വഖഫ് ബോർഡിൽ ലീഗ് നിലപാട് ബിജെപിക്കൊപ്പം; 2006-ൽ ഉമ്മറലി ശിഹാബ് തങ്ങളെ സംരക്ഷിച്ച ചരിത്രം ഓർമ്മിപ്പിച്ച് പി. രാജീവ്
വഖഫ് ബോർഡിൽ അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്താനുള്ള നീക്കത്തിൽ മുസ്ലിം ലീഗിനും യുഡിഎഫ് സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രിയും സിപിഐഎം നേതാവുമായ പി. രാജീവ്. ഇസ്ലാമിക മതവിശ്വാസമനുസരിച്ചുള്ള വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യാൻ അമുസ്ലിം വേണമെന്ന് സമ്മതിക്കുന്ന മുസ്ലിം ലീഗിന്റെ നിലപാട് ബിജെപിക്കൊപ്പമാണെന്ന് സിപിഐഎം കേരളത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പിൽ പി. രാജീവ് കുറ്റപ്പെടുത്തി. എൽഡിഎഫ് സർക്കാരുകൾ വഖഫ് ബോർഡിനോട് സ്വീകരിച്ച ജനാധിപത്യപരമായ സമീപനങ്ങൾ എടുത്തുകാണിച്ചുകൊണ്ടാണ് അദ്ദേഹം വിമർശനം ഉന്നയിച്ചിരിക്കുന്നത്.
2006-ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ ലീഗ് നേതാവായിരുന്ന പാണക്കാട് ഉമ്മറലി ശിഹാബ് തങ്ങളായിരുന്നു വഖഫ് ബോർഡ് ചെയർമാൻ. എന്നാൽ, അധികാരത്തിലെത്തിയ ഉടനെ ലീഗ് നയിക്കുന്ന ബോർഡ് പിരിച്ചുവിടാനല്ല എൽഡിഎഫ് ശ്രമിച്ചത്. പകരം ആ ബോർഡിന്റെ പ്രവർത്തനത്തിന് ആവശ്യമായ മുഴുവൻ പിന്തുണയും നൽകി. ചെയർമാനായിരിക്കുമ്പോഴാണ് അദ്ദേഹം നിര്യാതനായത്. പിന്നീട് 2016-ൽ പിണറായി വിജയന്റെ നേതൃത്വത്തിൽ എൽഡിഎഫ് വീണ്ടും അധികാരത്തിൽ വന്നപ്പോൾ പാണക്കാട് റഷീദലി തങ്ങളായിരുന്നു ചെയർമാൻ. അന്നും ബോർഡിനെ പിരിച്ചുവിടാൻ എൽഡിഎഫ് തയ്യാറായില്ല, പകരം 2019-ൽ കാലാവധി പൂർത്തിയാക്കാൻ അവർക്ക് പൂർണ്ണ പിന്തുണ നൽകിയെന്നും രാജീവ് ചൂണ്ടിക്കാട്ടി.
എന്നാൽ നിലവിൽ കോടതി വിധി വരും മുമ്പ് തന്നെ യുഡിഎഫ് സർക്കാർ ബിജെപിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറിപ്പിൽ പറയുന്നു. വഖഫ് നിയമം ചോദ്യം ചെയ്യുന്ന കേസുകൾ എല്ലാം തള്ളിപ്പോയെന്നും, അമുസ്ലിം വിഭാഗത്തിൽപ്പെട്ടവരെ ഉൾപ്പെടുത്തേണ്ടത് നിർബന്ധമാണെന്നുമുള്ള നുണ മുഖ്യമന്ത്രി പറഞ്ഞപ്പോൾ മുസ്ലിം ലീഗ് സ്വീകരിച്ച നിശബ്ദത വലിയ ചതിയാണ്. വഖഫ് ബോർഡിൽ അമുസ്ലിം വിഭാഗത്തെ ഉൾപ്പെടുത്തിയതിന്റെ നിയമസാധുത സുപ്രീംകോടതി പരിശോധിക്കാൻ ഇരിക്കുന്നതേയുള്ളു. ആ വിധി വരുന്നതുവരെ ഒഴിവുകളിടുക എന്ന നിലപാടാണ് തമിഴ്നാട്ടിലെ ഡിഎംകെ സർക്കാരും മുൻ കേരളത്തിലെ എൽഡിഎഫ് സർക്കാരും സ്വീകരിച്ചത്. എന്നാൽ ഇപ്പോഴേ വിധി പ്രതികൂലമായിയെന്ന് പ്രഖ്യാപിച്ച് അമുസ്ലിമിനെ ബോർഡിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച യുഡിഎഫ് സർക്കാർ ഫലത്തിൽ ബിജെപി സർക്കാരായി മാറിയെന്നും പി. രാജീവ് വിമർശിച്ചു.
വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ ലീഗ് നുണകൾ നിർമ്മിക്കുകയാണ്. പുതിയ നിയമമനുസരിച്ച് സർക്കാരിന്റെ പ്രീതിയില്ലെങ്കിൽ നടപടിയെടുക്കാമെന്ന നിലവിലെ വഖഫ് മന്ത്രി ഷംസുദ്ദീന്റെ വാദം തെറ്റാണ്. 1995-ലെ നിയമത്തിൽ ചെയർപേഴ്സനെയും അംഗങ്ങളെയും നീക്കം ചെയ്യാനുള്ള 20-ാം വകുപ്പ് പുതിയ ഭേദഗതി നിയമത്തിലും അതേപടി നിലനിർത്തിയിട്ടുണ്ട്.
അവിശ്വാസപ്രമേയത്തിലൂടെ ചെയർമാനെ നീക്കം ചെയ്യാനുള്ള 20A വകുപ്പ് ഭേദഗതിയിൽ ഇല്ലാതാക്കിയതിനാൽ സംസ്ഥാന ഭരണം ഉപയോഗിച്ച് അംഗങ്ങളെ തിരുകിക്കയറ്റിയാലും ഭൂരിപക്ഷം ഉപയോഗിച്ച് ചെയർമാനെ പുറത്താക്കാൻ കഴിയില്ല. അതുകൊണ്ടാണ് ബോർഡ് രൂപീകരണം തന്നെ നിയമവിരുദ്ധമാണെന്ന് കോടതി വഴി പ്രഖ്യാപിക്കാൻ യുഡിഎഫും ബിജെപിയും ഡീൽ ഉണ്ടാക്കി ശ്രമിക്കുന്നതെന്നും പി. രാജീവിന്റെ കുറിപ്പിൽ വ്യക്തമാക്കുന്നു.
‘അമ്മ ആരെന്ന് അറിയാത്തവരാണ് വന്ദേമാതരം പാടുന്നതിനെ എതിർക്കുന്നത്’; വിവാദ പരാമർശവുമായി വി സി മോഹനൻ കുന്നുമ്മൽ
ആർഎസ്എസ് വേദിയിൽ വീണ്ടും കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മൽ