'പ്രണയവും അടിപിടിയും കുശുമ്പും വന്ന് നിറയുന്നത് വരെ നമുക്ക് കാത്തിരിക്കാം'; ബിഗ് ബോസ് നാലാം സീസണ്‍ പ്രഖ്യാപിച്ച് മോഹന്‍ലാല്‍

ബിഗ് ബോസ് സീസണ്‍ 3 അവസാനിച്ചതിന് പിന്നാലെ നാലാം സീസണ്‍ ആരംഭിക്കുന്നതിനെ കുറിച്ച് വ്യക്തമാക്കി നടന്‍ മോഹന്‍ലാല്‍. സീസണ്‍ 3 ഗ്രാന്‍ഡ് ഫിനാലെയ്ക്ക് ശേഷം ഒരിക്കല്‍ കൂടി ബിഗ് ബോസ് ഹൗസിലെത്തിയതിന് ശേഷമാണ് സീസണ്‍ 4ന് ആയുള്ള കാത്തിരിപ്പിനെ കുറിച്ച് താരം പറഞ്ഞത്.

“”ഇനിയൊരു കാത്തിരിപ്പാണ്. സന്തോഷവും സങ്കടവും പ്രണയവും അടിപിടിയും കുശുമ്പും വന്ന് നിറയുന്നത് വരെ നമുക്ക് കാത്തിരിക്കാം. നമുക്ക് കാണാം കാണണം. ബിഗ് ബോസ് സീസണ്‍ 4″” എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. നാലാം സീസണ്‍ ഉടന്‍ തന്നെയുണ്ടാവും എന്നാണ് താരത്തിന്റെ വാക്കുകളില്‍ നിന്നും വ്യക്തമാക്കുന്നത്.

നേരത്തെ, സീസണ്‍ 4ല്‍ അവതാരകനായി മോഹന്‍ലാല്‍ ആയിരിക്കില്ല എത്തുക എന്ന പ്രചാരണങ്ങള്‍ നടന്നിരുന്നു. ഷൂട്ടിംഗ് തിരിക്കിനെ തുടര്‍ന്ന് മോഹന്‍ലാല്‍ ഷോയില്‍ നിന്നും മാറി നില്‍ക്കുകയാണ് എന്നിങ്ങനെയുള്ള പ്രചാരണങ്ങളാണ് നടന്നത്. എന്നാല്‍ താരം തന്നെയാകും നാലാം സീസണിലും അവതാരകനായി എത്തുക എന്നാണ് നടന്റെ വാക്കുകളില്‍ വ്യക്തമാകുന്നത്.

നടന്‍ മണിക്കുട്ടന്‍ ആണ് സീസണ്‍ 3യില്‍ വിജയി ആയത്. സായ് വിഷ്ണു ആണ് രണ്ടാം സ്ഥാനത്ത് എത്തിയത്. ഡിംപല്‍, റംസാന്‍, അനൂപ് എന്നിവരാണ് മൂന്നും നാലും അഞ്ചും സ്ഥാനങ്ങള്‍ നേടിയത്. മാസങ്ങള്‍ നീണ്ടു നിന്ന കാത്തിരിപ്പിന് ഒടുവിലാണ് വിജയിയെ പ്രഖ്യാപിച്ചത്.