തിരുട്ടു ഡിവിഡിയില്‍ പടം കാണരുതെന്ന് പറഞ്ഞാല്‍ ആരും മൈന്‍ഡ് ചെയ്യില്ല, എങ്കില്‍ കഷ്ടപ്പെടുന്ന ആര്‍ക്കെങ്കിലും നൂറു രൂപ കൊടുത്ത് സഹായിക്കു'

തീരന്‍ അധികാരം ഒന്‍ട്ര് മികച്ച അഭിപ്രായത്തോടെ തിയേറ്ററുകളില്‍ മുന്നേറി കൊണ്ടിരിക്കുമ്പോള്‍ ചിത്രത്തെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത് വെബ്‌സൈറ്റുകളില്‍ അപ്ലോഡ് ചെയ്തിരിക്കുന്ന വ്യാജ പ്രിന്റുകളാണ്. നിര്‍മ്മാതാക്കള്‍ക്ക് പണം തിരികെ കിട്ടില്ലെന്ന് മാത്രമല്ല സിനിമാ വ്യവസായത്തിന് തന്നെ അത് ഭീഷണിയാണ്. നിര്‍മ്മാതാക്കള്‍ ഉള്‍പ്പെടെ ഇതിനെതിരെ പോരാടാറുണ്ടെങ്കിലും പലപ്പോഴും ഗുണമൊന്നും ഉണ്ടാകാറില്ല.

ഇങ്ങനെയൊരു സാഹചര്യത്തിലാണ് ചിത്രത്തിലെ നായകനായ കാര്‍ത്തി വളരെ തന്ത്രപൂര്‍വമായ പ്രസ്താവന നടത്തിയിരിക്കുന്നത്. തിരുട്ട് ഡിവിഡി കാണരുതെന്ന് പറഞ്ഞാല്‍ ആരും കേള്‍ക്കില്ല. അങ്ങനെ എങ്കില്‍ നിങ്ങള്‍ തമിള്‍ റോക്കേഴ്‌സില്‍നിന്നോ മറ്റേതെങ്കിലും വെബ്‌സൈറ്റില്‍നിന്നോ സിനിമ കണ്ടോളു, പക്ഷെ പാവങ്ങളായ ആര്‍ക്കെങ്കിലും തീരന്‍ സിനിമയുടെ പേരില്‍ ഒരു നൂറു രൂപ കൊടുത്തേക്കണം. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ഒരു ചടങ്ങിലാണ് നിര്‍മ്മാതാവ് ഉള്‍പ്പെടെയുള്ളവരുടെ സാന്നിദ്ധ്യത്തില്‍ കാര്‍ത്തി ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത്.

നേരത്തെ ചിത്രത്തിന്റെ നിര്‍മ്മാതാവും സമാനമായൊരു നിലപാടുമായി രംഗത്തു വന്നിരുന്നു. ഓണ്‍ലൈനില്‍ സിനിമ കാണാന്‍ സാധിക്കുമോ എന്ന് ചോദിച്ച ഒരു കാര്‍ത്തി ആരാധകനോട് കുറച്ചു ദിവസം കാത്തിരുന്നാല്‍ ആമസോണില്‍ കാണാം എന്ന് പറഞ്ഞു. അല്ലെങ്കില്‍ ഏതെങ്കിലും വ്യാജപ്രിന്റ് കണ്ടിട്ട് ആര്‍ക്കെങ്കിലും 10 ഡോളര്‍ നല്‍കിയേക്കു എന്നായിരുന്നു നിര്‍മ്മാതാവിന്റെ മറുപടി.

സതുരംഗവേട്ടയുടെ സംവിധായകന്‍ വിനോദ് സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത് എസ്ആര്‍ പ്രകാശ്ബാബുവും എസ്ആര്‍ പ്രഭുവും ചേര്‍ന്നാണ്. തിയേറ്ററുകളില്‍നിന്ന് ചിത്രത്തിന് മാത്രമല്ല നായകന്‍ കാര്‍ത്തിക്കും നിരവധി അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു. രാകുല്‍ പ്രീത് സിങ്, ബോസ് വെങ്കട് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.