‘നിറയെ അശ്ലീലം’; കമൽഹാസൻ അവതാരകനായി എത്തുന്ന ബിഗ്‌ബോസിന്റെ സംപ്രേഷണം തടയണമെന്ന് ഹർജി

ജൂണ്‍ 23ന് സംപ്രേഷണം ചെയ്യുന്ന തമിഴ് ബിഗ്‌ബോസ് മൂന്നാം സീസണ്‍ തടയണമെന്ന് ഹർജി. ബിഗ്‌ബോസ് ഷോ അശ്ലീലം നിറഞ്ഞതും സംസ്‌കാരത്തിന് യോജിക്കാത്തതുമാണ് എന്ന പരാതിയുമായി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് സുധന്‍ എന്ന അഭിഭാഷകന്‍.

മത്സരാര്‍ത്ഥികള്‍ മോശമായ വസ്ത്രങ്ങള്‍ ധരിച്ചെത്തുന്ന ഈ ഷോ യുവജനങ്ങളെ വഴി തെറ്റിക്കുമെന്നും അതിനാല്‍ ഇന്ത്യന്‍ ബ്രോഡ്കാസ്റ്റ് ഫൗണ്ടേഷന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റില്ലാതെ സംപ്രേഷണം ചെയ്യാന്‍ അനുവദിക്കരുതെന്നുമാണ് പരാതിക്കാരന്റെ ആവശ്യം.

കഴിഞ്ഞ 11 വര്‍ഷമായി ഹിന്ദി ടെലിവിഷന്‍ രംഗത്ത് സൂപ്പര്‍ ഹിറ്റായി മുന്നേറുന്ന ബിഗ് ബോസ് 2017- ലാണ് തമിഴ് ടെലിവിഷന്‍ രംഗത്തേക്ക് എത്തുന്നത്. കമല്‍ഹാസന്‍ അവതാരകനായെത്തിയതോടെ തെന്നിന്ത്യയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ട ഈ ഷോ വിജയ് ടിവിയിലാണ്‌ സംപ്രേഷണം ചെയ്യുന്നത്.