പത്തു മിനിറ്റില്‍ ഈ കലാകാരന്‍ അനുകരിച്ചത് 101 പ്രമുഖരെ

10 മിനിറ്റില്‍ 101 പ്രമുഖ വ്യക്തികളുടെ ശബ്ദം അനുകരിച്ച് സതീഷ്. ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി ഉത്സവം എന്ന പരിപാടിയിലാണ് സാംസ്‌കാരിക സാമൂഹിക രാഷ്ട്രീയ സിനിമ രംഗത്ത് പ്രവര്‍ത്തിക്കുന്ന 101 വ്യക്തികളുടെ ശബ്ദം അനുകരിച്ച് സതീഷ് ശബ്ദവിസ്മയം തീര്‍ത്തത്.

6 സെക്കന്റ് വീതമാണ് ഓരോ ശബ്ദവും അനുകരിച്ചത്. സിനിമകള്‍ക്ക് മുന്നോടിയായി പ്രദര്‍ശിപ്പിക്കുന്ന പുകവലി വിരുദ്ധ പരസ്യത്തില്‍ തുടങ്ങിയ പ്രകടനം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിലാണ് അവസാനിച്ചത്.

“സപ്തമശ്രീ തസ്‌ക്കരാഹ ” എന്ന സിനിമയില്‍ അഭിനേതാക്കളെ തൃശ്ശൂര്‍ ഭാഷാ ശൈലി പഠിപ്പിച്ച സതീഷ് കോമഡി ഉത്സവം വേദിയില്‍ ഹരിശ്രീ അശോകന്‍, അലന്‍സിയര്‍ തുടങ്ങിയ നടന്മാരെയും സംവിധായകരായ ലാല്‍ ജോസ് സിദ്ധിഖ്, ലാല്‍ തുടങ്ങിയവരെയും അനുകരിച്ചു.

കുതിരവട്ടം പപ്പു, ബഹദൂര്‍, ശശി കലിംഗ, ടി.ജി.രവി, അമിതാഭ് ബച്ചന്‍ തുടങ്ങിയവരും ലിസ്റ്റില്‍ ഉണ്ട്. യുവനടന്മാരെയും നന്നായി അവതരിപ്പിച്ച സതീഷ് ടി.എന്‍. ഗോപകുമാറിനെയും അവതരിപ്പിക്കാന്‍ മറന്നില്ല. വിക്രം, രജനികാന്ത് തുടങ്ങിയവരിലൂടെ തമിഴ് നടന്മാരും വഴങ്ങുമെന്ന് സതീഷ് തെളിയിച്ചു.

Read more

രാഷ്ട്രീയത്തില്‍ നിന്ന് കെ.കരുണാകരനും, പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമെല്ലാം ഉണ്ടെങ്കില്‍ സംഗീതലോകത്തു നിന്ന് ഗാനഗന്ധര്‍വന്‍ യേശുദാസും, ഓഎന്‍വിയും, കുഞ്ഞുണ്ണിമാഷുമെല്ലാം ലിസ്റ്റില്‍ ഉണ്ട്. മലയാള മിമിക്രി ലോകത്തു നിന്നും ഗിന്നസ് പക്രുവിന് ശേഷം അടുത്ത ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കാന്‍ സാധ്യതയുള്ള കലാകാരനാണ് സതീഷ്.