ബന്ധനസ്ഥനായ മൗറിത്താനിയന്‍

ഡോ. സെബാസ്റ്റ്യൻ പോൾ 

ആമസോണ്‍ പ്രൈം വീഡിയോയില്‍ കാണാനിടയായ ഒരു ഇംഗ്‌ളിഷ് സിനിമയെ കുറിച്ചാണ് ഞാനെഴുതുന്നത്. രാഷ്ട്രീയം പറയുന്ന സിനിമയാണിത്. ക്യൂബയിലെ ഗ്വാണ്ടെനാമോ ബേയില്‍ കുപ്രസിദ്ധിയാര്‍ജിച്ച അമേരിക്കന്‍ തടവറയില്‍ കുറ്റാരോപണമില്ലാതെ പതിന്നാലു വര്‍ഷം കൊടുംപീഡകള്‍ സഹിച്ച് അപമാനിതനായി കഴിയേണ്ടിവന്ന ഒരു മൗറിത്താനിയന്റെ സഹനത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് ദ് മൗറിത്താനിയന്‍ എന്നു പേരുള്ള ഈ സിനിമ. ഗ്വാണ്ടെനാമോയിലെത്തുമ്പോള്‍ തടവുകാര്‍ക്ക് പേരില്ലാതാകുന്നു. ഔദ്യോഗികമായി അവര്‍ ഒരു നമ്പര്‍ മാത്രമായി മാറുന്നു. മൊഹമദു ഔള്‍ഡ് സ്‌ളാഹിയെ മുഖാമുഖം കാണാതെ വെയില്‍ കായുന്നതിനും വ്യായാമം ചെയ്യുന്നതിനുമുള്ള മറയ്ക്കപ്പുറം നിന്നു സംസാരിക്കുന്ന മറ്റൊരു തടവുകാരന്‍ തിരിച്ചറിയുന്നതിനു വേണ്ടി നല്‍കിയ പേരാണ് മൗറിത്താനിയന്‍.

പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഇസ്‌ലാമിക റിപ്പബ്‌ളിക്കാണ് മൗറിത്താനിയ. അവിടെ സ്വസ്ഥമായി ജീവിച്ചിരുന്ന ഒരു യുവാവിനെ ഒരു വിവാഹാഘോഷത്തിനിടെ അമേരിക്കന്‍ പൊലീസ് ചതിയില്‍ പിടികൂടി ഗ്വാണ്ടെനാമോയില്‍ എത്തിക്കുന്നിടത്തു നിന്നാണ് കഥ തുടങ്ങുന്നത്. സെപ്റ്റംബര്‍ പതിനൊന്നിലെ ന്യൂയോര്‍ക്ക് ആക്രമണത്തിന്റെ സൂത്രധാരനായ ഒസാമ ബിന്‍ ലാദനുമായി ബന്ധമുണ്ടെന്ന് സമ്മതിപ്പിക്കുന്നതിനു വേണ്ടി മാനസികമായ സമ്മര്‍ദ്ദത്തിനും ശാരീരികമായ പീഡനത്തിനും അയാളെ വിധേയനാക്കുന്നു. പീഡനം സഹിക്കാനാവാതെ ഒരു ഘട്ടത്തില്‍ ചോദിക്കുന്നതെല്ലാം അയാള്‍ സമ്മതിക്കുന്നുണ്ട്. പക്ഷേ യുഎസ് കോടതിക്ക് സ്വീകാര്യമാകുന്ന തെളിവിന്റെ അഭാവത്തില്‍ ഔപചാരികമായി കുറ്റം ചുമത്താന്‍ സൈനിക പൊലീസിനു കഴിയുന്നില്ല. കുറ്റപത്രമില്ലാതെ 2002 മുതല്‍ 2016 വരെ അയാള്‍ക്ക് പതിന്നാലു വര്‍ഷം ജയിലില്‍ കഴിയേണ്ടി വന്നു. തടവറയിലെ ക്രൂരമായ ഏകാന്തതയില്‍ അയാള്‍ എഴുതിയ ഗ്വാണ്ടെനാമോ ഡയറി പുസ്തകമായിറങ്ങിയപ്പോള്‍ ബെസ്റ്റ് സെല്ലറായി. പല ഭാഷകളില്‍ ഈ പുസ്തകം പ്രകാശിതമായി. ഈ പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

ബഷീറിന്റെ ബാല്യകാലസഖിയെ കുറിച്ച് എം പി പോള്‍ എഴുതിയതു പോലെ വക്കില്‍ രക്തം പൊടിഞ്ഞിരിക്കുന്ന ഏടാണ് ജീവിതത്തില്‍ നിന്ന് മൊഹമദു ഔള്‍ഡ് സ്‌ളാഹി വലിച്ചു ചീന്തിയെടുത്തത്. ആന്‍ ഫ്രാങ്കിന്റെ പ്രസിദ്ധമായ ഡയറി പോലെ, ഗ്വാണ്ടെനാമോ ഡയറിയും താളുകള്‍ മറിക്കുമ്പോള്‍ വിരലറ്റത്ത് ചോര പതിയും. പതിമൂന്നാമത്തെ ജന്മദിനത്തില്‍ എഴുതിത്തുടങ്ങിയ ആന്‍, നാത്‌സികളുടെ പിടിയില്‍ പെടാതെയുള്ള ഒളിവുജീവിതത്തിന്റെ രണ്ട് വര്‍ഷങ്ങളാണ് ഡയറിയില്‍ വിവരിക്കുന്നത്. ഒടുവില്‍ പിടിക്കപ്പെട്ട് തടങ്കല്‍പാളയത്തിലേക്ക് അയക്കപ്പെടുന്ന ആന്‍ വധിക്കപ്പെട്ട് രണ്ടു വര്‍ഷത്തിനു ശേഷമാണ് അവളുടെ പിതാവ് ഡയറി കണ്ടെത്തി പ്രകാശിപ്പിച്ചത്. സമാനമായ അനുഭവമാണ് ഗ്വാണ്ടെനാമോ ഡയറി നമുക്ക് നല്‍കുന്നത്.

ഇരുപത്തിയേഴു വര്‍ഷം റോബെന്‍ ദ്വീപില്‍ ഏകാന്തത്തടവില്‍ കഴിഞ്ഞയാളാണ് നെല്‍സണ്‍ മണ്ടേല. അത് അദ്ദേഹത്തിന്റെ നാട്ടിലെ വ്യവസ്ഥാപിതമായ ഭരണകൂടം നല്‍കിയ ശിക്ഷയായിരുന്നു. സ്‌ളാഹിയെ അയാളുടെ നാടായ ഒരു സ്വതന്ത്ര റിപ്പബ്‌ളിക്കില്‍ നിന്ന് ഒരു വിദേശ ഭരണകൂടം ചെയ്യാത്ത കുറ്റത്തിനു തട്ടിക്കൊണ്ടു പോവുകയായിരുന്നു. ജനീവ കണ്‍വെന്‍ഷന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര നിയമങ്ങള്‍ മാത്രമല്ല അമേരിക്കയിലെ നിയമം പോലും പാലിക്കപ്പെട്ടില്ല. ആരോപിക്കപ്പെടുന്ന കുറ്റമെന്തെന്ന് അറിയുന്നതിനുള്ള പ്രാഥമികമായ അവകാശം അറസ്റ്റ് ചെയ്യപ്പെടുന്നയാള്‍ക്കുണ്ട്. സ്‌ളാഹിയുടെ കാര്യത്തില്‍ അയാളെ തടവിലാക്കിയവര്‍ക്കു തന്നെ അക്കാര്യത്തില്‍ വ്യക്തതയില്ലായിരുന്നു. അതുകൊണ്ടാണ് കുറ്റപത്രമില്ലാതെ അയാള്‍ക്ക് പതിന്നാലു വര്‍ഷം ജയിലില്‍ കിടക്കേണ്ടി വന്നത്.

കെവിന്‍ മക്‌ഡൊണാള്‍ഡ് സംവിധാനം ചെയ്ത രണ്ടു മണിക്കൂര്‍ പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ചിത്രത്തില്‍ താഹര്‍ റഹിം ആണ് മുഖ്യകഥാപാത്രമായ തടവുകാരന്റെ വേഷമിടുന്നത്. ദ് സെര്‍പെന്റ് എന്ന ചിത്രത്തില്‍ ചാള്‍സ് ശോഭരാജ് ആയി അഭിനയിച്ചിട്ടുള്ള റഹിമിന്റെ വ്യത്യസ്തമായ പ്രകടനമാണ് മൗറിത്താനിയനില്‍ കാണുന്നത്. അയാള്‍ക്കു വേണ്ടി ഹാജരാകുന്ന അഭിഭാഷക നാന്‍സി ഹോളണ്ടായി ജോഡി ഫോസ്റ്റര്‍ വേഷമിടുന്നു. ഭീകരര്‍ എന്ന് ചാപ്പ കുത്തപ്പെടുന്ന തടവുകാര്‍ക്കു വേണ്ടി ഭരണഘടനാപരമായ പ്രതിജ്ഞാബദ്ധതയോടെ ഹാജരാകുന്ന അഭിഭാഷകയുടെ റോളില്‍ ജോഡി ഫോസ്റ്റര്‍ ഉജ്ജ്വലമായ പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.

ലോക വ്യാപാരകേന്ദ്രം തകര്‍ത്തവരോടുള്ള പകയുമായി നിര്യാതനഭാവത്തില്‍ സ്‌ളാഹിക്കെതിരെ നീങ്ങുന്ന മിലിട്ടറി പ്രോസിക്യൂട്ടര്‍ക്കു സംഭവിക്കുന്ന മനംമാറ്റം ഈ ചിത്രത്തിലെ ശ്രദ്ധേയമായ വഴിത്തിരിവാണ്. ഒരു ദേവാലയത്തിലെ ജ്ഞാനസ്‌നാന ശുശ്രൂഷയില്‍ പിതൃസ്ഥാനീയനായി നില്‍ക്കുമ്പോഴാണ് അയാള്‍ക്ക് മാനവികമായ ഉള്‍ക്കാഴ്ചയുണ്ടാകുന്നത്. ഭരണഘടനയുടെ സത്തയും സാരാംശവും അയാള്‍ ഉള്‍ക്കൊള്ളുന്നത് അവിടെ നടന്ന പ്രാര്‍ത്ഥനയില്‍ നിന്നാണ്. ദൈവത്തിന്റെ സൃഷ്ടിയായ മനുഷ്യന്റെ മഹത്ത്വം അയാള്‍ തിരിച്ചറിയുന്നു. വ്യക്തിയുടെ അന്തസിനെ കുറിച്ച് അയാള്‍ ബോധവാനാകുന്നു. ബനഡിക്ട് കംബര്‍ബാച്ച് ആണ് കൂറു മാറുന്ന പ്രോസിക്യൂട്ടറായി വരുന്നത്.

കോടതിയില്‍ തടവുകാരന്‍ നടത്തുന്ന പ്രതിരോധമാണ് ഈ ചിത്രത്തിലെ ഏറ്റവും ആകര്‍ഷകമായ ഭാഗം. കാസ്‌ട്രോ ഉള്‍പ്പെടെ വിപ്‌ളവകാരികളുടെ അത്തരത്തിലുള്ള പ്രഭാഷണങ്ങള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. പക്ഷേ സ്‌ളാഹിയുടേത് കേവലമായ പ്രഭാഷണമല്ല. അത് സിനിമയുടെ ക്‌ളൈമാക്‌സിനു വേണ്ടിയുള്ള പ്രകടനവുമല്ല. പരമകാരുണികനായ അള്ളാഹുവില്‍ പൂര്‍ണമായി ശരണമര്‍പ്പിച്ച് വിനയത്തോടെയും വിദ്വേഷമില്ലാതെയും അയാള്‍ നടത്തുന്ന പ്രഭാഷണത്തിനപ്പുറം ഭരണഘടനയും നിയമവും ഉദ്ധരിച്ച് ആരെയും ഒന്നും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല. പ്രതികാരബുദ്ധി ഇല്ലാതിരിക്കുന്ന അവസ്ഥയാണ് സമാധാനം. സ്വാതന്ത്ര്യത്തിനും ക്ഷമയ്ക്കും അറബി ഭാഷയില്‍ വാക്കൊന്നു തന്നെയെന്ന് അയാള്‍ പറയുന്നു.

ജോര്‍ജ് ബുഷിന്റെ കാലത്ത് സ്ഥാപിക്കപ്പെട്ടതാണ് ഗ്വാണ്ടെനാമോയിലെ തടങ്കല്‍പാളയം. ഭൂപടപ്രകാരം യുഎസിനു പുറത്താകയാല്‍ അവിടെ യുഎസ് ഭരണഘടനയും നിയമങ്ങളും ബാധകമല്ലെന്ന നിലപാടായിരുന്നു ഭരണകൂടത്തിന്‍റേത്. ആ നിലപാട് നിരാകരിച്ചു കൊണ്ട് ഗ്വാണ്ടെനാമോയിലെ തടവുകാര്‍ക്കു വേണ്ടി ഫയല്‍ ചെയ്യപ്പെടുന്ന ഹേബിയസ് ഹര്‍ജികള്‍ കേള്‍ക്കുന്നതിന് ഫെഡറല്‍ കോടതികള്‍ക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി വിധിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ സ്‌ളാഹിക്കു വേണ്ടി അയാളുടെ തടവിന്റെ ആറാം വര്‍ഷം സമര്‍പ്പിക്കപ്പെട്ട ഹേബിയസ് കോര്‍പസ് ഹര്‍ജി കോടതി അനുവദിച്ചു. കുറ്റപത്രത്തിന്റെ അഭാവത്തില്‍ തടവുകാരനെ മോചിപ്പിക്കുന്നതിനുള്ള ഉത്തരവുണ്ടായി. പക്ഷേ ഭരണകൂടം അപ്പീല്‍ പോയതു കൊണ്ട് സ്‌ളാഹിയുടെ തടവ് നീണ്ടു. പതിന്നാല് വര്‍ഷം പൂര്‍ത്തിയായതിനുശേഷമാണ് അയാള്‍ മോചിതനായത്. ആരോടും പകയില്ലാതെ ഉല്ലാസചിത്തനായി അയാള്‍ മാതൃഭൂമിയില്‍ മാതൃസവിധത്തില്‍ തിരിച്ചെത്തി.

Read more

വിമതര്‍ക്കും അനഭിമതര്‍ക്കും വേണ്ടി ഭരണകൂടം അഭേദ്യമായ തടവറകള്‍ ഒരുക്കുന്നു. ഹിറ്റ്‌ലറുടെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളും സ്റ്റാലിന്റെ സൈബീരിയന്‍ ലേബര്‍ ക്യാമ്പുകളും പ്രസിദ്ധമാണ്. ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാകുന്നതോടെ ബഹിരാഗതരെയും നിയമവിരുദ്ധ കുടിയേറ്റക്കാരെയും പാര്‍പ്പിക്കാന്‍ ഇന്ത്യയിലും പാളയങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നുണ്ട്. മൗറിത്താനിയന്‍ ഒരു മുന്നറിയിപ്പാണ്. മുന്നറിയിപ്പുകള്‍ അവഗണിക്കുന്നവരെ ഐഷ സുല്‍ത്താനയുടെ അവസ്ഥ കാത്തിരിക്കുന്നു. ഗ്വാണ്ടെനാമോയും ലക്ഷദ്വീപും തമ്മിലുള്ള സാമ്യം രണ്ടും ദ്വീപുകളാണ് എന്നതില്‍ മാത്രമായി പരിമിതപ്പെടുന്നില്ല.