ജയിലിലിരുന്ന് ഫോണിലൂടെ കൊടി സുനിയുടെ 'ഓപ്പറേഷന്‍'

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം തടവനുഭവിക്കുന്ന കൊടി സുനി, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിരുന്ന് കവര്‍ച്ച ആസൂത്രണംചെയ്ത് നടപ്പാക്കി.

കോഴിക്കോട്ട് കാര്‍ യാത്രക്കാരനെ ആക്രമിച്ച് മൂന്ന് കിലോഗ്രാം കള്ളക്കടത്ത് സ്വര്‍ണം കവര്‍ന്നതാണ് കേസ്. കേസില്‍ ഇയാളെ സെന്‍ട്രല്‍ ജയിലിലെത്തി ചോദ്യം ചെയ്യാന്‍ കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് (5) കോടതി പോലീസിന് അനുമതി നല്‍കി.

ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും കോഴിക്കോട്ടെ പോലീസും സമാന്തരമായി അന്വേഷണം നടത്തുന്ന കേസിലാണ് നിര്‍ണായക വഴിത്തിരിവ്. 2016 ജൂലായ് 16-ന് രാവിലെ ആറോടെ ദേശീയപാതയില്‍ നല്ലളം മോഡേണ്‍ സ്റ്റോപ്പിനുസമീപം കാര്‍ യാത്രക്കാരനെ ആക്രമിച്ചാണ് സ്വര്‍ണം കവര്‍ന്നത്. കവര്‍ച്ചചെയ്യാനും സ്വര്‍ണം മറിച്ചുവില്‍ക്കാനും സുനി ജയിലില്‍നിന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ആസൂത്രണം നടത്തിയെന്നാണ് നല്ലളം പോലീസ് കണ്ടെത്തിയത്.