പാര്‍വതിയെ പരിഹസിച്ച് ഏഷ്യാനെറ്റിലെ ബഡായ് ബംഗ്ലാവ്; കൂടെച്ചേര്‍ന്ന സലീംകുമാറും ജയറാമും

മമ്മൂട്ടി ചിത്രം കസബയെ സ്ത്രീവിരുദ്ധതയുടെ പേരില്‍ വിമര്‍ശിച്ച നടി പാര്‍വതിയെ പരിഹസിച്ച് ഏഷ്യാനെറ്റിലെ ബഡായ് ബംഗ്ലാവ് പരിപാടി. ദൈവമേ കൈതൊഴാം കേക്കുമാറാകണം എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ജയറാമും സലീംകുമാറും പങ്കെടുത്ത എപ്പിസോഡിലാണ് പാര്‍വതിയെ പരിഹസിച്ചത്.

ബഡായ് ബംഗ്ലാവിലെ ആര്യ പാര്‍വതി പറഞ്ഞ വിമര്‍ശനം ഹാസ്യരൂപത്തില്‍ അവതരിപ്പിച്ചപ്പോള്‍ അതിനെ പ്രോത്സാഹിപ്പിക്കാന്‍ ജയറാമും സലീംകുമാറും രമേഷ് പിഷാരടിയും മുകേഷും കൂടേച്ചേര്‍ന്നു.

വലിയ കണ്ണടവെച്ചും പൊട്ടുംതൊട്ടും തോള്‍സഞ്ചിയും തൂക്കിയും എത്തുന്ന ആര്യ ചലച്ചിത്ര മേളയില്‍ ഡെലിഗേറ്റുകള്‍ സംസാരിക്കുന്നതിനെ പരിഹസിച്ചതിന് ശേഷമാണ് പാര്‍വതിയുടെ ഐഎഫ്എഫ്‌കെ വേദിയിലെ വിമര്‍ശനത്തെ പരിഹസിക്കുന്നത്.

അടുത്തിടെ നിര്‍ഭാഗ്യവശാല്‍ ഞാനൊരു സിനിമ കാണുകയുണ്ടായി, പക്ഷേ അതിന്റെ പേര് ഞാന്‍ പറയുന്നില്ല, ഇപ്പോള്‍ തന്നെ നിങ്ങള്‍ക്കത് മനസ്സിലായി കാണുമല്ലോ എന്നാണ് ആര്യയുടെ ഡയലോഗ്. ഓപ്പണ്‍ ഫോറത്തില്‍ പാര്‍വ്വതി ഇത് പറഞ്ഞപ്പോള്‍ അടുത്തുണ്ടായിരുന്ന ഗീതു മോഹന്‍ദാസ് സിനിമയുടെ പേര് പറയ് എന്ന് നിര്‍ദേശിച്ചിരുന്നു.

അങ്ങനെയാണ് ആ സിനിമ കസബയാണ് എന്ന് പാര്‍വ്വതി പറയുകയും പിന്നീട് വിവാദമാവുകയും ചെയ്തത്. ആ സംഭവത്തെ ഓര്‍മ്മിപ്പിക്കും വിധം ബഡായി ബംഗ്ലാവിലെ അവതാരകരായ മുകേഷും പിഷാരടിയും അതിഥികളായ ജയറാമും സലിം കുമാറും “സേ ഇറ്റ്” എന്ന് പറഞ്ഞ് ആര്യയെ പ്രോത്സാഹിപ്പിക്കുന്ന രംഗം. ആ പേര് എന്നെക്കൊണ്ട് പറയിച്ച്, എന്നെ മാത്രം പെടുത്തിയിട്ട് നിങ്ങള്‍ക്ക് സുഖിക്കാനല്ലേ എന്നാണ് ആര്യ ഇതിന് നല്‍കുന്ന മറുപടി.

https://www.hotstar.com/1000200931