തമിഴ് റോക്കേഴ്‌സ്; സംവിധായകന്‍ മിഷ്‌ക്കിനുമുണ്ട് ചിലത് പറയാന്‍

തമിഴ് റോക്കേഴ്‌സിനെതിരെ പ്രതികരിച്ച് തമിഴ് സംവിധായകന്‍ മിഷ്‌ക്കിനും. അദ്ദേഹം തിരക്കഥ എഴുതി സഹോദരനായ ജി.ആര്‍. ആദിത്യ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ വാര്‍ത്താ സമ്മേളനത്തിലാണ് തമിഴ് റോക്കേഴ്‌സിനെതിരെ അദ്ദേഹം ശബ്ദമുയര്‍ത്തിയത്.

‘ഇതൊരു നല്ല സിനിമയാണ്. തിയേറ്ററില്‍ മാത്രമെ സിനിമ കാണാവു എന്നൊന്നും ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നില്ല. കാരണം, എനിക്കറിയാം നിങ്ങള്‍ ഓണ്‍ലൈനിലും കാണുമെന്ന്. തമിഴ് റോക്കേഴ്‌സ്, അവര് ഈ സിനിമയിലും റിലീസ് ചെയ്യട്ടെ. നമുക്ക് നമ്മുടെ ജോലി ചെയ്യാം. അത് അവരുടെ ജോലിയാണ്, അവരത് ചെയ്യട്ടെ. ആയിരം ആളുകള്‍ക്കൊപ്പം തിയേറ്ററില്‍ ഒരു സിനിമ കാണുക എന്നത് ഒരു സാമൂഹിക പരിപാടിയാണ്.

ഇളയരാജയുടെയും എംജിആറിന്റെയും ശിവാജിയുടെയും സിനിമകള്‍ തിയേറ്ററില്‍നിന്നാണ് നമ്മള്‍ കണ്ടത്. അതുകൊണ്ടാണ് ഞാനൊക്കെ ഇപ്പോഴും സന്തോഷത്തോടെ ജീവിക്കുന്നത്. ഒരു സിനിമയ്ക്കായി ആയിരത്തോളം ആളുകളാണ് ജോലി ചെയ്യുന്നത്. നമ്മള്‍ ഒരു സാധനം മോഷ്ടിച്ച് കാണുന്നത് ശരിയല്ല. ദൈവത്തിന് ശേഷം നമ്മള്‍ നോക്കുന്നത് സിനിമയെയാണ്. അതുകൊണ്ട് നമുക്ക് ആ അനുഭവം ആസ്വദിക്കാം’ – മിഷ്‌ക്കിന്‍ പറഞ്ഞു.

മിഷ്‌ക്കിന്‍, സംവിധായകനായ റാം തുടങ്ങിയവരാണ് ഈ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതും. മലയാളി താരം ഇനിയയും ചിത്രത്തില്‍ നിര്‍ണായകമായ വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.