ഇന്റര്‍നെറ്റില്‍ 'ഇടപെടാന്‍' കേന്ദ്രസര്‍ക്കാര്‍; സമൂഹമാധ്യമ പ്രചാരണത്തിന് പ്രാദേശിക 'പട'

ന്യൂഡൽഹി ∙ പ്രാദേശികതലത്തിൽ വാർത്ത ശേഖരിക്കാനും കേന്ദ്രസർക്കാർ പദ്ധതികൾ സംബന്ധിച്ച് അഭിപ്രായം അറിയാനും ‘സോഷ്യൽ മീഡിയ കമ്യൂണിക്കേഷൻ ഹബ്’ രൂപീകരിക്കാൻ കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം. രാജ്യത്തെ ഓരോ ജില്ലയിലും സർക്കാരിന്റെ ‘കണ്ണും കാതു’മാകാൻ മാധ്യമപ്രവർത്തകരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കും. ഇവർ തൽസമയ വാർത്തകൾ അറിയിച്ചുകൊണ്ടിരിക്കും.

ഒപ്പം, കേന്ദ്രസർക്കാരിന്റെ പ്രധാന പദ്ധതികളെക്കുറിച്ചു ജനങ്ങൾക്കുള്ള അഭിപ്രായം ശേഖരിക്കുകയും ചെയ്യും. പ്രാദേശിക തലത്തിൽനിന്നു കിട്ടുന്ന വിവരങ്ങൾ പരിശോധിക്കാനും വിലയിരുത്താനും കേന്ദ്രത്തിൽ വിദഗ്ധരെ നിയോഗിക്കും. കേന്ദ്രസർക്കാരിനെക്കുറിച്ച് ഓരോ പ്രദേശത്തും നിലനിൽക്കുന്ന തെറ്റിദ്ധാരണകൾ നീക്കുകയും യഥാർഥ വിവരങ്ങൾ നൽകുകയുമാണു ഹബ് രൂപീകരണത്തിന്റെ ലക്ഷ്യം.

മന്ത്രാലയത്തിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺസൽറ്റന്റ്സ് ഇന്ത്യ പദ്ധതിക്കാവശ്യമായ സോഫ്റ്റ്‍വെയർ തയാറാക്കാനുള്ള ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. ഇംഗ്ലിഷ്, ഹിന്ദി, മലയാളം, ഉറുദു, തമിഴ്, തെലുങ്ക്, ബംഗാളി, പഞ്ചാബി, കന്നഡ തുടങ്ങി വിവിധ ഭാഷകൾ ഉപയോഗിക്കാവുന്ന സോഫ്റ്റ്‍വെയറാണു തയാറാക്കേണ്ടത്.

സൈബർ കുറ്റകൃത്യങ്ങൾ തടയാൻ കേന്ദ്രീകൃത ഏകോപന സംവിധാനം
ന്യൂഡൽഹി ∙ സൈബർ കുറ്റകൃത്യങ്ങൾ തടയാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേന്ദ്രീകൃത ഏകോപന സംവിധാനം ഏർപ്പെടുത്തുന്നു. ‘ഇന്ത്യൻ സൈബർ ക്രൈം കോഓർഡിനേഷൻ സെന്റർ’ എന്നു പേരിട്ട കേന്ദ്രം ഡൽഹിയിലായിരിക്കും. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സൈബർ ക്രൈം കേന്ദ്രങ്ങൾ തുടങ്ങാൻ സംസ്ഥാന സർക്കാരുകൾക്കു നിർദേശവും നൽകി. ഇന്റർനെറ്റിലൂടെയുള്ള സാമ്പത്തിക തട്ടിപ്പുകൾ, വർഗീയ – അശ്ലീല പ്രചാരണങ്ങൾ എന്നിവ തടയുകയാണു ലക്ഷ്യം.

സംസ്ഥാന സർക്കാരുകളുമായി ചേർന്ന് ഇന്റർനെറ്റും സമൂഹ മാധ്യമങ്ങളും കേന്ദ്രം നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കും. ഇതിനു പുറമേ, എല്ലാ സംസ്ഥാനങ്ങളിലും സൈബർ ഫോറൻസിക് ട്രെയിനിങ് ലാബുകളും പരിശീലന കേന്ദ്രങ്ങളും സ്ഥാപിക്കാൻ 83 കോടി രൂപ മന്ത്രാലയം നീക്കിവച്ചു. 2014–16 കാലത്ത് 1.44 ലക്ഷം സൈബർ ആക്രമണങ്ങൾ ഇന്ത്യയിലുണ്ടായെന്നാണ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണ്ടെത്തൽ. ഓരോ വർഷവും ഇതു കൂടിക്കൊണ്ടിരിക്കുകയാണ്