അരുണ്‍ ഷൂറിക്ക് ഒരു തുറന്ന കത്ത്

പ്രിയമുള്ള അരുണ്‍ ഷൂറി ജീ.. സെക്ഷന്‍ 124എ, രാജ്യദ്രോഹക്കുറ്റ നിയമം ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണം എന്ന ആവശ്യവുമായി ബിജെപി നേതാവും വാജ്പേയി മന്ത്രിസഭയിലെ സീനിയര്‍ മിനിസ്റ്ററും എഴുത്തുകാരനുമെല്ലാമായ താങ്കള്‍ സുപ്രീം കോടതിയെ ഇപ്പോള്‍ സമീപിച്ചിരിക്കുന്നു
. “ഷില്ലോംഗ് ടൈംസി”ന്‍റെ എഡിറ്ററായ പട്രീഷ്യാ മുഖിമും “കശ്മീര്‍ ടൈംസി”ന്‍റെ ഉടമ അനുരാധ ബാസിനും ഇതേ വിഷയത്തെ ചൊല്ലി സുപ്രീം കോടതിയില്‍ പോരാടാന്‍ തീരുമാനിച്ചതിനുപിന്നാലെ വലതുപക്ഷത്തുനിന്നും ഇത്ര മുതിര്‍ന്ന ഒരാള്‍ പുരോഗമനപരമായ ഇത്തരമൊരു നീക്കത്തില്‍ ഭാഗഭാക്കാകുന്നത് സന്തോഷമുള്ള കാര്യമാണ്.

ഭരണാധികാരിയെ ചോദ്യം ചെയ്യുന്നത് രാജ്യദ്രോഹമായി കണക്കാക്കുമെന്നും അറസ്റ്റുചെയ്ത് വിചാരണയില്ലാതെ എത്ര കാലം വേണമെങ്കിലും ദണ്ഡിപ്പിക്കാമെന്നും ഒടുവില്‍ കൊന്നുകളയാമെന്നുമെല്ലാം അലിഖിതനിയമമുണ്ടാക്കിയ ഭരണകൂടത്തിന്‍റെ ചെയ്തികള്‍ക്കെതിരായി വരുന്ന ഈ പരാതി ഉന്നയിക്കാന്‍ അവരുടെപക്ഷക്കാരനായ അങ്ങുതന്നെ ഇപ്പോള്‍ തയ്യാറായതെന്തുകൊണ്ട് എന്നത് അല്പസമയത്തിനുശേഷം പറയാം. അതുവരെ അരുണ്‍ഷൂറി മാദ്ധ്യമരംഗത്തും ചരിത്രരചനയിലും ചെയ്തുവെച്ച ഒരു തലമുറയെ ശത്രുക്കളാക്കി മാറ്റിയ ചെയ്തികള്‍ എന്തൊക്കെ എന്ന് ഓര്‍മ്മിപ്പിക്കേണ്ടത് ആവശ്യമാണ്.

1941- നവംബര്‍ 2ന് പഞ്ചാബിലെ ജലന്ധറില്‍ ജനനം. 1966-ല്‍ ഇക്കണോമിക്സില്‍ ഡോക്ടറേറ്റ് എടുത്തതിനുശേഷം പത്തുകൊല്ലം വേള്‍ഡ് ബാങ്കില്‍. പിന്നീട് പ്ലാനിംഗ് കമ്മീഷനില്‍ കണ്‍സള്‍ട്ടന്‍റ്. അടിയന്തിരാവസ്ഥക്കെതിരെ ഇന്ത്യന്‍ എക്സ്പ്രസ്സില്‍ എഴുതി. സോഷ്യല്‍ ലിബര്‍ട്ടിക്കുവേണ്ടി ശബ്ദമുയര്‍ത്തി. ഇത്രയും ഗംഭീരം. പക്ഷെ അതിനുശേഷം സംഭവിച്ചത് ബുദ്ധിമണ്ഡലങ്ങളില്‍ ധൂമകേതു ആവേശിച്ചതുപോലെയാണ്.

രാഷ്ട്രീയമോഹങ്ങള്‍ എന്ന് ചിറകുമുളച്ചോ അന്നുമുതല്‍ താങ്കള്‍ മറ്റൊരാളായി മാറി. ജനസംഘം ഭാരതീയജനതാപാര്‍ട്ടിയായി വീണ്ടും വന്നപ്പോള്‍ അതിന്‍റെ വളര്‍ച്ചക്കുള്ള ഏറ്റവും നല്ല വളം എന്താണെന്ന് താങ്കള്‍ക്കും നന്നായി അറിയാമായിരുന്നു. മനുഷ്യരുടെ മനസ്സില്‍ വിദ്വേഷം വളര്‍ത്തുക.

1978 -ല്‍ “സിംപ്റ്റംസ് ഓഫ് ഫാസിസം” എന്ന പുസ്തകമെഴുതിയ താങ്കള്‍ പിന്നീട് ഇന്ത്യാമഹാരാജ്യം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റ് തേര്‍വാഴ്ചയുടെ വിത്തേറുകാരനാകുന്നതും കണ്ടു. “വര്‍ഷിപ്പിംഗ് ഫാള്‍സ് ഗോഡ്സ്” എന്ന പുസ്തകത്തിലൂടെ അംബേദ്കര്‍ എന്ന മനുഷ്യസ്നേഹിയോട് ദുരിതങ്ങള്‍നിറഞ്ഞ ബാല്യം പിന്നിട്ട് കഠിനാദ്ധ്വാനത്തിലൂടെ മാത്രം വളര്‍ന്ന് ലോകത്തിലെ ഏറ്റവും സമഗ്രമായ ഭരണഘടനയെ രൂപപ്പെടുത്തിയ മഹദ്വ്യക്തിയോടുള്ള അസൂയ പൊട്ടിയൊഴുകുന്നതും കണ്ടു. മുപ്പതിലധികം പുസ്തകങ്ങളെഴുതിയതില്‍ പാതിയിലധികവും വിദ്വേഷസാഹിത്യം. 1990 ല്‍ താങ്കള്‍ നേടിയ പത്മഭൂഷണ്‍ അവാര്‍ഡിനുമേല്‍ ചോരപുരണ്ടത് പില്‍ക്കാലത്താണ്.

ചരിത്രഗവേഷകര്‍ നിരന്തരമായ ശാസ്ത്രീയ പഠനങ്ങള്‍ക്കുശേഷം അംഗീകരിക്കുന്ന പുസ്തകങ്ങള്‍ മാത്രമേ സ്കൂള്‍-കോളേജ് പാഠ്യപദ്ധതികളില്‍ ഉള്‍പ്പെടുത്താറുള്ളൂ എന്ന് ആര്‍ക്കുമറിയാവുന്ന കാര്യമാണ്. എന്നാല്‍ ഇത്തരം മാനദണ്ഡങ്ങളൊന്നും അവലംബിക്കാതെ വംശീയവിദ്വേഷം വിതക്കുന്ന താങ്കളുടെ പുസ്തകങ്ങള്‍ അവയില്‍ ഉള്‍പ്പെടുത്താന്‍ താങ്കള്‍ അപേക്ഷവെച്ചു. സ്വാഭാവികമായും പാഠപുസ്തകസമിതിയാല്‍ അവ നിരാകരിക്കപ്പെട്ടു. ആ സമിതിയിലെ അംഗങ്ങള്‍ക്കെതിരെ പ്രമുഖ ചരിത്രകാരന്‍മാരുടെ എഴുത്തും വഞ്ചനയും എന്ന നുണകളുടെ പുസ്തകമെഴുതി പകതീര്‍ത്തു. അത് ധാരാളം വിറ്റു. ഞങ്ങളുടെ മലയാളത്തിലും വന്നു. താങ്കളുടെ ഉദ്ദേശ്യം വിജയിച്ചു. ഞങ്ങളുടെ തലമുറയില്‍ വിദ്യാര്‍ത്ഥിലോഡ്ജുകളില്‍ ഒരു സ്റ്റൗവില്‍ കഞ്ഞിവെച്ച് ഒരുമിച്ചുണ്ട് ഒരു സിഗരറ്റ് പപ്പാതിവലിച്ച് ഒരു പായുടെ അറ്റങ്ങളില്‍ ഉറങ്ങിയിരുന്നവരെ പരസ്പരം കൊല്ലുന്നവരാക്കാന്‍ താങ്കള്‍ക്കു സാധിച്ചു. മതസൗഹാര്‍ദ്ദത്തിനു പേരുകേട്ട ഞങ്ങളുടെ ചെറിയ സംസ്ഥാനവും ഇപ്പോള്‍ വിഷമയമാണ്. ഫെയ്സ്ബുക്ക് വാഗ്വാദങ്ങള്‍ക്കായി വലിച്ചിഴക്കപ്പെടുന്ന പല വങ്കത്തങ്ങള്‍ക്കുപിന്നിലും താങ്കളുടെ കയ്യൊപ്പുമുണ്ട്. സോഷ്യല്‍ മീഡിയ അസഭ്യങ്ങളും ആഭാസങ്ങളും സംസ്കാരശൂന്യതയും കൊണ്ടുനിറയുന്നു. ആത്മസുഹൃത്തുക്കള്‍ പോലും ആജന്‍മശത്രുക്കളായിരിക്കുന്നു.
2004-ല്‍ വാജ്പേയി ഗവണ്‍മെന്‍റ് താഴെ വീഴുമ്പോള്‍ വീണ്ടും അധികാരത്തിലെത്താന്‍ മാര്‍ഗ്ഗങ്ങള്‍ തുറന്നിട്ടിരുന്ന ബിജെപിക്ക് രണ്ട് ഭാവി പ്രധാനമന്ത്രിമാരുണ്ടായി. ജസ്വന്ത് സിംഗും അരുണ്‍ഷൂറിയും. ചരിത്രത്തിന് വിരുദ്ധമായ വികലരചനയില്‍ ഇതിനോടകം പേരെടുത്തുകഴിഞ്ഞിരുന്ന താങ്കള്‍ക്ക് ലഭിച്ച സ്വീകാര്യത അത്ഭുതകരമായിരുന്നു. പക്ഷെ പിന്നീട് താങ്കളുടെ പാര്‍ട്ടി അധികാരത്തില്‍ വരുമ്പോള്‍ താങ്കളെ മൂലയ്ക്കിരുത്തി അമിത്-ഷാ നരേന്ദ്ര ദ്വയങ്ങള്‍ അധികാരം പിടിച്ചിരുന്നു. വിതച്ചതെല്ലാം മറ്റുള്ളവര്‍ കൊണ്ടുപോയപ്പോള്‍ താങ്കള്‍ക്ക് കണ്ടുനില്‍ക്കേണ്ടിവന്നു. അങ്ങനെയാണ് താങ്കള്‍ ചെറിയരീതിയില്‍ അവരോട് പ്രതികരിച്ചുതുടങ്ങിയത്. അതിന് പുത്തന്‍ അധികാരികളില്‍നിന്നും തിരികെ കിട്ടിയത് അത്ര സുഖമുള്ളതായിരിക്കില്ല. മുമ്പുപറഞ്ഞതുപോലെ രാജ്യദ്രോഹനിയമം ദുരുപയോഗപ്പെടുത്തുന്നതിനെതിരെ ഇന്ന് പ്രതികരിച്ചതിനുപിന്നില്‍ ആ തിരിച്ചറിവുതന്നെ.

വിദേശപ്രതിനിധികളുടെ മുന്നില്‍ “സെക്യുലറിസം എന്നാല്‍ വ്യഭിചരിക്കപ്പെട്ട പദമാ”ണെന്ന് സ്വന്തം നേട്ടത്തിനായി വിളിച്ചു പറഞ്ഞ താങ്കള്‍ക്ക് അത് ഒരു സുവര്‍ണ്ണപദമാണെന്ന് പറയേണ്ടിവരും. പത്രപ്രവര്‍ത്തനം നടത്തിയ കാലഘട്ടത്തോട് അല്പമെങ്കിലും ആത്മാര്‍ത്ഥയുടെ പേരിലാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നതെങ്കില്‍ താങ്കളുടെ ശിഷ്യന്‍മാര്‍ കള്ളക്കേസുകളില്‍പ്പെടുത്തി തടവിലിട്ടിരിക്കുന്ന പരശ്ശതംപേരെ മോചിപ്പിക്കാനും സമരം പ്രഖ്യാപിക്കണം.

ഇനിയും തിരിച്ചറിയേണ്ടതുണ്ട്. തിരുത്തേണ്ടതുണ്ട്. താങ്കള്‍ തുറന്നുവിട്ട കുടത്തിലെ ഭൂതത്തെ പിടിച്ചുകെട്ടാന്‍ ഇനി സാദ്ധ്യമല്ല. അത് ഏറ്റവും ഭയാനകരൂപം പൂണ്ടുകഴിഞ്ഞു. എങ്കിലും താങ്കളാലാകുവണ്ണം മനസ്സമാധാനത്തിന് ഒരു ഏറ്റുപറച്ചില്‍ മാത്രമാകാം.

ഒരു ഗ്രാമത്തില്‍ പണംകൈമാറ്റത്തെ സംബന്ധിച്ച് ആരുടെയോ കുടിപ്പക. അതിന് സാമൂദായികരൂപം കൈവരുന്നു. ഒന്നര നൂറ്റാണ്ടുകൊണ്ട് അതു പടര്‍ന്നുപിടിച്ച് ഇന്ത്യപോലൊരു രാജ്യത്ത് വിദ്വേഷം ദേശീയവത്കരിക്കപ്പെട്ടു എന്നുപറഞ്ഞാല്‍ അതിശയമൊന്നുമില്ല. ആറുലക്ഷത്തിലധികം ഗ്രാമങ്ങളുണ്ട് ഇന്ത്യാമഹാരാജ്യത്ത്. അതില്‍ ഒരിടത്തു നടന്നതോ നടക്കാത്തതോ ആയ പ്രശ്നം എത്രയധികം പൊടിപ്പും തൊങ്ങലും വെച്ച് നിങ്ങള്‍ക്ക് മറ്റൊരു നാട്ടില്‍ പറഞ്ഞുനടക്കാം. ഇക്കഥ സംഭവം നടന്ന നാട്ടിലെ ആളുകള്‍ കേട്ടിട്ടുപോലും ഉണ്ടാകില്ല. അതുപോലുള്ള അനുഭവങ്ങള്‍ നിരവധിയുണ്ട് താങ്കളുടെ കണ്ടെത്തലുകളെ നിരാകരിക്കുന്നവ. അത്തരം ബുദ്ധിപൂര്‍വ്വം സൃഷ്ടിച്ച നുണകളായിരുന്നു താങ്കളുടെ പുസ്തകങ്ങളില്‍. വര്‍ഗ്ഗീയവാദിയുടെ ഏറ്റവും പ്രധാന ആയുധം നുണകളാണെന്ന് കാലം തെളിയിച്ചുകൊണ്ടേ ഇരിക്കുന്നു. ഇന്ത്യാമുനമ്പില്‍ ആയിരം കൊല്ലം മുസ്ലീം ഭരണാധികാരികള്‍ മതംമാറ്റി ഉഴുതുമറിച്ചു എന്നുപറയുന്ന താങ്കള്‍ എന്തുകൊണ്ട് ഇപ്പോഴും മുസ്ലിം ജനസംഖ്യ വെറും 14 % മാത്രമായിരിക്കുന്നു എന്ന ചോദ്യത്തിന് ഇന്നും ഉത്തരം പറഞ്ഞിട്ടില്ല.

ഒരു ജനതയുടെ വേഷവും ഭക്ഷണവും ആഘോഷരീതിയും കണ്ട് അവര്‍ സര്‍വ്വതും കൈയടിക്കിവെച്ചിരിക്കുകയാണെന്നു പറയുമ്പോള്‍ നാട്ടിലെ ധനികരുടെയും ദരിദ്രരുടെയും കണക്കുകള്‍ അങ്ങ് പരിശോധിച്ചില്ല. ഇന്നും ഇന്ത്യാമഹാരാജ്യത്തെ ആദ്യത്തെ മുപ്പത് ധനികരെയെടുത്താല്‍ ഒരാള്‍ പോലു മുസ്ലിം ഇല്ല എന്ന് സാമൂഹ്യശാസ്ത്രം പഠിച്ചിട്ടും അറിഞ്ഞില്ല. ആദ്യത്തെ അമ്പതുപേരെ എടുത്താലും യൂസുഫ് അലി അടക്കം അതില്‍ രണ്ടുപേരേ ഉള്ളൂ എന്നറിഞ്ഞില്ല. കൂലിപ്പണി എടുത്തിട്ടായാലും കച്ചവടം ചെയ്തായാലും കിട്ടുന്ന പണം കൂനകൂട്ടിവെക്കാതെ അവര്‍ പുറത്തിറങ്ങി ചെലവഴിക്കുന്നത് സമ്പദ്വ്യവസ്ഥയ്ക്ക് ഗുണം മാത്രമാണ് ചെയ്യുന്നത് എന്ന് ഇക്കണോമിക്സില്‍ ഡോക്ടറേറ്റ് നേടിയിട്ടും അങ്ങറിഞ്ഞില്ല.

ഒരഭിമുഖത്തില്‍ താങ്കളുടെ സ്ഥാനമാനങ്ങളെക്കുറിച്ചെല്ലാം പറഞ്ഞ വനിത അതിനുശേഷം എന്തെങ്കിലും വിട്ടുപോയിട്ടുണ്ടോ എന്നു ചോദിച്ചപ്പോള്‍ വികാരഭരിതനായി അങ്ങ് പറഞ്ഞത് ഇങ്ങനെയാണ്. “ആദിതിന്‍റെ അച്ഛനുംകൂടിയാണ് ഞാന്‍.”

അതെ…ജന്മനാല്‍ ശരീരത്തിന് ചലനശേഷിയില്ലാത്ത ഭിന്നശേഷിക്കാരനായ ഏകപുത്രന്‍റെ പേരുപറഞ്ഞപ്പോള്‍ ഒരു പിതാവിന്‍റെ വാത്സല്യവും സ്നേഹവും വേദനയുമെല്ലാം ആ കണ്ണുകളില്‍ കാണാന്‍ കഴിഞ്ഞു. അവന്‍റെ ശൈശവം മുതല്‍ പിന്നിട്ട ഓരോ പ്രായവും അങ്ങയുടെ മനസ്സില്‍ വന്നിട്ടുണ്ടാകണം. അവനെപ്പോലുള്ള എത്രയോ നിഷ്കളങ്കരായ കുട്ടികള്‍ മരിക്കാന്‍ കാരണമായ വര്‍ഗ്ഗീയകലാപങ്ങളില്‍ തന്‍റെ എഴുത്തിന്‍റെ സ്വാധീനം നിരാകരിക്കാന്‍ കഴിയുമോ അരുണ്‍ജിക്ക് ? ഒരിക്കലും കഴിയില്ല, കാരണം ഇനിയും ചോരക്കൊതി പ്രചരിപ്പിക്കാനുള്ള അവരുടെ ആയുധങ്ങളുടെ മുന്‍നിരയില്‍ അങ്ങയുടെ കൈവിട്ട പുസ്തകങ്ങള്‍ നില്‍ക്കുന്നുണ്ട്. മനുഷ്യരോട് തമ്മിലടിക്കരുതെന്ന് ദൈവം നേരിട്ടുവന്നു പറഞ്ഞാല്‍പ്പോലും മനുഷ്യര്‍ നന്നാകാന്‍ പോകുന്നില്ല. എങ്കില്‍ത്തന്നെയും ഈ എണ്‍പത്തിയൊന്നാം വയസ്സിലെങ്കിലും അങ്ങേയ്ക്ക് തുറന്നുപറയാം. ഒരു തെളിവുമില്ലാതെ ഞാന്‍ കൈയില്‍നിന്നിട്ട് നിറംപിടിപ്പിച്ച പുസ്തകങ്ങളെല്ലാം ഞാനിതാ അഗ്നിക്കിരയാക്കിയിരിക്കുന്നു എന്ന്. ഈ ഭൂമിയില്‍ ജനിച്ച ഓരോ മനുഷ്യനെയും പോലെ ഒരിക്കല്‍ പഞ്ചഭൂതങ്ങളില്‍ ലയിക്കുമ്പോള്‍ തെറ്റുതിരുത്താനായി താന്‍ ഇത്രയെങ്കിലും പറഞ്ഞിട്ടുണ്ട് എന്ന് ആശ്വസിക്കുകയെങ്കിലും ചെയ്യാം.

ജയ്ഹിന്ദ്.