തമാശക്കൂട്ടുകളുമായി സീ കേരളത്തില്‍ 'എരിവും പുളിയും'

മലയാളി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന മിനിസ്‌ക്രീന്‍ സുപ്പര്‍സ്റ്റാഴ്സ് നിഷ സാരംഗും ബിജു സോപാനവും ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. സീ കേരളം അവതരിപ്പിക്കുന്ന എരിവും പുളിയും എന്ന പരമ്പരയിലൂടെയാണ് കിടിലന്‍ മേക്ക് ഓവറിലൂടെ ഈ ഓണ്‍സ്‌ക്രീന്‍ കുടുംബത്തിന്റെ തിരിച്ചു വരവ്.

തമാശകളുടെ രസക്കൂട്ടില്‍ ചാലിച്ച് പുതുപുത്തന്‍ സ്റ്റൈലില്‍ ഒരുക്കുന്ന എരിവും പുളിയും പ്രമേയത്തിലെ വ്യത്യസ്തത കൊണ്ട് വേറിട്ടു നില്‍ക്കുന്ന വിനോദ അനുഭവമാകും എന്നത് ഉറപ്പാണ്. പ്രേക്ഷകരെ പിടിച്ചിരുത്താന്‍ വേണ്ട എല്ലാ ചേരുവകളും സമം ചേര്‍ത്തതാണ് ഈ ഷോ.

മലയാളികളുടെ വിനോദ കാഴ്ചകളില്‍ എക്കാലവും നിറഞ്ഞു നില്‍ക്കുന്ന ഹിറ്റ് കൂട്ടുകെട്ട് ഒരുക്കിയ ബിജു സോപാനം, നിഷ സാരംഗ്, ജൂഹി രുസ്തഗി, റിഷി, ശിവാനി, അല്‍സാബിത്ത്, ബേബി അമേയ എന്നിവരാണ് ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നത്.

ഈ കുടുംബത്തെ തിരികെ സ്‌ക്രീനില്‍ കാണാന്‍ ആഗ്രഹിച്ച മലയാളി പ്രേക്ഷകര്‍ക്കെല്ലാം സീ കേരളം ഒരുക്കുന്ന സര്‍പ്രൈസ് തന്നെയാണ് ഈ സീരിയല്‍. അടുത്തിടെ പുറത്തിറങ്ങിയ എരിവും പുളിയുടെയും പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.