'മകളുടെ കല്യാണം നടത്തി തന്നതും വീടുവെയ്ക്കാന്‍ സഹായിച്ചതും മോഹന്‍ലാല്‍'

മകളുടെ കല്യാണം നടത്താന്‍ സഹായിച്ചതും ഇപ്പോള്‍ താമസിക്കുന്ന വീട് നിര്‍മ്മിക്കാന്‍ സഹായിച്ചതും മോഹന്‍ലാല്‍ ആണെന്നും നടി ശാന്തകുമാരി. അമൃതാ ടിവിയിലെ ലാല്‍സലാം എന്ന മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തെക്കുറിച്ചുള്ള പരിപാടിയില്‍ പങ്കെടുത്തപ്പോഴാണ് ശാന്തകുമാരി ഇക്കാര്യം ശബ്ദമിടറി കണ്ണുനിറഞ്ഞ് പറഞ്ഞത്.

“എന്റെ ലാലിനെക്കുറിച്ച് പറയാന്‍ കുറേയുണ്ട്. എന്റെ രണ്ടാമത്തെ മകളുടെ കല്ല്യാണം നടക്കാതെ പോകേണ്ടതാണ്. എന്റെ മോഹന്‍ലാല്‍ കാരണമാണ് മകളുടെ കല്ല്യാണം ഭംഗിയായി നടന്നത്. ഇപ്പൊ ഞാന്‍ താമസിക്കുന്ന വീട് ലാലിന്റെ സന്മനസ്സുകൊണ്ട് എല്ലാവരും കൂടിച്ചേര്‍ന്ന് നിര്‍മിച്ച് തന്നതാണ്.അദ്ദേഹവും അദ്ദേഹത്തിന്റെ കുടുംബവും നന്നായി വരണം. എല്ലാ നന്മകളും നേരുന്നു.”

വിയറ്റ്‌നാം കോളനിയെക്കുറിച്ചും ആ സിനിമയുടെ സെറ്റില്‍ നടന്ന രസകരമായ സംഭവങ്ങളെക്കുറിച്ചുമായിരുന്നു പരിപാടിയില്‍ സംസാരിച്ചുകൊണ്ടിരുന്നത്. ആ സിനിമയിലെ അനുഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ശാന്തകുമാരി ചേച്ചി പറഞ്ഞത് ഇങ്ങനെ.

“എനിക്ക് മോഹന്‍ലാലിനോട് ഇഷ്ടം തോന്നിയ ഒരു സംഭവമുണ്ടായി ആ സെറ്റില്‍. അന്ന് ഫിലോമിന ചേച്ചിയുടെ കാല് മുറിഞ്ഞിട്ട് അത് പഴുത്തിരിക്കുകയായിരുന്നു. കണ്ടാല്‍ അറപ്പ് തോന്നുന്ന തരത്തിലായിരുന്നു കാല്‍ ഇരുന്നത്. എന്നാല്‍, ഫിലോമിന ചേച്ചിയെ പൊക്കിയെടുത്ത് കൊണ്ടുപോകേണ്ട സീനില്‍ ഒരറപ്പും വെറുപ്പും കൂടാതെ ലാല്‍ അത് ചെയ്തു. അത് കണ്ടപ്പോള്‍ എനിക്ക് ലാലിനോട് വല്ലാതെ ഇഷ്ടം തോന്നി, വാത്സല്യം കലര്‍ന്നൊരു ഇഷ്ടം”