ചില ബന്ധങ്ങള്‍ അങ്ങനെയാണ്, നിര്‍വചിക്കാനാകാത്തത്; തോപ്പില്‍ ഭാസിയുമായുള്ള ആത്മബന്ധത്തെക്കുറിച്ച് അന്ന് കെപിഎസി ലളിത പറഞ്ഞത്

മലയാള നാടകകൃത്തും ചലച്ചിത്രസംവിധായകനുമായിരുന്നു തോപ്പില്‍ ഭാസിയും നടി കെപിഎസി ലളിതയും തമ്മില് ഗാഢമായ ആത്മബന്ധമാണ് ഉണ്ടായിരുന്നത്. 1964 സെപ്റ്റംബര്‍ 4ന് കെപിഎസിയില്‍ അഭിമുഖത്തിന് ചെല്ലുമ്പോഴായിരുന്നു തോപ്പില്‍ ഭാസിയെ ലളിത ആദ്യമായി കാണുന്നത്. മഹേശ്വരിയെ കെപിഎസി ലളിതയാക്കിയത് തോപ്പില്‍ ഭാസിയാണ്. ‘കഥ തുടരും’ എന്ന തന്റെ ആത്മകഥയില്‍ ഈ ബന്ധത്തെക്കുറിച്ച് അവര്‍ വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്.

 

ലളിതയുടെ വാക്കുകള്‍ ഇങ്ങനെ

ചില ബന്ധങ്ങള്‍ അങ്ങനെയാണ്, നിര്‍വചിക്കാനാകാത്തത്. എന്ത്, എന്തിന്, എങ്ങനെ എന്നൊക്കെ മുട്ടിമുട്ടി ചോദിച്ചാല്‍ ഉത്തരമില്ലാത്തത്. എങ്ങനെ വ്യാഖ്യാനിച്ചാലും കുഴപ്പമില്ലാത്തത്.

ഭാസിച്ചേട്ടനുമായി എനിക്കുള്ള ബന്ധം അത് എങ്ങനെയാണെന്നൊന്നും എന്നോടു ചോദിക്കരുത്. ഒരുതരം ആത്മബന്ധം. അത് നമ്മുടെ ഉള്ളിന്റെയുള്ളിലുള്ളതാണ്. തികച്ചും വ്യക്തിപരവും സ്വകീയവും. ഏതു തരത്തില്‍ വേണമെങ്കിലും നിങ്ങള്‍ക്കതെടുക്കാം, എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം.

 

ഇന്നും ഒരു സിനിമയിലഭിനയിക്കാനോ മേക്കപ്പിടാനോ തുടങ്ങും മുന്‍പ് ഞാന്‍ ഭാസിച്ചേട്ടനെ മനസ്സുകൊണ്ട് നമസ്‌കരിക്കും. അച്ഛന്‍, അമ്മ, എന്റെ മക്കളുടെ അച്ഛന്‍, ഭാസിച്ചേട്ടന്‍ ഈ നാലുപേരെയാണ് ഞാനാദ്യം നമസ്‌കരിക്കുന്നത്. അതുകഴിഞ്ഞിട്ടേ ഞാന്‍ ദൈവത്തെ വിളിക്കാറുള്ളൂ. ഇന്നുമതേ, എന്നുമതേ. എന്റെ കണ്ണുകള്‍ അടയുന്നതുവരെ അങ്ങനെയായിരിക്കും.

 

അരോടും പറയാതെ, എന്നോടുപോലും പറയാതെ ഭാസിച്ചേട്ടന്‍ എനിക്കുവേണ്ടി ഒരുപാടുകാര്യങ്ങള്‍ ചെയ്തു. ഭാസിച്ചേട്ടന്റെ പേനയിലൂടെ ഉയിര്‍കൊണ്ട കഥാപാത്രങ്ങളിലൂടെയാണ് ഞാന്‍ സിനിമയിലെത്തിയത്. എനിക്കുവേണ്ടി മാത്രം സൃഷ്ടിച്ച കഥാപാത്രങ്ങളാണ് എന്നുപോലും തോന്നും. അതായിരുന്നു എനിക്കു കിട്ടിയ അനുഗ്രഹം. അല്ലെങ്കില്‍ ഇത്രയും വലിയ വേഷത്തിനൊക്കെ ആരാണ് അക്കാലത്ത് എന്നെ വിളിക്കുക?

ഞാനോര്‍ക്കുന്നു, കെപിസിസിയില്‍ ചേര്‍ന്ന ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഭാസിച്ചേട്ടന്‍ എന്നെ അടുത്തേക്കുവിളിച്ചു പറഞ്ഞു. എനിക്കൊരൊറ്റ പെങ്ങളേയുള്ളൂ- ഭാര്‍ഗവി. ഞാനതുപോലെയാണ് നിന്നെ കാണുന്നത്. ആ ബന്ധം പിന്നീട് ഏത് രീതിയിലൊക്കെ പോയി എന്ന് എന്നോട് ചോദിക്കരുത്. അത് വ്യക്തിപരമായിട്ടുള്ള എന്റെ കാര്യമാണ്.