പോലീസ് നേതാക്കള്‍ മദ്യപിച്ച് ബൈക്കില്‍ ട്രിപ്പിളടിച്ചു; പിടിച്ച എസ്.ഐ.ക്ക് ഭീഷണി

പോലീസ് അസോസിയേഷന്‍ നേതാക്കള്‍ മദ്യപിച്ച് ബൈക്കില്‍ ട്രിപ്പിളടിച്ചു. പിടികൂടി കേസെുക്കാന്‍ ശ്രമിച്ചപ്പോള്‍ എസ്.ഐ.യെ ഭീഷണിപ്പെടുത്തി കടന്നു. എന്നാല്‍, ഇതേകാര്യത്തിന് പിടിയിലായ മറ്റുയാത്രക്കാരുടെ പരാതിയില്‍ ജില്ലാ പോലീസ് ചീഫീന്റെ നിര്‍ദേശ പ്രകാരം നടപടിക്ക് റിപ്പോര്‍ട്ട് നല്‍കി.

ആലപ്പുഴ ബീച്ചിന് സമീപം കഴിഞ്ഞ ദിവസമാണ് സംഭവം. ഏതോ സല്‍ക്കാരത്തില്‍ പങ്കെടുത്തശേഷമാണ് നേതാക്കള്‍ ബൈക്കിലെത്തിയത്. വാഹന പരിശോധനയ്ക്ക് നിന്ന എസ്.ഐ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞ് പിഴയീടാക്കാന്‍ ശ്രമിച്ചു. എന്നാല്‍, നേതാക്കളാണെന്ന വിവരം പറഞ്ഞ് എസ്.ഐ.യെ പേടിപ്പിച്ച് കടന്നു.

ആ സമയം പോലീസ് പിടിയിലായ മറ്റുള്ളവര്‍ ഇത് മൊബൈലില്‍ പകര്‍ത്തി. നേതാക്കളില്‍നിന്ന് പിഴയീടാക്കാത്തത് ചോദ്യംചെയ്യുകയും ചെയ്തു. പിന്നീട്, ഇതുസംന്ധിച്ച വീഡിയോ സഹിതം മറ്റു ബൈക്ക് യാത്രക്കാര്‍ പോലീസ് ചീഫിന് പരാതി നല്‍കി. പോലീസ് ചീഫിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് സിവില്‍ പോലീസ് ഓഫീസര്‍മാരായ മൂന്നു നേതാക്കള്‍ക്കെതിരേ എസ്.ഐ. വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്തു.

റിപ്പോര്‍ട്ട് നല്‍കി

ജില്ലാ പോലീസ് ചീഫിന്റെ നിര്‍ദേശമനുസരിച്ച് ബൈക്കിലെത്തിയ മൂന്ന് പോലീസുകാര്‍ക്കെതിരെയും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ബൈക്ക് പിടിച്ചപ്പോള്‍ അവര്‍ ഭീഷണിപ്പെടുത്തിയിട്ടൊന്നുമില്ല.

-വി.ആര്‍.ശിവകുമാര്‍

എസ്.ഐ., ആലപ്പുഴ നോര്‍ത്ത് പോലീസ് സ്റ്റേഷന്‍