മീന്‍തല കഴിച്ച പൂച്ചകള്‍ കൂട്ടത്തോടെ ചത്തു

മീന്‍തല കഴിച്ചതിനെ തുടര്‍ന്ന് പൂച്ചകള്‍ കൂട്ടത്തോടെ ചത്തു. അറക്കുളത്തും കുഞ്ചിത്തണ്ണിയിലുമാണ് പൂച്ചകള്‍ ചത്തത്. അറക്കുളം മൈലാടിയിലുള്ള വിഴുക്കപ്പാറ ഷാജി വളര്‍ത്തുന്ന 16 പൂച്ചകളില്‍ എട്ടെണ്ണമാണ് ചത്തത്. ബാക്കിയുള്ളവ തീര്‍ത്തും അവശതയിലാണ്. സമീപവാസിയായ ആലിന്‍ചുവട് സുരേന്ദ്രന്റെ പൂച്ചയും ചത്തു.

ഞായറാഴ്ച ഇതുവഴി വന്ന മീന്‍കച്ചവടക്കാരനില്‍ നിന്ന് ഒരു കിലോ അയലയും ഒരു കിലോ മത്തിയും വാങ്ങിയതായി ഷാജി പറഞ്ഞു. ഈ മത്സ്യത്തിന്റെ തല പൂച്ചകള്‍ക്ക് കൊടുത്തിരുന്നു. മീന്‍തല കഴിച്ച ഉടന്‍ പൂച്ചകള്‍ മയങ്ങിവീണു. ഉപേക്ഷിക്കപ്പെടുന്നതും അലഞ്ഞുതിരിഞ്ഞുനടക്കുന്നതുമായ പൂച്ചകളെയാണ് ഷാജി വീട്ടില്‍ വളര്‍ത്തിയിരുന്നത്.

കഴിഞ്ഞ ദിവസം കുഞ്ചിത്തണ്ണിയിലും 28 പൂച്ചകള്‍ മീന്‍തല തിന്ന് ചത്തു.

രാസവസ്തു ഉള്ളില്‍ച്ചെന്നതാവാം കാരണം

Read more

ചത്ത പൂച്ചകളെ ഉടമസ്ഥന്‍ കുഴിച്ചിട്ടതിനാല്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കാനായിട്ടില്ല. കേടാകാതിരിക്കാന്‍ കൂടിയ അളവില്‍ രാസവസ്തു ചേര്‍ത്ത മീന്‍ കഴിച്ചതാവാം പൂച്ചകള്‍ ചാകാന്‍ കാരണം. കാക്കനാട്ടുള്ള റീജണല്‍ കെമിക്കല്‍ ലബോറട്ടറിയില്‍ ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചാല്‍ മാത്രമേ യഥാര്‍ഥ കാരണം വ്യക്തമാകൂ- ജില്ലാ സീനിയര്‍ വെറ്ററിനറി സര്‍ജന്‍ പി.വി.നരേന്ദ്രന്‍