'മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണി, ഞാന്‍ ആത്മഹത്യ ചെയ്താല്‍ കാരണം അവരാണ്'

“വാനമ്പാടി” എന്ന സീരിയലിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണ് നടി പ്രിയ നായര്‍. കൂടെ അഭിനയിക്കുന്നവര്‍ തനിക്കെതിരെ വധ ഭീഷണി മുഴക്കുന്നു എന്ന ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. തന്റെ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി നടി ഫെയ്‌സ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കി.

കുറച്ചുമാസങ്ങളായി വധിക്കുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണി നിലനില്‍ക്കുന്നതായും, ഞാന്‍ ആത്മഹത്യ ചെയ്യുകയോ, മരിക്കുകയോ ചെയ്താല്‍ അവര്‍ തന്നെയാണ് അതിന് കാരണം എന്ന് എഴുതി വച്ചിട്ടുണ്ട് എന്നാണ് പ്രിയ ലൈവില്‍ പറഞ്ഞത്. പോസ്റ്റ് വൈറലായതിന് പിന്നാലെ, താരത്തിന് എന്ത് പറ്റിയെന്ന ചോദ്യവുമായി ആരാധകരുമെത്തി.

എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം വിഡിയോ അപ്രത്യക്ഷമായി. തുടര്‍ന്ന് പ്രശ്‌നങ്ങള്‍ പരിഹരിച്ച് വരികയാണെന്നും ആരാധകരുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദിയുണ്ടെന്നും പ്രിയ കുറിച്ചു.