അവതാരകയെ അപമാനിച്ച പോലീസ് ഉന്നതന്റെ പെന്‍ഷനില്‍ പിഴയിട്ടു

Advertisement

തിരുവനന്തപുരം : പൊതുചടങ്ങിനിടെ അവതാരകയെ അപമാനിച്ച പോലീസ്‌ ഉന്നതന്‌ വിരമിച്ചശേഷം പിഴശിക്ഷ. സംസ്‌ഥാന പോലീസ്‌ ഹൈടെക്‌ സെല്‍ എ.സി.പിയായിരുന്ന വിനയകുമാരന്‍ നായരുടെ പ്രതിമാസപെന്‍ഷനില്‍നിന്ന്‌ 200 രൂപ വീതം പിഴയീടാക്കാനാണ്‌ അസാധാരണ ഉത്തരവ്‌. മുഖ്യമന്ത്രി പിണറായി വിജയന്റെ കര്‍ശനനിര്‍ദേശത്തെത്തുടര്‍ന്നാണ്‌ ഇതുസംബന്ധിച്ച ഉത്തരവ്‌ ആഭ്യന്തര അഡീഷണല്‍ ചീഫ്‌ സെക്രട്ടറി സുബ്രതോ വിശ്വാസ്‌ പുറപ്പെടുവിച്ചത്‌.

2016 ഓഗസ്‌റ്റ്‌ 20ന്‌ കൊല്ലത്തുനടന്ന രാജ്യാന്തര സൈബര്‍ സുരക്ഷാ സമ്മേളനത്തിനിടെയാണ്‌ പോലീസ്‌ സേനയ്‌ക്കു നാണക്കേട്‌ സൃഷ്‌ടിച്ച സംഭവം അരങ്ങേറിയത്‌. ചടങ്ങിന്റെ അവതാരകയായ യുവതിയുടെ സമ്മതമില്ലാതെ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുകയും ദേഹത്തു സ്‌പര്‍ശിച്ചെന്നുമാണ്‌ പരാതി. പരാതിയെത്തുടര്‍ന്നു നടത്തിയ വകുപ്പുതല അന്വേഷണത്തിനൊടുവില്‍ വിനയകുമാരന്‍ നായരെ സസ്‌പെന്‍ഡും ചെയ്‌തിരുന്നു.

പോലീസ്‌ സേനയുടെ അന്തസിനു കോട്ടംതട്ടുന്ന തരത്തിലുള്ള ഉത്തരവാദിത്വമില്ലായ്‌മ, സ്വഭാവദൂഷ്യം എന്നിവ തെളിഞ്ഞ കുറ്റത്തിനു കേരള സര്‍വീസ്‌ ചട്ടം ഭാഗം-3 ചട്ടം 3(എ) പ്രകാരം 200 രൂപ രണ്ടുവര്‍ഷത്തേക്ക്‌ കുറവ്‌ ചെയ്യാനാണ്‌ തീരുമാനം. ഈ തീരുമാനം സ്‌ഥിരപ്പെടുത്താതിരിക്കാന്‍ 15 ദിവസത്തിനകം രേഖാമൂലം വിശദീകരണം സമര്‍പ്പിക്കാനും ആഭ്യന്തരവകുപ്പ്‌ പുറപ്പെടുവിച്ച കാരണം കാണിക്കല്‍ നോട്ടീസില്‍ വിനയകുമാരന്‍ നായരോട്‌ ആവശ്യപ്പെടുന്നു.

സ്‌ത്രീയെ അപമാനിച്ചതിന്റെ പേരില്‍ ഇത്തരത്തിലൊരു നടപടി ആദ്യമാണ്‌. സൈബര്‍ സുരക്ഷാ സമ്മേളനത്തിന്റെ പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍മാരിലൊരാളായിരുന്നു വിനയകുമാരന്‍നായര്‍. സമ്മേളനത്തിന്റെ സാംസ്‌കാരിക പരിപാടിക്കിടെ അവതാരകയുടെ അടുത്ത്‌ സ്‌ഥാനം പിടിച്ചശേഷം ശല്യപ്പെടുത്തുകയായിരുന്നു. യുവതിയുടെ പരാതിയെത്തുടര്‍ന്ന്‌ അന്നത്തെ കൊല്ലം കമ്മിഷണര്‍ പി. പ്രകാശ്‌ സമ്മേളനഹാളില്‍നിന്ന്‌ ഈ ഉദ്യോഗസ്‌ഥനെ പുറത്താക്കിയിരുന്നു. യുവതിയുടെ ഫോണില്‍വിളിച്ചും സന്ദേശം അയച്ചും ഇയാള്‍ ശല്യപ്പെടുത്തിയെന്നാണ്‌ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്‌ നല്‍കിയത്‌.

തുടര്‍ന്ന്‌ അഞ്ചാലുംമൂട്‌ പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു. അന്നത്തെ കൊല്ലം റൂറല്‍ എസ്‌.പി: അജിതാബീഗം ഇക്കാര്യത്തെക്കുറിച്ച്‌ അന്വേഷണം നടത്തി ഗുരുതരമായ സ്വഭാവദൂഷ്യം, ഉത്തരവാദിത്വമില്ലായ്‌മ, അച്ചടക്കലംഘനം എന്നിവ പ്രഥമദൃഷ്‌ട്യാ കണ്ടെത്തുകയും ചെയ്‌തു. എന്നാല്‍ അപമാനഭയത്താല്‍ യുവതി പിന്നീട്‌ അന്വേഷണവുമായി സഹകരിച്ചില്ല. ഇക്കാര്യവും കാരണം കാണിക്കല്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.