11 ദിവസം അബോധാവസ്ഥയില്‍ കിടന്ന ബിച്ചു തിരുമലയോട് ഡോക്ടര്‍മാര്‍ നിരന്തരം ചോദിച്ചത് ഗാനങ്ങളെ കുറിച്ച്!

ഒരു ഗാനപ്രപഞ്ചം തന്നെ മലയാളിക്ക് സമ്മാനിച്ച ഗാനരചയിതാവ് ബിച്ചു തിരുമല യാത്രയായിരിക്കുകയാണ്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വേര്‍പാടില്‍ ദു:ഖം രേഖപ്പെടുത്തിയിരിക്കുകയാണ് സിനിമാലോകവും സുഹൃത്തുക്കളും. മുമ്പൊരിക്കല്‍ തന്റെ വീടിന്റെ മുകളില്‍ നിന്നും വീണ അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചെത്തിയത് തന്നെ പാട്ടിലൂടെയായിരുന്നു. ് മനോരമയ്ക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ അദ്ദേഹം തന്നെ ആ സംഭവത്തെ കുറിച്ച് പറഞ്ഞിരുന്നു.

1994 ലെ ക്രിസ്മസ് സമയത്തായിരുന്നു സംഭവം. നക്ഷത്രം തൂക്കുന്നതിനിടയില്‍ വീടിന്റെ സണ്‍ഷേഡില്‍ നിന്നും വീണ ബിച്ചു തിരുമല ഒരു മാസത്തോളം ആശുപത്രിയില്‍ കഴിഞ്ഞു. 11 ദിവസത്തോളം ബോധമില്ലാതെ കഴിഞ്ഞ അദ്ദേഹത്തോട് ഡോക്ടര്‍ എപ്പോഴും ചോദിച്ചിരുന്നത് പാട്ടുകളെ കുറിച്ചായിരുന്നു. കണ്ണാന്തുമ്പി പോരാമോ എന്ന ഗാനം ആരാണ് എഴുതിയത് എന്ന് ചോദിച്ചപ്പോള്‍ ഞാനാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അങ്ങനെയാണ് അദ്ദേഹം ബോധം വീണ്ടെടുത്ത് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.

കുട്ടികള്‍ക്കേറെയിഷ്ടപ്പെട്ട ഗാനങ്ങളിലൊന്നാണ് കണ്ണാന്തുമ്പി. ആ പാട്ട് പാടിത്തരുമോ എന്നൊക്കെ ചോദിച്ച് അന്ന് കുട്ടികളൊക്കെ തന്നെ വിളിക്കാറുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സംഗീത സംവിധായകനായ ശ്യാമിന് വേണ്ടിയാണ് ബിച്ചു തിരുമല കൂടുതല്‍ പാട്ടുകളെഴുതിയത്. ഐവി ശശിയുടെ 33 സിനിമകളില്‍ പാട്ടെഴുതിയിട്ടുണ്ട്. വര്‍ഷത്തില്‍ 35 സിനിമയ്ക്ക് വരെ പാട്ടെഴുതിയ അനുഭവങ്ങളും തന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. പാട്ടെഴുതി തിരികെ പോരുന്നതോടെ ഞാന്‍ എന്റെ ലോകത്തായിരിക്കുമെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.