ധനുഷിന്റെ മാരി 2 ചിത്രീകരണം തുടങ്ങി

തമിഴ് സൂപ്പര്‍ സ്റ്റാര്‍ ധനുഷ് ഗ്യാങ്‌സ്റ്റര്‍ ആയി വേഷമിട്ട ഹിറ്റ് ചിത്രം മാരിയുടെ രണ്ടാം ഭാഗമെത്തുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. ധനുഷ് തന്നെയാണ് ഈക്കാര്യം സ്ഥിരീകരിച്ചത്. ആദ്യ ഭാഗത്തിന്റെ സംവിധായകനായ ബാലാജി മോഹനാണ് ഈ ചിത്രവും ഒരുക്കുന്നത്. മലയാള താരം ടോവിനോ തോമസാണ് ചിത്രത്തിലെ വില്ലന്‍ എന്ന പ്രത്യേകതയുമുണ്ട്.

ആദ്യ ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് ധനുഷിന്റെ നായികയായി വേഷമിട്ടത്. എന്നാല്‍ സായി    പല്ലവിയാണ് ഇത്തവണ ചിത്രത്തിലെ നായിക. ആദ്യചിത്രത്തില്‍ പ്രധാനവേഷങ്ങളെ അവതരിപ്പിച്ച റോബോ ശങ്കറും വിനോദും പുതിയ ചിത്രത്തിലുമുണ്ട്. നീണ്ട പത്തുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം യുവാന്‍ ശങ്കര്‍ രാജ ധനുഷ് ചിത്രം മാരി2വിന് സംഗീതമൊരുക്കും.

അതേസമയം മാരിയില്‍ അഭിനയിച്ചതു മുതല്‍ താന്‍ ധനുഷിന്റെ ആരാധകനായി തീര്‍ന്നുവെന്ന് സംവിധായകന്‍ ബാലാജി മോഹന്‍ വെളിപ്പെടുത്തി. മാരിയിലെ വേഷം കൈകാര്യം ചെയ്യാന്‍ സവിശേഷമായ ഒരു കഴിവ് തന്നെ അദ്ദേഹത്തിനുണ്ട് . അതിനാലാണ് അത് ജനങ്ങള്‍ ഏറ്റെടുത്തത്. രണ്ടാം ഭാഗവും വിജയകരമാകുമെന്ന് ഉറപ്പുണ്ട്. ബാലാജി മോഹന്‍ പറഞ്ഞു.