അടച്ചെങ്കിലും മാസ്ക് ധരിക്കാൻ അദ്ദേഹം സ്ഥിരമായി വിസമ്മതിച്ചു.

2018 ൽ അധികാരമേറ്റപ്പോൾ ആരോഗ്യ സേവനങ്ങളുടെ ഫണ്ട് തീരെ അപര്യാപ്തമായിരുന്നു. എന്നിട്ടും പാൻഡെമിക്ക് സാഹചര്യത്തിൽപ്പോലും ബജറ്റിൽ ആരോഗ്യത്തിനായി ഉയർത്തിയത് നാമമാത്രമായിരുന്നു. ഇത് ആരോഗ്യപ്രവർത്തകരിൽ കടുത്ത നിരാശയുണ്ടാക്കി.

പാൻഡെമിക് പൊട്ടിപ്പുറപ്പെടുന്നതിനു മുമ്പുതന്നെ, ലോപസ് ഒബ്രാഡോറിന്റെ കടുത്ത ചെലവുചുരുക്കൽ നയം – 2018 മുതൽ നിലവിലുണ്ട്. പൗരന്മാർക്കും ബിസിനസുകൾക്കും ലഭ്യമായ കോവിഡ് -19 ധനസഹായം ഗണ്യമായി പരിമിതപ്പെടുത്തിക്കൊണ്ട് ആരോഗ്യ പ്രതിസന്ധിയെ നേരിടുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കി. അതാകട്ടെ, മെക്സിക്കോയിലെ പാൻഡെമിക് മൂലമുണ്ടായ സാമ്പത്തിക ആഘാതം വർദ്ധിപ്പിക്കുകയും, കഴിഞ്ഞ വർഷം മുഴുവൻ സമ്പദ്‌വ്യവസ്ഥ തുറന്നിടേണ്ടതിന്റെ ആവശ്യകതയിലേക്ക് നയിക്കുകയും ചെയ്തു. ക്രമേണ, മറ്റൊരു ലോക്ക്ഡൗൺ അനിവാര്യമായി. 2020 ഡിസംബറിൽ മെക്സിക്കോ വീണ്ടും ഹ്രസ്വമായി അടച്ചു.

ഇന്ന് മാസ്ക് ധരിക്കുന്നതിൽ രാജ്യം കൂടുതൽ ശ്രദ്ധ കാട്ടുന്നുണ്ട്.  മെക്സിക്കോ ജനസംഖ്യയുടെ 10% പൂർണമായി വാക്സിനേഷൻ നൽകി. കാര്യങ്ങൾ മെച്ചപ്പെടുന്നു, പക്ഷേ മെച്ചപ്പെട്ട സ്ഥിതി വീണ്ടെടുക്കാനുള്ള മെക്സിക്കോയുടെ പാത ഇപ്പോഴും ദൈർഘ്യമേറിയതാണ്.

കടപ്പാട്:  ദി കൺവർസേഷൻ | ദി സ്ക്രോൾ 

——————————————————-
സ്വതന്ത്ര വിവർത്തനം : സാലിഹ് റാവുത്തർ