വിവാദവ്യവസായി രാഖുല്‍ ആരുമറിയാതെ ജനതാദള്‍ (എസ്) ജില്ലാ സെക്രട്ടറിയായി

Advertisement

ആലപ്പുഴ: ബിനോയ് കോടിയേരി വിവാദത്തിലെ ഇടനിലക്കാരന്‍ രാഖുല്‍ കൃഷ്ണന്‍ അണികളും അധികം നേതാക്കളുമറിയാതെ ജനതാദള്‍ (എസ്) ആലപ്പുഴ ജില്ലാ സെക്രട്ടറിയായി. പാര്‍ട്ടിയുടെ പ്രാഥമികാംഗത്വം പോലുമില്ലാത്ത രാഖുലിനെ മൂന്നുമാസം മുമ്പാണ് ജില്ലാ സെക്രട്ടറിയായി നാമനിര്‍ദേശം ചെയ്തത്. കഴിഞ്ഞ ജില്ലാ കമ്മിറ്റി യോഗത്തിലാണ് പുതിയ ഭാരവാഹിയെക്കുറിച്ചുള്ള വിവരം ജില്ലാ പ്രസിഡന്റ് പുറത്തുവിട്ടത്. ജില്ലയില്‍ നിന്നുള്ള സംസ്ഥാന കമ്മിറ്റിയംഗങ്ങള്‍പോലും ഇക്കാര്യം അറിഞ്ഞില്ലെന്ന നിലപാടിലാണ്. പാര്‍ട്ടിയിലെ ഒരു ഘടകത്തിലും രാഖുലിന്റെ ഭാരവാഹിത്വം ചര്‍ച്ചചെയ്യപ്പെടുകയുമുണ്ടായില്ല.

നിലവില്‍ എല്‍.ഡി.എഫിലെ മൂന്നാമത്തെ വലിയ കക്ഷിയെന്ന നിലയില്‍ പാര്‍ലമെന്ററി താല്‍പര്യത്തോടെയാണ് രാഖുല്‍ ജനതാദളി (എസ്)ല്‍ എത്തിയതെന്നാണ് നേതാക്കളില്‍ നിന്ന് ലഭിക്കുന്ന വിവരം. ഭാവിയില്‍ ഏതെങ്കിലും ഒരു നിയമസഭാ സീറ്റോ ആലപ്പുഴ, മാവേലിക്കര പാര്‍ലമെന്റ് മണ്ഡലങ്ങളിലൊന്നിലോ സ്ഥാനാര്‍ഥിയാകാമെന്ന് രാഖുലിന് ലക്ഷ്യമുണ്ടായിരുന്നതായും അവര്‍ സൂചിപ്പിക്കുന്നു.

<p>ഒരു പതിറ്റാണ്ടിലേറെയായി ദുബായ് കേന്ദ്രീകരിച്ച് ബിസിനസ് നടത്തിവരുന്ന രാഖുല്‍ കൃഷ്ണന് സ്വദേശമായി മാവേലിക്കര ഇടപ്പോണില്‍ ഡയറി ഫാമും ശബരി മില്‍ക്ക് എന്ന പേരില്‍ പാല്‍ നിര്‍മാണ കമ്പനിയുമുണ്ട്. മാസത്തില്‍ ഒന്നിലേറെ തവണ ദുബായില്‍ പോയിവരുന്ന രാഖുല്‍ സമീപകാലത്തായി നാട്ടിലും സജീവമായിരുന്നു.

<p>എന്നാല്‍, ഇയാള്‍ ജനതാദള്‍- എസില്‍ എത്തിയത് സംബന്ധിച്ച് പ്രാദേശിക നേതാക്കള്‍ക്കും അറിയില്ല. രാഖുല്‍ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചതായി പിതൃസഹോദരി പുത്രന്‍ മുമ്പ് പോലീസില്‍ പരാതി നല്‍കിയ സംഭവവുമുണ്ടായിട്ടുണ്ട്.

<p>എല്‍.ഡി.എഫിലെ ഘടകകക്ഷിയായിരിക്കെ മന്ത്രി തോമസ് ചാണ്ടിക്കെതിരേ കോടതിയെ സമീപിച്ചതിന്റെ പേരില്‍ ജനതാദള്‍ (എസ്) ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്നു എം. സുഭാഷിന് രാജിവച്ച് ഒഴിയേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത ജില്ലാ സെക്രട്ടറിയുടെ നിയമനവും വിവാദത്തിലാകുന്നത്.