സ്ത്രീയായതിനാല്‍ പരസ്പരം മനസ്സിലാക്കാന്‍ എളുപ്പം, ആദ്യമൊക്കെ എല്ലാവരോടും പറയാന്‍ പേടിയായിരുന്നു: അപര്‍ണ്ണ മള്‍ബറി

ബിഗ് ബോസ് ഷോയുടെ ഭാഗമാണ് അപര്‍ണ്ണ മള്‍ബറിയും. സോഷ്യല്‍ മീഡിയയിലൂടെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന, മലയാളികളെ പോലും ഞെട്ടിക്കുന്ന മലയാളം പറയുന്ന അപര്‍ണയെ കൂടുതല്‍ പേര്‍ അറിഞ്ഞത് ബിഗ് ബോസ് ഷോയില്‍ പങ്കെടുത്തപ്പോളാണ് . ഇപ്പോഴിതാ ഫ്ളവേഴ്സ് ചാനലിലെ ഒരു കോടിയില്‍ പങ്കെടുത്ത അപര്‍ണ്ണയുടെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. സ്വവര്‍ഗാനുരാഗിയായ അപര്‍ണ തന്റെ പ്രണയ കഥ വെളിപ്പെടുത്തിയതാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കാര്‍ഡിയോളജിസ്റ്റായ അമൃത ശ്രീയാണ് അപര്‍ണ്ണയുടെ പങ്കാളി.

അമൃതശ്രീയെക്കുറിച്ച് അപര്‍ണ്ണ പറയുന്നത്

ഞങ്ങളുടെ വിവാഹത്തിന്റെ ചടങ്ങുകളെല്ലാം സ്‌പെയിനിലായിരുന്നു. ഇന്ത്യന്‍ സ്റ്റൈലിലായിരുന്നു ഞങ്ങളുടെ വിവാഹം. നിലവിളക്കൊക്കെയുണ്ടായിരുന്നു. വിവാഹം എന്നത് ഞങ്ങള്‍ രണ്ടാളുടേയും താല്‍പര്യമായിരുന്നു. ഞങ്ങളുടെ നാട്ടില്‍ പെണ്‍കുട്ടികള്‍ തമ്മില്‍ വിവാഹം കഴിക്കുന്നത് പ്രശ്‌നമല്ല. പക്ഷേ എല്ലായിടത്തും അങ്ങനെയല്ല.

അതുകൊണ്ട് തന്നെ ആദ്യമൊക്കെ എല്ലാരോടും പറയാന്‍ പേടിയായിരുന്നു. എന്നാല്‍ എന്നെപ്പോലെ കുറേപേരുണ്ടാവും, അവരെയൊക്കെ സഹായിക്കാമല്ലോയെന്ന് കരുതിയാണ് സോഷ്യല്‍മീഡിയയിലൂടെ വിവാഹത്തെക്കുറിച്ച് പറഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെ വിവാഹത്തെക്കുറിച്ച് സംസാരിച്ചതോടെ ഒരുപാട് മെസേജുകളാണ് വന്നത്.

3 വര്‍ഷത്തെ പ്രണയമായിരുന്നു ഞങ്ങളുടേത്. യുഎസില്‍ വെച്ചാണ് അമൃത ശ്രീയെ കണ്ടുമുട്ടിയത്. അമ്മയുടെ ഒരു പരിപാടിക്ക് പോയതായിരുന്നു താന്‍. അപ്പോഴാണ് അമൃതശ്രീയെ കാണുന്നത്. ഞാനാണ് ആദ്യം പ്രണയം തുറന്നു പറഞ്ഞത്. അവള്‍ക്കൊരു നാണമുണ്ടായിരുന്നു. പെണ്‍കുട്ടിയെ തന്നെ കല്യാണം കഴിക്കുന്നത് ശരിയാവുമോയെന്നൊക്കെയായിരിക്കാം അവള്‍ ചിന്തിച്ചിട്ടുണ്ടാവുക. പോയിട്ട് വരാമെന്നായിരുന്നു അവളുടെ മറുപടി. അയ്യോ ഇത് പറയേണ്ടിയിരുന്നില്ല എന്നൊക്കെയായിരുന്നു എനിക്ക് തോന്നിയത്. പിന്നീടാണ് അവളെന്നോട് സമ്മതം പറഞ്ഞത്.

സ്ത്രീയായതിനാല്‍ ഇരുവര്‍ക്കും പരസ്പരം മനസിലാക്കാന്‍ എളുപ്പമാണ്. ഞങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങളൊന്നുമില്ല. സന്തുഷ്ടകരമായ ദാമ്പത്യ ജീവിതമാണ് ഞങ്ങളുടേത്. ഒരു കുഞ്ഞിനെ വേണമെന്ന് തോന്നുന്ന ഘട്ടത്തില്‍ ദത്തെടുക്കാനാണ് തീരുമാനം.