മധുരം ശോഭനം: ശോഭനയും മഞ്ജുവും ഒന്നിക്കുന്ന ക്രിസ്മസ് വിരുന്ന് സീ കേരളത്തില്‍

എല്ലാ ആഘോഷ വേളകളേയും പോലെ ഈ ക്രിസ്മസിനും മലയാളത്തിലെ ജനപ്രിയ വിനോദ ചാനല്‍ സീ കേരളം മറ്റൊരു അത്യപൂര്‍വ ദൃശ്യവിരുന്നിന് വേദിയൊരുക്കിയിരിക്കുന്നു. പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ഒരു താരസംഗമത്തിനാണ് ഇത്തവണ അരങ്ങൊരുന്നത്.

നടന-നൃത്ത വൈഭവങ്ങളിലൂടെ പതിറ്റാണ്ടുകളായി ചലച്ചിത്ര രംഗത്തും കലാവേദികളിലും നിറഞ്ഞു നില്‍ക്കുന്ന മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാറുകളായ ശോഭനയും സീ കേരളം ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ മഞ്ജു വാര്യരുമാണ് ഈ വേദിയില്‍ ഒന്നിച്ചെത്തുന്നത്.

ചലച്ചിത്ര രംഗത്തെ ശോഭനയുടെ സംഭാവനകളെ ആദരിക്കുന്ന പരിപാടിയില്‍ മഞ്ജുവും അനുഭവങ്ങള്‍ പങ്കിടുന്നു. ശോഭനയോടുള്ള തന്റെ അടുപ്പവും കുട്ടിക്കാലം തൊട്ടുള്ള ആരാധനയും മറ്റും ഈ പരിപാടിയില്‍ മഞ്ജു വെളിപ്പെടുത്തുന്നുണ്ട്.

ഇരുവരും ചേര്‍ന്ന് പങ്കുവെക്കുന്ന അപൂര്‍വ നിമിഷങ്ങളും അനുഭവങ്ങളും താളത്തിനൊത്തുള്ള ചുവടുകളും ഒപ്പം ചിരിപ്പിക്കുന്ന, രസകരമായ കാഴ്ചകളുമാണ് മധുരം ശോഭനത്തിലൂടെ പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നത്.

പ്രേക്ഷകര്‍ക്കായി മികച്ച ദൃശ്യവിരുന്നും താരസംഗവുമാണ് സീ കേരളം ഈ ക്രിസ്മസിന് ഒരുക്കിയിരിക്കുന്നതെന്ന് പരിപാടിയുടെ ടീസറില്‍ നിന്ന് വ്യക്തം. ഡിസംബര്‍ 26 ഞായറാഴ്ച വൈകീട്ട് 6:30ന് മധുരം ശോഭനം സീ കേരളത്തില്‍ കാണാം.

Read more