ഷൂട്ടിംഗിനിടെ വേദിയില്‍ കയറി ബിഗ് ബോസ് മത്സരാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു

ബിഗ് ബോസ് മറാത്തിയുടെ മത്സരാര്‍ത്ഥിയെ ഷൂട്ടിംഗിനിടെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. പരിപാടിയുടെ രണ്ടാം സീസണിലെ മത്സരാര്‍ത്ഥിയും രാഷ്ട്രീയ പ്രവര്‍ത്തകനുമായ അഭിജിത് ബിച്ചുകാലേയെയാണ് വേദിയില്‍ കയറി അറസ്റ്റ് ചെയ്തത്. വണ്ടിച്ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് ബിച്ചുകാലേയുടെ അറസ്റ്റ്.

2015- ലെ വണ്ടിച്ചെക്ക് കേസിലാണ് ഇയാള്‍ ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. നിരവധി തവണ കോടതിയില്‍ ഹാജരാകാന്‍ കോടതി ഇയാളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അഭിജിത്ത് ഇതിന് തയാറായിരുന്നില്ല.

മുംബൈയിലെ സത്താരെയില്‍ നിന്നും, കിഴക്കന്‍ ഗോറേഗാവോണില്‍ നിന്നുമുള്ള പൊലീസ് സംഘങ്ങളാണ് ഇയാളെ അറസ്റ്റ് ചെയ്യാനായി മുംബൈ ഫിലിം സിറ്റിയിലുള്ള “ബിഗ് ബോസ് ഹൗസി”ലേക്ക് എത്തിയത്. ഇയാള്‍ക്കെതിരെ സത്താരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.