'2031-ല്‍ ദളപതി തമിഴ്നാട് മുഖ്യമന്ത്രി ആകും'; പോസ്റ്ററുകള്‍ പതിച്ച് ആരാധകര്‍

നടന്‍ ജോസഫ് വിജയ് 2031ല്‍ തമിഴ്നാടിന്റെ മുഖ്യമന്ത്രിയാകുമെന്ന അവകാശവാദവുമായി ആരാധകര്‍. ഇതുമായി ബന്ധപ്പെട്ട് ആരാധകര്‍ മധുരയില്‍ പതിച്ച പോസ്റ്റര്‍ ചര്‍ച്ചയാകുന്നു. ‘2031 ജോസഫ് വിജയ് എനും നാന്‍’ എന്നാരംഭിക്കുന്ന സത്യപ്രതിജ്ഞാവാചകത്തോടെ നടന്‍ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയാവുമെന്ന് പറയുന്ന പോസ്റ്ററാണ് ആരാധകര്‍ പതിച്ചത്.

വിജയ് സത്യപ്രതിജ്ഞ ചെയ്യുന്നത് പോലുള്ള ചിത്രത്തോടൊപ്പമായിരുന്നു പോസ്റ്റര്‍. ഒക്ടോബര്‍ ആറ്, ഒമ്പത് തിയതികളിലായി തമിഴ്നാട്ടില്‍ ഒമ്പത് ജില്ലകളില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ‘ഇളയ ദളപതി വിജയ് മക്കള്‍ ഇയക്കം’ മത്സരിച്ച 169 സീറ്റുകളില്‍ 110 എണ്ണത്തില്‍ വിജയിച്ചത് ഏറെ ശ്രദ്ധനേടിയിരുന്നു.

കഴിഞ്ഞ മാസമായിരുന്നു വിജയ് മക്കള്‍ ഇയക്കം അംഗങ്ങള്‍ക്ക് തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിജയ് അനുമതി നല്‍കിയത്. പ്രചാരണത്തിനായി വിജയുടെ ഫോട്ടോകളും പേരും ഫാന്‍സ് അസോസിയേഷന്‍ പതാകയും ഉപയോഗിക്കാനായിരുന്നു അനുവാദം.

അതേസമയം, തന്റെ പേരില്‍ പാര്‍ട്ടി രൂപീകരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് തമിഴ് സൂപ്പര്‍ താരം വിജയ് ഹൈക്കോടതിയെ സമീപിച്ചതും ശ്രദ്ധേയമായിരുന്നു. മാതാപിതാക്കളും ബന്ധുക്കളുമുള്‍പ്പെടെ തന്റെ പേരില്‍ പാര്‍ട്ടി രൂപീകരിക്കുന്നത് തടയണം എന്നാവശ്യപ്പെട്ടു കൊണ്ടാണ് വിജയ് മദ്രാസ് ഹൈക്കോടതിയെ ഹര്‍ജി നല്‍കിയത്.