പുത്തന്‍ റെക്കോഡിട്ട് തലൈവര്‍; 24 മണിക്കൂറിനുള്ളില്‍ 80 ലക്ഷം കാഴ്ചക്കാരുമായി 'ചുമ്മാ കിഴി', യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമത്

പുത്തന്‍ റെക്കോഡുമായി രജനികാന്ത് ചിത്രം “ദര്‍ബാറി”ലെ ലിറിക്കല്‍ വീഡിയോ. “ചുമ്മാ കിഴി” എന്ന ഗാനമാണ് 24 മണിക്കൂറിനുള്ളില്‍ 80 ലക്ഷം വ്യൂസ് നേടിയത്. ഇപ്പോള്‍ ഒരു കോടി കാഴ്ചക്കാരുമായി യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമതായി തുടരുകയാണ്‌. വിജയ്‌യുടെ “ബിഗിലി”ലെ “വെറിത്തനം” എന്ന ഗാനത്തിന്റെ റെക്കോഡ് ആണ് തലൈവര്‍ തകര്‍ത്തിരിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ 61 ലക്ഷമായിരുന്നു വെറിത്തനത്തിന്റെ വ്യൂസ്.

രജനി- എസ്പിബി കൂട്ടുെകട്ടാണ് പാട്ടിന്റെ ആകര്‍ഷണം. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകര്‍ന്ന ഗാനം ആലപിച്ചത് എസ്.പി. ബാലസുബ്രഹ്മണ്യമാണ്. വിവേകിന്റേതാണ് ആണ് ഗാനത്തിന്റെ വരികള്‍. സര്‍ക്കാരി”നു ശേഷം മുരുഗദോസ് സംവിധാനം ചെയ്യുന്ന് ചിത്രമാണ് “ദര്‍ബാര്‍”. ചിത്രത്തില്‍ ആദിത്യ അരുണാചലം എന്ന പൊലീസ് ഓഫീസറായാണ് രജനികാന്ത് വേഷമിടുന്നത്.

നയന്‍താരയാണ് നായിക. സുനില്‍ ഷെട്ടി, പ്രതിക് ബബ്ബാര്‍, യോഗി ബാബു, ജീവ, പ്രകാശ് രാജ്, നിവേത തോമസ്, ദലിപ് താഹില്‍, സൂരി, ഹരീഷ് ഉത്തമാന്‍, മനോബാല, സുമന്‍, ആനന്ദരാജ്, റാവു രമേശ്, ബോസ് വെങ്കട്ട് എന്നിവരും കഥാപാത്രങ്ങളായി എത്തുന്നു. ലൈക പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം.