നടിമാര്‍ക്കെതിരേ സൈബര്‍ ആക്രമണം ഗൂഢാലോചന? 'ഫാനു'കള്‍ കറങ്ങും

നടിമാരായ പാര്‍വതി, റിമ കല്ലുങ്കല്‍, ഗീതുമോഹന്‍ദാസ് എന്നിവര്‍ക്കെതിരേ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയം. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ശക്തമാക്കി പോലീസ്. സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരേ പാര്‍വതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റിലായ തൃശൂര്‍ വടക്കാഞ്ചേരി സ്വദേശിയ പ്രിന്റോ മമ്മൂട്ടിയുടെ കടുത്ത ആരാധകനാണ്. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു.

ഫെയ്സ്ബുക്കില്‍ നൂറുകണക്കിനു കമന്റുകളാണ് പാര്‍വതിക്കെതിരായി ഉണ്ടായത്. ഇത്തരം അഭിപ്രായ ആക്രമണങ്ങള്‍ക്കുപിന്നില്‍ ഗൂഢാലോചനയുണ്ടോയെന്നാണു പരിശോധിക്കുന്നത്. ആരെങ്കിലും പദ്ധതി തയാറാക്കിയതിനനുസൃതമായാണോ ഇത്തരം സംഘടിത ആക്രമണം ഒരുമിച്ചുണ്ടായിയെന്നതാണ് പരിശോധിക്കുന്നത്. മമ്മൂട്ടി ഫാന്‍സ് അസോസിയേഷനുമായി ബന്ധപ്പെട്ടും അന്വേഷണം നടക്കുന്നുണ്ട്. സിനിമകളുടെ പ്രമോഷനുകളുടെ ഭാഗമായി ഫാന്‍സ് അസോസിയേഷനുകള്‍ സംഘടിതമായി സിനിമ വിജയിപ്പിക്കുന്നതിനും പരാജയപ്പെടുത്തുന്നതിനും ആവശ്യമായ സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കാറുണ്ട്. ഇത്തരത്തില്‍ എന്തെങ്കിലും നീക്കമുണ്ടോയെന്നാണ് പരിശോധിക്കുന്നത്. ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെ പരിശോധിക്കുന്നുണ്ട്.

ചലച്ചിത്രമേളയുടെ ഓപ്പണ്‍ഫോറത്തിലാണ് കസബയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ സ്ത്രീവിരുദ്ധനിലപാടിനെക്കുറിച്ച് പാര്‍വതി പരാമര്‍ശം നടത്തിയത്. ഇതോടെയാണ് മമ്മൂട്ടി ആരാധകര്‍ സോഷ്യല്‍ മീഡിയ വഴി അക്രമണം തുടങ്ങിയത്. പാര്‍വതിയെ അനുകൂലിച്ച് റീമ കലിങ്കലും ഗീതുമോഹന്‍ദാസും എത്തിയിരുന്നു. ഇതോടെ ഇവര്‍ക്കെതിരേയും കമന്റുകള്‍ നിറഞ്ഞു. ആക്രമണങ്ങള്‍ ലൈംഗികമായി അധിക്ഷേപത്തിലേക്കു കൂടി തിരിഞ്ഞതോടെയാണ് പാര്‍വതി പോലീസില്‍ പരാതി നല്‍കിയത്.

എന്നാല്‍ സംഭവവുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു. മമ്മൂട്ടിയുടെ സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമായാണ് സംഘടന രൂപീകരിച്ചത്. സംഘടനയുടെ സജീവ പ്രവര്‍ത്തകരാരും ഇത്തരത്തില്‍ പോസ്റ്റുകള്‍ ഇടരുതെന്ന് മുന്‍പേ നിര്‍ദേശം കൊടുത്തിട്ടുണ്ട്. എന്നാല്‍ അസോസിയേഷനുള്ളില്‍ മാത്രമല്ല മമ്മൂട്ടിയുടെ ആരാധകരുള്ളത്. അവര്‍ പ്രതികരിച്ചാല്‍ തങ്ങള്‍ക്ക് ഒന്നും ചെയ്ാന്‍ യകഴിയില്ലെന്നും ഭാരവാഹികള്‍ മംഗളത്തോട് പറഞ്ഞു.അറസ്റ്റിലായ പ്രിന്റോ അസോസിയേഷന്‍ അംഗമല്ലെന്നും ഇവര്‍ വ്യക്തമാക്കി