എലിസബത്ത് മടങ്ങിയെത്തി,തോമസ് മഞ്ഞില്‍ മറഞ്ഞു

പാകിസ്താനിലെ “കൊലയാളി കൊടുമുടി” എന്നറിയപ്പെടുന്ന നംഗ പര്‍വതത്തിന്റെ മുകളില്‍ കുടുങ്ങിയ പര്‍വതാരോഹകയെ രക്ഷപ്പെടുത്തി. ഇവരുടെ കൂട്ടുകാരനുവേണ്ടിയുള്ള തെരച്ചില്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഉപേക്ഷിച്ചു. സമുദ്രനിരപ്പില്‍നിന്ന് 7,400 മീറ്റര്‍ ഉയരത്തിലാണു ഫ്രഞ്ച് പര്‍വതാരോഹക എലിസബത്ത് റവോളും സുഹൃത്ത് തോമസ് മാക്കിയാവിസ്സും കുടുങ്ങിയത്. ബേസ് ക്യാമ്പുമായുള്ള ബന്ധം നഷ്ടപ്പെട്ടതാണ് ഇവര്‍ക്കു തിരിച്ചടിയായത്. പാക് സൈന്യത്തിന്റെ സഹായത്തോടെ കെ2 പര്‍വതത്തില്‍ തന്നെയുണ്ടായിരുന്ന പോളിഷ് പര്‍വതാരോഹകരാണു എലിസബത്തിനെ രക്ഷപ്പെടുത്തിയത്. അവസാനം സന്ദേശം ലഭിച്ചയിടത്താണു നാലംഗ സംഘം അവരെ കണ്ടെത്തിയത്. മോശം കാലാവസ്ഥ കാരണം തോമസിനായുള്ള അന്വേഷണം തല്‍ക്കാലം അവസാനിപ്പിച്ചു.