ശരീരത്തില്‍ രാജ്യ പതാകകള്‍, റിയാലിറ്റി ഷോ താരത്തിനെതിരെ അറസ്റ്റ് വാറണ്ട്

ശരീരത്തില്‍ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും പതാക വരച്ച് പ്രകടനം നടത്തിയ ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാര്‍ഥിയായ ആര്‍ഷി ഖാനെതിരേ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. നേരത്തെ മൂന്ന് തവണ കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് പഞ്ചാബിലെ ജലന്ധര്‍ കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

ശരീരത്തില്‍ പതാക വരച്ച് വര്‍ഗീയതയുണ്ടാക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ആര്‍ഷി ഖാന് എതിരെ കേസ് ഫയല്‍ ചെയ്തിരുന്നു. മുന്‍പ് മൂന്ന് തവണ ഹാജരാകാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ ഒന്ന് മുതല്‍ ആര്‍ഷി ബിഗ് ബോസ് ഷോ നടക്കുന്ന വീട്ടില്‍ വീട്ടുതടങ്കല്‍ പോലെ കഴിയുകയാണ്. ഇതു കാരണമാണ് കോടതിയില്‍ ഹാജരാകാന്‍ കഴിയാതിരുന്നതെന്ന് കാണിച്ച് ആര്‍ഷി സ്റ്റേ ആവശ്യപ്പെട്ടെന്നും ബിഗ് ബോസിന്റെ ഫൈനല്‍ നടക്കുന്ന 2018 ജനുവരി പതിനഞ്ച് വരെ അറസ്റ്റ് സ്റ്റേ ചെയ്‌തെന്നും റിപ്പോര്‍ട്ടുണ്ട് .

തിങ്കളാഴ്ച പുറപ്പെടുവിച്ച ഉത്തരവില്‍ ബിഗ് ബോസിന്റെ സെറ്റില്‍ ചെന്ന് ആര്‍ഷിയെ അറസ്റ്റ് ചെയ്യണമെന്നാണ് കോടതി പോലീസിനോട് ആവശ്യപ്പെട്ടത്. ദി ലാസ്റ്റ് എംപറര്‍ എന്ന ബോളിവുഡ് ചിത്രത്തിലും അഭിനയിച്ച താരം തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.