മരണത്തിനും മായ്ക്കാനാവാതെ മക്കള്‍തിലകം ,എംജിആര്‍ നായകനായി പുതിയചിത്രം വരുന്നു

തമിഴ് ജനതയുടെ മനസില്‍ ഇന്നും മരണമില്ലാതെ നില്‍ക്കുന്ന നായകനാണ് മക്കള്‍തിലകം എംജിആര്‍. മരിച്ച് മൂന്നു പതിറ്റാണ്ടിനു ശേഷം താരം നായകനായി പുതിയ സിനിമയൊരുങ്ങുന്നു. “കിഴക്ക് ആഫ്രിക്കാവില്‍ രാജു” എന്ന ആനിമേഷന്‍ ചിത്രത്തിലൂടെയാണ് എംജിആര്‍ വീണ്ടും വെള്ളിത്തിരയിലെത്തുന്നത്.

എം ജി ആറിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം “ഉലകം ചുറ്റും വാലിബനിലെ” കഥാപാത്രത്തിന്റെ പേരാണ് രാജു. ഇതേ പേരില്‍ മറ്റൊരു ചിത്രത്തിലഭിനയിക്കണമെന്ന മോഹം ബാക്കിയാക്കിയാണ് എംജിആര്‍ മരിച്ചത്. അദ്ദേഹത്തിന്റെ മോഹമാണ് ഇപ്പോള്‍ സാക്ഷാത്കരിക്കുന്നത്. ഇന്നലെ ചെന്നൈയില്‍ നടന്ന ചിത്രത്തിന്റെ പൂജയില്‍ രജനീകാന്താണ് ചിത്രത്തിനായി ആദ്യക്ലാപ്പടിച്ചത്. സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചത് കമല്‍ഹാസനാണ്.

എംജിആറിന്റെ ചിത്രങ്ങളിലെ പാട്ടുകളും ഡയലോഗുകളുമായാണ് ചിത്രത്തിന്റെ പൂജ തുടങ്ങിയത്. വേലു ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഡോ. ഐശ്രീ കെ. ഗണേഷാണ് ചിത്രം നിര്‍മ്മിക്കുന്നത്. എം. അരുള്‍മൂര്‍ത്തിയാണ് സംവിധാനം.