പുറംലോകവുമായി ബന്ധം ഇല്ലാതിരുന്നതിനാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം അറിഞ്ഞിരുന്നില്ല, ആദരിക്കാന്‍ എത്തിയവര്‍ നിയമക്കുരുക്കില്‍ പെട്ടതില്‍ വേദനയുണ്ട്: രജിത് കുമാര്‍

കൊറോണ ജാഗ്രത നിര്‍ദേശങ്ങള്‍ മറികടന്ന് വിമാനത്താവളത്തില്‍ സ്വീകരണമൊരുക്കിയ സംഭവത്തില്‍ ടിവി ഷോ താരം രജിത് കുമാറിനെ പൊലീസ് ചോദ്യം ചെയ്തു. റിയാലിറ്റി ഷോയ്ക്കായ് അടച്ചിട്ട റൂമില്‍ കഴിഞ്ഞിരുന്നതിനാല്‍ പുറംലോകവുമായി ബന്ധപ്പെടാത്തതിനാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം അറിഞ്ഞിരുന്നില്ലെന്ന് രജിത് കുമാര്‍ പറഞ്ഞു. ചോദ്യം ചെയ്യലിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് രജിത് ഇക്കാര്യം പറഞ്ഞത്.

“അടച്ചിട്ട മുറിയില്‍ പുറംലോകവുമായി ബന്ധമില്ലാതെയാണ് ഷോയ്ക്കു വേണ്ടി തങ്ങിയിരുന്നത്. അതിനാല്‍ കോവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് ആള്‍ക്കൂട്ടം പാടില്ലെന്ന സര്‍ക്കാര്‍ നിര്‍ദേശം അറിഞ്ഞിരുന്നില്ല. എന്നോട് ആദരവു പ്രകടിപ്പിക്കാന്‍ സ്വമേധയാ എത്തിയവര്‍ നിയമക്കുരുക്കില്‍ പെട്ടതില്‍ വേദനയുണ്ട്.” രജിത് കുമാര്‍ പറഞ്ഞു.

Read more

സംഭവത്തില്‍ രജിത്കുമാറുള്‍പ്പെടെ 75 പേര്‍ക്കെതിരെ നെടുമ്പാശേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ആറ്റിങ്ങലിലെ വീട്ടില്‍ നിന്നാണ് രജിതിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. നിയമവിരുദ്ധമായ സംഘംചേരല്‍, കലാപശ്രമം, സര്‍ക്കാര്‍ ഉത്തരവ് ലംഘനം, പൊതുഗതാഗത സംവിധാനം തടസ്സപ്പെടുത്തി ജനങ്ങള്‍ക്ക് അപകടമുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍പ്രകാരമാണ് കേസ്. വിമാനത്താവളത്തിന്റെ 500 മീറ്റര്‍ പരിധിയില്‍ സംഘം ചേരരുതെന്ന ഹൈക്കോടതി ഉത്തരവും ഇവര്‍ ലംഘിച്ചിരുന്നു.