ജൂറിയുടെ നിലവാരമാണ് പരിശോധിക്കേണ്ടത്, ലക്ഷക്കണക്കിന് പ്രേക്ഷകര്‍ക്ക് നിലവാരമില്ലെന്നാണ് അവര്‍ പറയുന്നത്; 'കുടുംബവിളക്ക്' തിരക്കഥാകൃത്ത്

സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരങ്ങളില്‍ മികച്ച സീരിയലിനുള്ള പുരസ്‌കാരം നല്‍കാഞ്ഞതില്‍ പ്രതിഷേധവുമായി റേറ്റിംഗില്‍ ഒന്നാംസ്ഥാനത്തുള്ള പരമ്പരയായ ‘കുടുംബവിളക്കി’ന്റെ തിരക്കഥാകൃത്ത് അനില്‍ ബാസ്. ടെലിവിഷന്‍ വിനോദ പരിപാടികളില്‍ ഏറ്റവും ജനപ്രീതിയുള്ളത് സീരിയലുകള്‍ക്കാണെന്നും അവ കാണുന്ന ലക്ഷക്കണക്കിന് പ്രേക്ഷകര്‍ക്ക് നിലവാരമില്ലെന്നാണ് ജൂറി പറയുന്നതെന്നും അനില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

ഇപ്പോള്‍ സീരിയലിനെ വിമര്‍ശിക്കുന്ന പല വലിയ എഴുത്തുകാരുടെയും രചനകള്‍ മുന്‍പ് സീരിയലുകളായി വന്നിട്ടുണ്ടെന്നും അനില്‍ ബാസ് ചൂണ്ടിക്കാട്ടുന്നു.

‘നിലവാരമുള്ള സീരിയലുകളൊന്നും കണ്ടില്ല എന്നല്ലേ അവര്‍ പറഞ്ഞത്. പക്ഷേ ഈ ജൂറിയുടെ നിലവാരം എത്രയാണെന്ന് പരിശോധിക്കേണ്ടതുണ്ട്. നടി ലെന മുന്‍പ് സീരിയലില്‍ അഭിനയിച്ചിട്ടുണ്ട് എന്നല്ലാതെ ജൂറിയിലെ മറ്റാരും തന്നെ സീരിയലുമായി യാതൊരു ബന്ധവുമില്ലാത്ത ആളുകളാണ്. സീരിയല്‍ മേഖലയോട് ഉള്ളില്‍ എന്തോ പ്രത്യേക വിരോധം ഉള്ളതുപോലെയുള്ള കമന്റ് ആണ് ജൂറി പറഞ്ഞത്’, അനില്‍ പറഞ്ഞു.