റഷ്യന്‍ ടൂറിസ്റ്റുകള്‍ വില്‍ക്കുന്ന ക്യാമറയുമായി കല്യാണത്തിന് ഫോട്ടോ എടുക്കാന്‍ പോയിട്ടുണ്ട്, വര്‍ഷങ്ങളോളം സ്റ്റില്‍ ഫോട്ടോഗ്രാഫർ: അമല്‍ നീരദ്

അമര്‍ നീരദ്-മമ്മൂട്ടി കോംമ്പോയില്‍ ബിഗ് ബി എത്തിയത് മലയാള സിനിമയില്‍ ട്രെന്‍ഡ് മാറ്റത്തിന് തുടക്കം കുറിച്ചു കൊണ്ടായിരുന്നു. ഈ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഭീഷ്മ പര്‍വം ചിത്രത്തിനായാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. മാര്‍ച്ച് 3ന് ആണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്.

സിനിമയോടും ഫോട്ടോഗ്രഫിയോടുമുള്ള തന്റെ ഇഷ്ടത്തെ കുറിച്ച് അമല്‍ നീരദ് പറയുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തനിക്ക് സ്റ്റില്‍ ഫോട്ടോഗ്രഫറായുള്ള ജീവിതമുണ്ടായിരുന്നു എന്നാണ് സംവിധായകന്‍ പറയുന്നത്. താന്‍ കല്യാണങ്ങളൊക്കെ ഇഷ്ടം പോലെ ഫോട്ടോ എടുത്തിട്ടുണ്ട്.

സുഹൃത്തുക്കളുടെയും അങ്ങനെ ഒരുപാട് പേരുടെ എടുത്തിട്ടുണ്ട്. അന്ന് സ്റ്റില്‍ ക്യാമറ കിട്ടുന്നത് ഫോര്‍ട്ട് കൊച്ചിയില്‍ വന്നു പോകുന്ന റഷ്യന്‍ ടൂറിസ്റ്റുകളുടെ കയ്യില്‍ നിന്നാണ്. അവരുടെ കയ്യില്‍ സെനിത് എന്ന് പറയുന്ന ഒരു ക്യാമറ ഉണ്ടാകും. അവരത് 1000-1500 രൂപക്ക് ഇവിടെ വിറ്റിട്ട് പോകും.

യുഎസ്എസ്ആര്‍ നിര്‍മ്മിത സെനിത് ക്യാമറ ആണത്. അത് ഫോക്കസ് ചെയ്യാന്‍ ഭയങ്കര ബുദ്ധിമുട്ടാണെങ്കിലും ഉഗ്രന്‍ ക്യാമറയായിരുന്നു. അങ്ങനെ സെനിത് ക്യാമറ ഉപയോഗിച്ച് കുറെയേറെ വര്‍ഷങ്ങള്‍ തനിക്ക് സ്റ്റില്‍ ഫോട്ടോഗ്രഫറായുള്ള ജീവിതമുണ്ടായിരുന്നു എന്നാണ് അമല്‍ നീരദ് പറയുന്നത്.