ലോക്ഡൗണ്‍: ബോറടി മാറ്റാന്‍ മഹാഭാരതവും രാമായണവും വീണ്ടും എത്തുന്നു

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ രാജ്യം സമ്പൂര്‍ണ ലോക്ഡൗണില്‍ തുടരവെ ജനങ്ങളുടെ ബോറടി മാറ്റാന്‍ മഹാഭാരതം, രാമായണം സീരിയലുകള്‍ പുന:സംപ്രക്ഷേപണം ചെയ്യാനൊരുങ്ങി ദൂരദര്‍ശന്‍. പ്രസാര്‍ ഭാരതി സിഇഒ ശശി ശേഖര്‍ ആണ് സീരിയലുകള്‍ പുന:സപ്രേഷണം ചെയ്യുന്ന കാര്യം ബുധനാഴ്ച ട്വിറ്ററിലൂടെ അറിയിച്ചത്.

സീരിയലുകള്‍ പ്രക്ഷേപണം ചെയ്യാന്‍ പകര്‍പ്പവകാശമുള്ളവരെ ദൂരദര്‍ശന്‍ സമീപിച്ചിട്ടുണ്ടെന്നും വൈകാതെ തീരുമാനമറിയിക്കാമെന്നും ശശി ശേഖര്‍ ട്വീറ്റിലൂടെ അറിയിച്ചു. രാജ്യം 21 ദിവസം ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ദൂരദര്‍ശനില്‍ രാമായണം, മഹാഭാരതം സീരിയലുകള്‍ വീണ്ടും സംപ്രേഷണം ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് വന്നിരുന്നു.

ഇത് ശ്രദ്ധയില്‍ പെട്ടപ്പോഴാണ് പ്രസാര്‍ ഭാരതി സിഇഒ ഇക്കാര്യത്തിന് പരിഹാരം ആലോചിച്ചു തുടങ്ങുന്നത്. 1987ല്‍ പ്രക്ഷേപണം ആരംഭിച്ച രാമായണം സീരിയല്‍ വീണ്ടും കാണണമെന്നാണ് നിരവധി പേരുടെ ആവശ്യം.