ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായി അനു കെ. അനിയനും? വില കളയരുതെന്ന് ‘കരിക്ക്’ ആരാധകര്‍; പ്രതികരണവുമായി താരം

Advertisement

ബിഗ് ബോസ് മലയാളം സീസണ്‍ 3 പ്രഖ്യാപിച്ചതു മുതല്‍ മത്സരാര്‍ത്ഥികളാകാന്‍ സാദ്ധ്യതയുള്ള നിരവധി പേരുകളാണ് ഉയരുന്നത്. ചര്‍ച്ചകള്‍ സജീവമായിരിക്കെ ഷോയില്‍ മത്സരാര്‍ത്ഥിയായി കരിക്ക് സീരിസിലെ ജോര്‍ജ് എന്ന അനു കെ. അനിയനും എത്തും എന്ന റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്. ഇതോടെ കരിക്ക് ആരാധകരും രംഗത്തെത്തി.

ബിഗ് ബോസിലേക്ക് പോയി വില കളയരുത് എന്നിങ്ങനെയുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഈ പ്രചാരണങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് അനു കെ. അനിയന്‍. ബിഗ് ബോസില്‍ താനും മത്സരാര്‍ത്ഥിയാകുന്നു എന്നത് വ്യാജവാര്‍ത്തയാണ് എന്നാണ് അനു വ്യക്തമാക്കിയിരിക്കുന്നത്.

സീസണ്‍ 3യില്‍ അനു ഉണ്ടെന്നുള്ള തരത്തില്‍ ഒരു യൂട്യൂബ് ചാനലില്‍ വന്ന സ്‌ക്രീന്‍ ഷോട്ട് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചാണ് താരം പ്രതികരിച്ചത്. ”വ്യാജവാര്‍ത്ത..മനസാ വാചാ കര്‍ണാടക ഞാന്‍ അറിഞ്ഞിട്ടില്ല….” എന്നാണ് അനു സ്റ്റോറിയായി പങ്കുവച്ചിരിക്കുന്നത്.

സീസണ്‍ 3 പ്രഖ്യാപിച്ചതു മുതല്‍ രശ്മി നായര്‍ മുതല്‍ ബോബി ചെമ്മണ്ണൂര്‍ അടക്കമുള്ളവരുടെ പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. എന്നാല്‍ ബോബി ചെമ്മണ്ണൂര്‍, ഗായിക റിമി ടോമി, താരപുത്രിയായ ഇഷാനി കൃഷ്ണയും ദിയ കൃഷ്ണയും തങ്ങള്‍ മത്സാര്‍ത്ഥികളായി എത്തുന്നില്ല. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.