വൈദ്യം പറഞ്ഞ് കുടിലില്‍ ഇരിക്കാനൊന്നും പത്മശ്രീ ലക്ഷമിക്കുട്ടി അമ്മയെ അന്നും കിട്ടില്ല, ഇന്നും കിട്ടില്ല....

വിതുരക്കാര്‍ക്കും കല്ലാറുകാര്‍ക്കും പാലോടുകാര്‍ക്കും പൊന്മുടിക്കാര്‍ക്കുമൊക്കെ ലക്ഷമിക്കുട്ടിയമ്മയെ നേരത്തേ അറിയാം. അത്യാവശ്യം തിരുവനന്തപുരം ജില്ലയില്‍ നിന്നും അതുപോലെ മറ്റ് ജില്ലകളില്‍ നിന്നും അമ്മയുടെ കൈപ്പുണ്യത്തെപ്പറ്റി അറിഞ്ഞെത്തുന്നവര്‍ക്കും പരിചയം കാണും ഈ നാട്ടുവൈദ്യയെ,ഈ വിഷചികിത്സകയെ..പക്ഷെ ഒരു പത്മശ്രീ വേണ്ടി വന്നു ഈ വനമുത്തശ്ശിയെ മാലോകരറിയാന്‍.

പാലോട് ഫോറസ്റ്റ് റേഞ്ചില്‍,പൊന്മുടിയിലേക്ക് കടക്കുന്ന കവാടം പോലെ,പ്രകൃതിയാല്‍ മനോഹരമാക്കിയ കാടിനോട് ചേര്‍ന്ന് കിടക്കുന്ന ചെറിയ ഗ്രാമമാണ് കല്ലാര്‍. കല്ലാറില്‍ നിന്ന് കാട്ടുപാതയിലേക്ക് തിരിഞ്ഞാല്‍ മൊട്ടമൂട്ടിലെ അമ്മയുടെ കുടിലിലെത്താം. ഇവിടെ തനിച്ചാണ് ലക്ഷമിക്കുട്ടിയമ്മ. ഭര്‍ത്താവ് രണ്ട് വര്‍ഷം മുമ്പ് മരിച്ചു. മൂന്ന് ആണ്‍മക്കളില്‍ ഒരാളെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തി. മറ്റൊരു മകന്‍ വിഷംതീണ്ടി മരിച്ചു. അവശേഷിക്കുന്ന മകന്‍ റെയില്‍വേയിലെ ഉദ്യോഗസ്ഥനാണ്.

കല്ലാറെന്ന കൊച്ചുഗ്രാമത്തെ ഭാരതത്തിന്റെ നെറുകയില്‍ എത്തിച്ചിരിക്കുകയാണ് ലക്ഷമിക്കുട്ടിയമ്മയെന്ന 75 കാരി ആദിവാസി മാതാവ്. രാജ്യത്തെ നാലാമത്തെ പരമോന്നത ബഹുമതിയായ പത്മശ്രീ ഈ അമ്മയെ തേടിയെത്തിരിക്കുകയാണ്. അതും പരമ്പരാഗത നാടന്‍ ചികിത്സയിലുള്ള വൈദഗ്ദ്ധ്യത്തിന്. ആദിവാസി ഗോത്രസംസ്‌കാരത്തിന്റെ ചികിത്സാരീതികളാണ് ലക്ഷമിക്കുട്ടിയമ്മ പ്രയോഗിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്നത്.

പാമ്പുവിഷത്തിനും എട്ടുകാലി വിഷത്തിനും ചികിത്സിക്കുന്ന വിഷചികിത്സക. അഞ്ഞൂറിലധികം പച്ചമരുന്നുകളെപ്പറ്റിയും അവയുടെ വൈദ്യസംബന്ധിയായ ഉപയോഗത്തെപ്പറ്റിയുമുള്ള ആധികാരികമായ അറിവ്. കൊടിഞ്ഞി തലവേദനമുതലുള്ള രോഗങ്ങള്‍ക്കുള്ള ഒറ്റമൂലി അമ്മയുടെ കൈയ്യിലുണ്ട്. കുടിലിന് ചുറ്റും പരമ്പരാഗത ഔഷധസസ്യങ്ങള്‍ നട്ടുവളര്‍ത്തുന്നുണ്ട് ലക്ഷമിക്കുട്ടിയമ്മ.

“എന്റമ്മയും പരമ്പരാഗത നാട്ടുവൈദ്യ ആയിരുന്നു. അമ്മ ഒരു പ്രസവശുശ്രൂഷക കൂടിയായിരുന്നു. അമ്മയാണ് എനിക്ക് ഈ അറിവുകള്‍ കൈമാറിത്തന്നത്. ഞാനീ പ്രകൃതിയെ സസൂക്ഷമം ശ്രദ്ധിക്കുന്നുണ്ട്. എന്തിനുമുള്ള പരിഹാരം പ്രകൃതിയില്‍ തന്നെയുണ്ട്. മൃഗങ്ങള്‍ക്കും മത്സ്യത്തിനും വരെ ഔഷധഗുണമുണ്ട്….” ലക്ഷ്മിക്കുട്ടിയമ്മ പറയുന്നു..

ഇനി വൈദ്യവും പറഞ്ഞ് കുടിലില്‍ മാത്രമിരിക്കാനൊന്നും അമ്മ തയ്യാറല്ല. മനോഹരമായി കവിതകളെഴുതും ഈ പഴയ തേഡ് ഫോംകാരി. അനേകം കവിതകളെഴുതിയിട്ടുണ്ടെങ്കിലം ഒരെണ്ണം പോലും പ്രസിദ്ധീകരിച്ച് വന്നിട്ടില്ല.  അതേ പറ്റി ചോദിച്ചാല്‍ ലക്ഷമിക്കുട്ടിയമ്മ പറയും

“ആദിവാസി സ്ത്രീക്ക് എന്ത് സ്വപ്നം കാണാനാണ്,എല്ലാവരും നല്ലത് പറഞ്ഞപ്പോള്‍ അച്ചടിച്ച് കാണാന്‍ വല്ലാതെ ആഗ്രഹിച്ചു..ആരു സഹായിക്കാന്‍…?” എങ്കിലും പരിഭവമേതുമില്ലാതെ സമീപപ്രദേശങ്ങളിലെ കവിയരങ്ങുകളില്‍ അമ്മ എത്താറുണ്ട്. കവിതകളും നാടന്‍പാട്ടുകളും പാടാറുണ്ട്. പ്രസംഗിക്കാറുണ്ട്,അദിവാസി നാട്ടറിവുകള്‍ പങ്ക് വയ്ക്കാറുണ്ട്. ഒപ്പം കല്ലാര്‍ ഫോക്‌ലോര്‍ അക്കാദമിയില്‍ ക്ലാസ്സുകളുമെടുക്കാന്‍ പോകാറുണ്ട്. ചുരുക്കി പറഞ്ഞാല്‍ 75 ാം വയസ്സിലും ബിസ്സിയാണ് ലക്ഷമിക്കുട്ടിയമ്മ.

ഒരു പരിഭവവും അമ്മയ്ക്കുണ്ട്. “എന്റെ കുടിലിലേക്ക് എത്താന്‍ റോഡുകളില്ല.1952 ല്‍ റോഡിനുള്ള അനുമതി കിട്ടിയതാണ്.പക്ഷെ ഇന്നുവരേയും പണി തുടങ്ങിയിട്ടില്ല.കാട്ടിലൂടെ ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ട്.കാട്ടാനകളുടേയും മറ്റ് മൃഗങ്ങളുടെയും ആക്രമണത്തെ ഭയന്ന് രോഗികള്‍ക്ക് കൃത്യ സമയത്ത് ഇവിടേക്ക് എത്തിപ്പെടാന്‍ കഴിയാറില്ല.അതൊന്ന് ശരിയാക്കിത്തന്നാല്‍ ഉകാരപ്പെട്ടേനെ….”

50 വര്‍ഷത്തെ തന്റെ പ്രവര്‍ത്തനത്തെ രാജ്യം അംഗീകരിച്ചതിലുള്ള അതിയായ സന്തോഷവും മറച്ച് വച്ചില്ല ലക്ഷമിക്കുട്ടിയമ്മയെന്ന വനമുത്തശ്ശി…