വര്‍ത്തമാനം, അരാഷ്ട്രീയ ഇന്ത്യയുടെ നേര്‍ക്കണ്ണാടി

സാലിഹ് റാവുത്തര്‍

വര്‍ത്തമാനകാല ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് ആര്യാടന്‍ ഷൗക്കത്തിന്‍റെ രചനയില്‍ സിദ്ധാര്‍ത്ഥ് ശിവ സംവിധാനം നിര്‍വ്വഹിച്ച “വര്‍ത്തമാനം” എന്ന ചിത്രം പ്രമേയമാക്കിയിട്ടുള്ളത്. ഒരു കാമ്പസിന്‍റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നതെങ്കിലും രാജ്യത്തിന്‍റെ മുക്കിലും മൂലയിലും ഫാസിസ്റ്റ് തത്പരകക്ഷികള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് എന്ത് എന്നത് ചിത്രം കാട്ടിത്തരുന്നു.

രാജ്യത്തെ ഏറ്റവും പ്രശസ്തമായ യൂണിവേഴ്സിറ്റിയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായി വരുന്ന ഫൈസ എന്ന മലയാളി പെണ്‍കുട്ടിയിലൂടെയാണ് കഥ നീങ്ങുന്നത്. കണ്‍മുന്നില്‍ കാണുന്നതിനോട് പ്രതികരിക്കാതിരിക്കാന്‍ കഴിയാത്ത അവള്‍ സ്വാഭാവികമായും പ്രതികരിക്കുന്ന യുവത്വത്തോടൊപ്പം ചേരുന്നു.

ദളിത് സംവരണത്തെ പുച്ഛത്തോടെയും അനാവശ്യമായും കാണുന്നവര്‍ അത്തരത്തിലുള്ള വിദ്യാര്‍ത്ഥികളെ തിരഞ്ഞുപിടിച്ച് ദ്രോഹിക്കുന്ന പ്രവണത ഒരു പുതുമയല്ലാതെ മാറിയിട്ടുണ്ട് വടക്കന്‍ സംസ്ഥാനങ്ങളില്‍. അവര്‍ പഠനമുപേക്ഷിച്ചു പോകുകയാണ് ചെയ്യുന്നവരുടെ ഉദ്ദേശ്യം. മതേതരത്വം എന്ന വാക്കു തന്നെ ഭരണഘടനയില്‍ നിന്നും ഒഴിവാക്കണം എന്ന് ലജ്ജയില്ലാതെ വിളിച്ചുപറയാന്‍ ചില നേതാക്കളെപ്പോലും ധൈര്യപ്പെടുത്തുന്ന സ്ഥിതിവിശേഷത്തിലേക്ക് സമീപകാലം മാറിയിട്ടുണ്ട്. ന്യൂനപക്ഷസമുദായത്തില്‍ പെടുന്ന വിദ്യാര്‍ത്ഥികളെ മാത്രമല്ല അവരെ പിന്തുണയ്ക്കുന്ന സെക്യുലര്‍ മനോഭാവക്കാരെയും ദേശവിരുദ്ധരായും രാജ്യദ്രോഹികളായും ചിത്രീകരിക്കാന്‍ പെയ്ഡ് ചാനലുകള്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ള കാലമാണിത്.  ഫോബിയ സൃഷ്ടിക്കലും സെലക്ടീവ് ജേര്‍ണലിസവുമെല്ലാം ഇതിന്‍റെ ഭാഗമാണ്.  ഈ ഭീഷണമായ സ്ഥിതിവിശേഷം ചര്‍ച്ചചെയ്യപ്പെടുന്നുണ്ട് വര്‍ത്തമാനത്തില്‍.

സമീപകാലത്ത് ചരിത്രത്തെ തങ്ങള്‍ക്കനുകൂലമായും തങ്ങള്‍ അകാരണമായി വെറുക്കുന്നവരെ വിലോമശക്തികളായും വളച്ചൊടിക്കുന്ന സോഷ്യല്‍ മീഡിയാ ശ്രമങ്ങള്‍ ദൈനംദിനമാണ് പ്രത്യക്ഷപ്പെടുന്നത്. രാഷ്ട്രപിതാവിനെ, രാഷ്ട്രശില്‍പിയെ, ഭരണഘടനാ നിര്‍മ്മാതാക്കളെയെല്ലാം ഭര്‍ത്സിക്കുന്ന പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അവയിലൊന്നും കുഴപ്പം കാണാത്ത ഫാസിസ്റ്റ് ഭരണകൂടം ദേശദ്രോഹിപ്പട്ടം ചാര്‍ത്തിക്കൊടുക്കുകയും അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുകയും ചെയ്യുന്നത് പത്രക്കാരെയും സാഹിത്യകാരന്‍മാരെയും പ്രതികരിക്കുന്ന ബുദ്ധിജീവികളെയും ആക്ടിവിസ്റ്റുകളെയുമൊക്കെയാണ്. തങ്ങള്‍ ചെയ്ത കുറ്റമെന്താണെന്നു പോലുമറിയാതെ, വിചാരണയില്ലാതെ നിരവധി പേര്‍ക്ക് ജയിലില്‍ കഴിയേണ്ടി വരുന്ന കാലമാണിത്.

ചരിത്രത്തില്‍ കുടിയേറ്റങ്ങളും ആക്രമണങ്ങളുമെല്ലാം നടന്നിട്ടുണ്ട്. അതിന്‍റെയെല്ലാം പിന്നിലെ ലക്ഷ്യം ഏറിയകൂറും സാമ്പത്തികമാണ്. ഇതിനെ മറച്ചുവെച്ചു കൊണ്ട് എല്ലാം മതത്തിന്‍റെ കണ്ണില്‍ കൂടി കാണുന്ന നികൃഷ്ട സാഹിത്യകാരന്‍മാരുണ്ട് നമ്മുടെ സൈബറിടങ്ങളില്‍. അവര്‍ ചരിത്രം പഠിച്ചവരോ ഗവേഷണം നടത്തിയവരോ ഒന്നുമല്ല. സ്ഥിതിവിവരക്കണക്കുകൾ തങ്ങൾക്കു തോന്നുംവണ്ണം തലകീഴായി മറിച്ച് ആധികാരികം എന്നമട്ടില്‍ അവതരിപ്പിച്ച് കുറേയധികമാളുകളെ നാസി മനോഭാവക്കാരാക്കി മാറ്റിയിരിക്കുന്നു.  ശരിയായ റെഫറന്‍സോ തെളിവുകളോ ഒന്നുമില്ലാതെ അസൂയയും അകാരണമായ പകയുമായി നടക്കുന്ന ചിലരുടെ സങ്കുചിതമായ കണ്ണില്‍ക്കൂടി മാത്രം വളച്ചൊടിച്ച് എഴുതപ്പെട്ട വിദ്വേഷസാഹിത്യങ്ങള്‍ മനഃപാഠമാക്കി വിഷം കുടഞ്ഞു നടക്കുന്നവരാണ്. പല നന്മയുള്ള മനസ്സുകൾ പോലും ഈ കെണിയിൽ വീണിട്ടുണ്ട് എന്ന ഞെട്ടിപ്പിക്കുന്ന സത്യം നമ്മൾ തിരിച്ചറിയുമ്പോൾ   വര്‍ത്തമാനത്തിന്റെ കാലികപ്രസക്തി ദൃഢമാകുന്നു.

ഇടതുപക്ഷചേരിയും കോണ്‍ഗ്രസും തമ്മിലടിച്ചപ്പോള്‍  അതിനിടയിലൂടെ വളര്‍ന്നു വന്ന മറ്റൊരു വലിയ വിപത്തിനെ ഇരുകൂട്ടരും തിരിച്ചറിഞ്ഞിട്ടും ഇന്നും തമ്മിലടി നിര്‍ത്താറായിട്ടില്ല എന്ന വിഷയം ചിത്രത്തില്‍ ഉന്നയിക്കുന്ന കാതലായ ഒരു വിഷയമാണ്. സ്വാതന്ത്ര്യസമരപ്പോരാളിയുടെ പൗത്രിയും നെഹ്റുവിയന്‍ സോഷ്യലിസത്തിന്‍റെ വക്താവുമായ ഫൈസ ഇടതുപക്ഷ ആക്ടിവിസ്റ്റായ അമലിനോട് ഇക്കാര്യം പറയുമ്പോള്‍ രാഷ്ട്രീയത്തെ നിരീക്ഷിക്കുന്ന ഏതൊരാള്‍ക്കും അത് വാസ്തവമാണെന്നു ബോദ്ധ്യപ്പെടും. ഒരു കാലത്ത് നെഹ്റുവിനെ തള്ളിപ്പറയുകയും ഇന്ന് സ്വീകരിക്കാന്‍ തയ്യാറാകേണ്ടി വരികയും ചെയ്യുന്നത് തിരിച്ചറിവിന്‍റെ ആദ്യപടിയായിരിക്കണം എന്ന ശരം ഫൈസ നമ്മളിലേക്ക് എയ്തു വിടുന്നുണ്ട്.

ബെന്‍സി പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിൽ രമേഷ് നാരായണന്‍റെയും ഹിഷാം അബ്ദുല്‍ വഹാബിന്‍റെയും സംഗീതം ഭാരതീയ സംഗീതശാഖകളെ വേണ്ടവണ്ണം ഉപയുക്തമാക്കിയിട്ടുണ്ട്. ബിജിബാലിന്‍റെ പശ്ചാത്തലസംഗീതം സീനുകളുടെ ഗൗരവത്തെ ദ്യോതിപ്പിക്കുന്നുണ്ട്. ഫൈസയായി പാര്‍വ്വതി തെരുവോത്തും അമല്‍ എന്ന വിദ്യാര്‍ത്ഥി നേതാവായി റോഷന്‍ മാത്യുവും നല്ല പ്രകടനം കാഴ്ചവെച്ചു. ഡോക്ടര്‍ സതീഷ് പൊതുവാൾ എന്ന ശക്തമായ വേഷത്തിലെത്തുന്ന സിദ്ധീഖ് അടക്കം പരിചയസമ്പന്നരായ നിരവധി പേര്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. ആശയപരമായി നിരീക്ഷിക്കുമ്പോള്‍ മറ്റെന്തിനേക്കാളുമേറെ ഇന്ന് ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം മുന്നോട്ടുവെയ്ക്കുന്ന ഒരു മികച്ച ചിത്രം. അതാണ് വര്‍ത്തമാനം.