'ഹോളിവുഡ് സിനിമയാണ് ലക്ഷ്യം, എന്നാല്‍ സുരക്ഷ പാലിക്കില്ല'; ഇന്ത്യന്‍ 2 ടീമിനെ രൂക്ഷമായി വിമര്‍ശിച്ച് രാധാരവി

ഇന്ത്യന്‍ 2 ലൊക്കേഷനിലുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ സംവിധായകന്‍ ശങ്കറിനെ പരോക്ഷമായി വിമര്‍ശിച്ച് നടന്‍ രാധാരവി. സംവിധാന സഹായികളായ മൂന്ന് പേരാണ് ലൊക്കേഷനിലുണ്ടായ അപകടത്തില്‍ മരിച്ചത്. പതിനൊന്നോളം പേര്‍ക്ക് പരിക്കും പറ്റിയിരുന്നു.

ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അനുശോചനയോഗത്തിലാണ് രാധാരവി ശങ്കറിനെ പരോക്ഷമായി വിമര്‍ശിച്ചത്. ഹോളിവുഡ് നിലവാരത്തിലുള്ള സിനിമയാണ് ഇവരുടെ ലക്ഷ്യമെന്നും എന്നാല്‍ അതിന് തക്കതായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കില്ലെന്നും രാധാ രവി പറഞ്ഞു.

Read more

ചെന്നൈ പൂനമല്ലിയിലെ ഇ.വി.പി ഫിലിം സിറ്റിയില്‍ ബുധനാഴ്ച രാത്രി 9.10നാണ് അപകടമുണ്ടായത്. വെളിച്ച സംവിധാനമൊരുക്കാനായെത്തിച്ച ക്രെയിന്‍ പൊടുന്നനെ താഴേക്ക് പതിക്കുകയായിരുന്നു. ക്രെയിനിന് കീഴെയുണ്ടായിരുന്ന ടെന്റ് പൂര്‍ണമായി തകര്‍ന്നു. ഇതിനുള്ളില്‍ കുടുങ്ങിയാണ് സഹ സംവിധായകന്‍ കൃഷ്ണ, കലാസംവിധാന സഹായി ചന്ദ്രന്‍ നിര്‍മാണസഹായി മധു എന്നിവരാണ് മരിച്ചത്.