ആറ് വര്‍ഷത്തിന് ശേഷം കാളിദാസിന്റെ തമിഴ് ചിത്രം ഒ.ടി.ടി റിലീസിന്; ‘ഒരു പക്ക കഥൈ’യുടെ റിലീസ് തിയതി പുറത്ത്

കാളിദാസ് ജയറാം നായകനാകുന്ന തമിഴ് ചിത്രം ‘ഒരു പക്കാ കഥൈ’ ഒടിടി റിലീസിന് ഒരുങ്ങുന്നു. സംവിധായകന്‍ ബാലാജി തരണീധരന്‍ ചിത്രം ആറു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റിലീസിന് ഒരുങ്ങുന്നത്. സെപ്റ്റംബര്‍ 25-ന് സീ ഫൈവ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ചിത്രം റിലീസ് ചെയ്യും. 2019-ല്‍ തന്നെ ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശങ്ങള്‍ സീ ഫൈവ് വാങ്ങിയിരുന്നു.

രജനികാന്ത് ചിത്രം പേട്ടയിലൂടെ തമിഴ് സിനിമാരംഗത്തേക്ക് എത്തിയ മേഘ ആകാശ് ആണ് ചിത്രത്തില്‍ കാളിദാസിന്റെ നായികയായെത്തുന്നത്. സ്‌കൂള്‍ പ്രണയവും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളും മെഡിക്കല്‍ സങ്കീര്‍ണ്ണതയുമൊക്കെയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

2014-ല്‍ ചിത്രീകരണം പൂര്‍ത്തിയായ ചിത്രം നിരവധി പ്രതിസന്ധികള്‍ കാരണം റിലീസ് വൈകുകയായിരുന്നു. നിര്‍മ്മാണം പൂര്‍ത്തിയായതോടെ സെന്‍സര്‍ ബോര്‍ഡിലെ പ്രശ്‌നങ്ങളിലും കുടുങ്ങി. ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചുവെങ്കിലും ഇത് യു-സര്‍ട്ടിഫിക്കറ്റ് അര്‍ഹിക്കുന്ന ചിത്രമാണെന്ന് നിര്‍മ്മാതാക്കള്‍ക്ക് തോന്നിയതിനാല്‍, അവര്‍ റിവൈസിംഗ് കമ്മിറ്റിയില്‍ പോയി യു സര്‍ട്ടിഫിക്കറ്റ് നേടുകയായിരുന്നു.

കെ.എസ് ശ്രീനിവാസന്റെ വാസന്‍ വിഷ്വല്‍ വെഞ്ചേര്‍സ് ആണ് ഒരു പക്കാ കഥൈ നിര്‍മ്മിക്കുന്നത്. പി.വി ചന്ദ്രമൗലി, ജീവ രവി, ലക്ഷ്മി പ്രിയ മേനോന്‍, മീന വെമുരി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെത്തുന്നു. സംഗീത സംവിധായകന്‍ ഗോവിന്ദ് വസന്തയുടെ തമിഴ് അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്. ഈ ചിത്രം റിലീസ് ചെയ്യാത്തതിനാല്‍ 96 സിനിമയിലെ ഗാനങ്ങളാണ് ആദ്യം പുറത്തുവന്നത്.