കെഎസ്ആര്‍ടിസിയുടെ പ്രതിമാസ വരവ്‌ചെലവ് അന്തരം 183 കോടി

കെഎസ്ആർടിസിയുടെ പ്രതിമാസ വരവു –ചെലവ് അന്തരം 183 കോടി രൂപായെന്നു മുഖ്യമന്ത്രി. വരുമാനം 170 കോടി രൂപയാണെങ്കിൽ ചെലവ് 353 കോടി രൂപയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു.

ഡീസൽ, ലൂബ്രിക്കന്റ് ഇനത്തിൽ 94 കോടി, ശമ്പളമായി 86 കോടി, പെൻഷൻ വകയിൽ 60 കോടി, പെൻഷൻ ആനുകൂല്യമായി ആറു കോടി, വായ്പാ തിരിച്ചടവുകൾക്കായി 87 കോടി, സ്‌പെയർ പാർട്സ് വാങ്ങുന്നതിന് 10 കോടി എന്നിങ്ങനെയാണു ചെലവുകൾ. കടത്തിന്റെ തിരിച്ചടവും ദൈനംദിന ചെലവും കഴിഞ്ഞാൽ റവന്യു വരുമാനത്തിൽ നിന്ന് ഒന്നും തന്നെ മിച്ചമില്ലെന്നു മുഖ്യമന്ത്രി അറിയിച്ചു.

ഡീസൽ വിലവർധന മൂലം കെഎസ്ആർടിസിക്കു പ്രതിമാസം 10 കോടി രൂപയുടെ അധിക ചെലവാണുള്ളത്. സാമ്പത്തിക പുനക്രമീകരണത്തിന്റെ ഭാഗമായി കൂടിയ പലിശ നിരക്കിലും കുറഞ്ഞകാല തിരിച്ചടവിലും കെഎസ്ആർടിസി എടുത്തിട്ടുള്ള വായ്പകൾ പൊതുമേഖലാ ബാങ്കുകളുടെ കൺസോർഷ്യത്തിലേക്കു മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ വർഷം ജൂൺ, സെപ്റ്റംബർ എന്നീ മാസങ്ങളിൽ 10,000 രൂപയിലധികം പെൻഷൻ വാങ്ങുന്നവർക്ക് 10,000 രൂപ കഴിച്ചു ബാക്കിയുള്ള തുക നൽകാനുണ്ട്. ഡിസംബർ, ജനുവരി മാസങ്ങളിലെ പെൻഷനും വിതരണം ചെയ്യാനുണ്ടെന്നു മുഖ്യമന്ത്രി അറിയിച്ചു.