കണ്ണൂരില്‍ വീണ്ടും ജയരാജ സ്‌തുതികള്‍

സംസ്‌ഥാന സെക്രട്ടറി തന്നെ വിമര്‍ശിക്കപ്പെടുന്ന പുതിയ സാഹചര്യത്തില്‍ കണ്ണൂരിലെ പി. ജയരാജന്‍ ഫാന്‍സ്‌ സഖാക്കള്‍ക്ക്‌ വീര്യമേറി. വ്യക്‌ത്യാരാധനയെ വിമര്‍ശിക്കുകയും നിരാകരിക്കുകയും ചെയ്യണമെന്ന അടിസ്‌ഥാന തത്വം ലംഘിച്ചതിന്റെ പേരില്‍ പാര്‍ട്ടി വിമര്‍ശനത്തിനിരയായ ജയരാജനു പിന്തുണയുമായി കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപക പോസ്‌റ്ററുകളും ബോര്‍ഡുകളും ഇറങ്ങി.

നടപടി നിഴലില്‍ നില്‍ക്കെ തന്നെ മഹത്വവല്‍ക്കരിക്കുന്ന രീതിയിലുള്ള പ്രചാരണ പരിപാടികള്‍ ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട്‌ നടത്തരുതെന്നു ജയരാജന്‍ തന്നെ ആവശ്യപ്പെട്ടിരുന്നെങ്കിലും അണികള്‍ ചെവിക്കൊള്ളുന്നില്ല.
ജയരാജനെതിരേ സംസ്‌ഥാന കമ്മറ്റിയില്‍ റിപ്പോര്‍ട്ടവതരിപ്പിച്ച സെക്രട്ടറി തന്നെ പ്രതികൂട്ടിലായ സാഹചര്യത്തിലാണ്‌ അണികളില്‍ പുതിയ ആവേശം നിറഞ്ഞത്‌. നിലവിലെ സാഹചര്യത്തില്‍ നാളെ മുതല്‍ നടക്കുന്ന ജില്ലാ സമ്മേളനം ജയരാജന്‍ ഫാന്‍സ്‌ ഷോയാകുമോ എന്ന ആശങ്കയിലാണു സംസ്‌ഥാന നേതൃത്വം.

കണ്ണൂര്‍-തലശേരി ദേശീയപാതയില്‍ തെഴുക്കിലെ പീടികയില്‍ സമ്മേളനത്തിന്റെ ചുമരെഴുത്തിനൊപ്പം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ കൂറ്റന്‍ ഫ്‌ളക്‌സും സ്‌ഥാപിച്ചിട്ടുണ്ട്‌. കണ്ണൂരിന്റെ സൂര്യ തേജസ്‌ എന്ന കുറിപ്പോടു കൂടിയാണ്‌ ഫ്‌ളക്‌സ്‌ സ്‌ഥാപിച്ചിരിക്കുന്നത്‌.
ജയരാജന്‍ പാര്‍ട്ടിക്ക്‌ വേണ്ടി സഹിച്ച ത്യാഗങ്ങള്‍ സൂചിപ്പിക്കുന്ന ബോര്‍ഡുകളും വ്യാപകമായിട്ടുണ്ട്‌. 1999ല്‍ തിരുവോണ നാളില്‍ സംഘപരിവാര്‍ ശക്‌തികളുടെ അക്രമത്തിനിരയായ സംഭവത്തിലൂന്നിയുള്ള ബോര്‍ഡുകളും പോസ്‌റ്ററുകളും തയാറാക്കിയാണ്‌ അണികള്‍ ജയരാജന്റെ സാഹസിക ജീവിതം അണികള്‍ ചര്‍ച്ചയാക്കുന്നത്‌.