കാലയും എന്തിരനുമല്ല, രജനിയുടെ അവസാന ചിത്രം കബാലി സംവിധായകനൊപ്പം

കബാലിക്ക് ശേഷം രജനികാന്തും പാ രഞ്ജിത്തും ഒന്നിക്കുന്നു. രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നടത്തിയ താരത്തിന്റെ അഭിനയ കരിയറിലെ ഏറ്റവും അവസാനത്തെ സിനിമയായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രാഷ്ട്രീയം പ്രമേയമാക്കി ചിത്രീകരിക്കുന്ന സിനിമ തലൈവറുടെ രാഷ്ട്രീയ ചുവട് വെയ്പ്പിന് സഹായകരമായ രീതിയിലായിരിക്കും അണിയിച്ചൊരുക്കുക.

കാലയുടെ റിലീസിനും അത് എങ്ങനെ സ്വീകരിക്കപ്പെടുന്നു എന്നതും ആശ്രയിച്ചതായിരിക്കും പുതിയ സിനിമയുടെ കാസ്റ്റിംഗ് ജോലികള്‍ നടക്കുക. ദളിതിന് വേണ്ടി സംസാരിക്കുന്ന ചിത്രവുമായിരിക്കും ഇത്. കൃത്യമായ രാഷ്ട്രീയ പരാമര്‍ശങ്ങളും ചിത്രത്തിലുണ്ടായിരിക്കുമെന്ന് നേരത്തെ മധുരയിലെ ഒരു ചടങ്ങില്‍ രഞ്ജിത് വ്യക്തമാക്കിയിരുന്നു.

തമിഴ് ചിത്രമായിരിക്കുമെങ്കിലും മുംബൈ പശ്ചാത്തലമുള്ളതിനാല്‍ ചില സംഭാഷണങ്ങള്‍ മറാത്തിയിലും ഹിന്ദിയിലുമായിരിക്കും. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

കാല, എന്തിരന്‍ 2.0 എന്നിവയാണ് രജനികാന്തിന്റെ പുറത്തിറങ്ങാനുള്ള തമിഴ് സിനിമകള്‍. പേരിടാത്ത രാഷ്ട്രീയ ചിത്രത്തിലൂടെ ദളിത് രാഷ്ട്രീയം മുന്നോട്ടുവെച്ച് തന്നിലെ രാഷ്ട്രീയക്കാരന് കൂടുതല്‍ മിഴിവേകുക എന്നതാണ് ഈ സിനിമയിലൂടെ ഉദ്ദേശിക്കുന്നത്. ചിത്രത്തിന്റെ ആദ്യഘട്ട ചര്‍ച്ചകള്‍ അവസാനിക്കുകയും പാ രഞ്ജിത്ത് ഇതിന്റെ തിരക്കഥാ ജോലികള്‍ തുടങ്ങുകയും ചെയ്തിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെയായിരിക്കും സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുക.