റെയില്‍വേയോട് യാത്രികര്‍ ചോദിക്കുന്നു; തത്കാല്‍ നിബന്ധനകള്‍ മാറില്ലേ

റെയില്‍വേയുടെ മികച്ച വരുമാനമാര്‍ഗമായ തത്കാല്‍ ടിക്കറ്റുകളുടെ നിബന്ധന പരിഷ്‌കരിക്കണമെന്ന ആവശ്യം ശക്തം. സംവിധാനത്തിന്റെ അശാസ്ത്രീയത കാരണം ദിവസേന മൂന്നുലക്ഷം സീറ്റുകള്‍ വരെയാണ് ഒഴിഞ്ഞുകിടക്കുന്നത്. നിരക്കുകളില്‍ കാര്യമായ മാറ്റമില്ലാതെ റെയില്‍വേയ്ക്കുകൂടി ഗുണകരമായ വിധത്തില്‍ വ്യവസ്ഥകള്‍ പുനഃക്രമീകരിക്കാനാകുമെന്നാണ് ഉപഭോക്തൃസംഘടനകള്‍ പറയുന്നത്.

അടിയന്തരസാഹചര്യത്തില്‍ യാത്രികരെ സഹായിക്കാന്‍ തുടങ്ങിയതാണ് തത്കാല്‍ പദ്ധതി. വരുമാനസാധ്യത തിരിച്ചറിഞ്ഞ അധികൃതര്‍ പിന്നീട് പലതവണ പരിഷ്‌കാരങ്ങള്‍ നടപ്പാക്കി. പ്രത്യക്ഷത്തില്‍ യാത്രികര്‍ക്ക് ഗുണകരമെന്നു തോന്നിയിരുന്ന ഇവയില്‍ മിക്കതും പിന്നീട് വിനയായി തീര്‍ന്നതായി യാത്രികര്‍ പറയുന്നു.

അറുപത് ദിവസം മുന്‍പ് തീവണ്ടിയിലെ അറുപതു മുതല്‍ എഴുപതുശതമാനം സീറ്റുകള്‍ മാത്രമേ ബുക്ക് ചെയ്യാനാകൂ. ബാക്കി ടിക്കറ്റുകള്‍ യാത്രയുടെ തലേദിവസമാണ് ബുക്ക് ചെയ്യാനാവുക. സ്ലീപ്പര്‍ ടിക്കറ്റിന് ഏകദേശം പത്തുശതമാനവും മറ്റെല്ലാവിഭാഗങ്ങള്‍ക്കും മുപ്പതുശതമാനവും അധികം തുക നല്‍കണം. സീസണനുസരിച്ച് നിരക്കില്‍ വ്യത്യാസം വരാം. എന്നാല്‍ ചുരുങ്ങിയ നിരക്കും കൂടിയനിരക്കും നിശ്ചയിച്ചിട്ടുമുണ്ട്.

യാത്രയുടെ അറുപതുദിവസം മുമ്പ് 60 ശതമാനം ബുക്കിങ്ങും ഇരുപതുദിവസം മുമ്പ് 20 ശതമാനവും ബാക്കി യാത്രയോട് അടുത്ത ദിവസങ്ങളിലും ലഭ്യമാക്കിയാല്‍ ഗുണകരമാകുമെന്നാണ് ഉപഭോക്തൃസംഘടനകളുടെ വാദം. ദിവസങ്ങളുടെ അടുപ്പം കൂടുന്നതിനനുസരിച്ച് നിരക്കിലും വ്യത്യാസം വരുത്താവുന്നതാണ്.