കമല്‍ഹാസന് കോവിഡ്; ബിഗ് ബോസാവാന്‍ രമ്യ കൃഷ്ണന്‍

കമല്‍ഹാസന്‍ കോവിഡ് പോസിറ്റീവായത് വലിയ വാര്‍ത്തയായിരുന്നു. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യ നില മെച്ചപ്പെട്ടു വരികയാണെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന പുതിയ വിവരം. എന്തായാലും അവതാരകന്‍ ആശുപത്രിയില്‍ ആയതിനാല്‍ ബിഗ് ബോസ് തമിഴ് അഞ്ചാം സീസണ്‍ വാരാന്ത്യ എപ്പിസോഡ് ആര് അവതരിപ്പിക്കും എന്ന ചര്‍ച്ചകളും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സജീവമായിരുന്നു.

കമലിന്റെ മകളും നടിയുമായ ശ്രുതി ഹാസന്‍, സിമ്പു, വിജയ് സേതുപതി തുടങ്ങിയ ഒട്ടേറെ പേരുകള്‍ വാര്‍ത്തകളില്‍ നിറഞ്ഞു എങ്കിലും ഇപ്പോഴിതാ ആരാധകരെ അമ്പരപ്പിക്കുന്ന ഒരു വാര്‍ത്തയാണ് പുറത്തു വരുന്നത്. കമല്‍ഹാസന്റെ അഭാവത്തില്‍ ഷോ അവതരിപ്പിക്കാന്‍ എത്തുന്നത് മറ്റാരുമല്ല രമ്യ കൃഷ്ണനാണ്.

ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ ആഴ്ചയിലെ എപ്പിസോഡ് അവതരിപ്പിക്കാന്‍ താരം എത്തും. 2019 ല്‍ ബിഗ് ബോസ് തെലുങ്ക് ഷോ ഗസ്റ്റ് ആയി അവതരിപ്പിച്ചിട്ടുള്ള താരം ചാനലിന്റെ ആവശ്യപ്രകാരം കമലിന്റെ അഭാവത്തില്‍ ഷോ അവതരിപ്പിക്കാന്‍ സമ്മതം അറിയിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതാദ്യമല്ല രമ്യ കൃഷ്ണന്‍ ടെലിവിഷനില്‍ എത്തുന്നത്.2008 ല്‍ കലശം എന്ന തമിഴ് സീരിയലില്‍ ഇരട്ട വേഷത്തില്‍ താരം ആദ്യമായി ടെലിവിഷന്‍ സീരിയലില്‍ എത്തിയിരുന്നു. പിന്നീട് രാജകുമാരി, തങ്കം, വംശം എന്നീ സീരിയലുകളിലും രമ്യ വേഷമിട്ടിരുന്നു. അതിനു ശേഷം ചില റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവായി എത്തിയ താരം തങ്ക വേട്ടൈ എന്ന ഒരു ഷോ അവതരിപ്പിക്കുകയും ചെയ്തിരുന്നു.

Read more

കൂടാതെ, 2019 ല്‍ അവതാരകന്‍ നാഗാര്‍ജുനയുടെ അഭാവത്തില്‍ മൂന്നാം സീസണ്‍ ബിഗ് ബോസ് തെലുങ്ക് താരം അവതരിപ്പിച്ചിരുന്നു.