ആധാരം രജിസ്ട്രേഷന്‍ കുറയുന്നു; വരുമാനം കൂടുന്നു

സംസ്ഥാനത്തെ വസ്തു ഇടപാടുകള്‍ കുറയുന്നു. 10 വര്‍ഷത്തിനിടെ ഏറ്റവും കുറവ് ആധാരം രജിസ്ട്രേഷന്‍ നടന്നത് ഈവര്‍ഷമാണ്. 2016-ല്‍ 8.7 ലക്ഷം ആധാരങ്ങള്‍ രജിസ്റ്റര്‍ചെയ്തു. ഈ വര്‍ഷം ഇതുവരെ രജിസ്റ്റര്‍ ചെയ്തത് അഞ്ചുലക്ഷത്തോളവും.

ആധാരങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടായെങ്കിലും വരുമാനത്തില്‍ മുന്‍വര്‍ഷത്തെക്കാള്‍ 132 കോടിയുടെ വര്‍ധനയുണ്ടായി. മുന്‍വര്‍ഷം 2616 കോടിയായിരുന്നു വരുമാനം. ഇക്കൊല്ലം വരുമാനം 2748 കോടിയായി.

ആധാരങ്ങളില്‍ ഭൂമിവില കൂട്ടിവയ്ക്കുന്നതും സ്റ്റാമ്പ് ഡ്യൂട്ടി ഉയര്‍ത്തിയതും ബാങ്ക് വഴിയുള്ള ഇടപാട് വ്യാപകമായതും വരുമാനം ഉയരാന്‍ ഇടയാക്കി. രണ്ടുലക്ഷംവരെയുള്ള തുകമാത്രമേ പണമായി നല്‍കാനാകൂ. ശേഷിക്കുന്ന ഭൂമിവില ഡി.ഡി.യായോ ബാങ്ക് വഴിയോ നല്‍കണം. അതിനാല്‍ പലരും ആധാരത്തില്‍ ന്യായവിലയ്ക്കുമേലുള്ള വിലകാണിക്കും.

നോട്ട് നിരോധനം നടപ്പാക്കിയ 2016 നവംബറില്‍ ഇടപാടുകളുടെ എണ്ണം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പാതിയായി കുറഞ്ഞിരുന്നു. മാര്‍ച്ചുവരെ ഈ സ്ഥിതി തുടര്‍ന്നു. മാര്‍ച്ച് മാസത്തില്‍ രജിസ്ട്രേഷന്റെ എണ്ണം ഒരു ലക്ഷമായി ഉയര്‍ന്നു. ഏപ്രിലില്‍ രജിസ്ട്രേഷനുകളുടെ എണ്ണം 63,512 ആയി താഴ്ന്നു.

ഈ വര്‍ഷം ഒക്ടോബറില്‍ ആധാരങ്ങളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 4000 എണ്ണം കൂടി. സെപ്റ്റംബര്‍ മാസത്തില്‍ അവധികളുടെ എണ്ണം കൂടുതലായതിനാലാണ് ഒക്ടോബറില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ ആധാരങ്ങളുടെ എണ്ണം വര്‍ധിച്ചത്.

കൂടുതല്‍ ആധാരങ്ങള്‍ രജിസ്റ്റര്‍ചെയ്തിരിക്കുന്നത് മലപ്പുറത്താണ് (58,206). എന്നാല്‍, ഇതിലൂടെ സര്‍ക്കാരിന് ലഭിച്ച വരുമാനം 97 കോടി മാത്രം. തൊട്ടടുത്ത് തിരുവനന്തപുരം. 53,321 ആധാരങ്ങളിലൂടെ 217 കോടി ലഭിച്ചു. എറണാകുളമാണ് മൂന്നാമത്. 48,012 ആധാരങ്ങള്‍ നടന്നു. നികുതിയിനത്തില്‍ 420 കോടി ലഭിച്ചു. തൃശ്ശൂരില്‍ 46,537 ആധാരങ്ങള്‍ നടന്നു. ഏറ്റവും കുറവ് ആധാരങ്ങള്‍ രജിസ്റ്റര്‍ചെയ്തത് വയനാട്ടിലും (11,997) ഇടുക്കിയിലും (12,699) ആണ്.

വര്‍ഷം ആധാരങ്ങളുടെ എണ്ണം

2006 12,89,176

2007 13,05,013

2008 12,68,165

2009 11,88,258

2010 12,53,786

2011 13,10,573

2012 8,51,525

2013 11,79,064

2014 10,53,918

2015 9,73,410

2016 8,70,487

2017 5,25,010

കാരണങ്ങള്‍

*നോട്ട് അസാധുവാക്കലിനുശേഷം റിയല്‍ എസ്റ്റേറ്റ് മേഖലക്കേറ്റ തിരിച്ചടി

* ബാങ്കുവഴിയുള്ള ഇടപാടുകള്‍ കര്‍ശനമാക്കിയതിനാല്‍ ഇടപടിലെ മുഴുവന്‍ തുകയും രേഖയില്‍വരുമെന്ന സ്ഥിതി

* സ്റ്റാമ്പ് ഡ്യൂട്ടി ആറില്‍നിന്നും എട്ടുശതമാനമായി ഉയര്‍ത്തിയത്